മാക്‌സ്‌വെൽ ഇല്ല! രണ്ടു കോടി അടിസ്ഥാന വിലയുള്ള രണ്ടു ഇന്ത്യൻ താരങ്ങൾ മാത്രം; 77 ഒഴിവിലേക്ക് 1355 താരങ്ങൾ, ഐ.പി.എൽ മിനി ലേലം 16ന്

മുംബൈ: ഈമാസം 16ന് അബൂദബിയിൽ നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തത് 1355 താരങ്ങൾ. ആസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീനടക്കം 45 താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപ പട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയുമാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.

ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടില്ല. 4.2 കോടി രൂപക്ക് പഞ്ചാബ് കിങ്സിൽ കളിച്ച മാക്സ്‍വെല്ലിനെ ഇത്തവണ ടീം ഒഴിവാക്കിയിരുന്നു. ലേലത്തിൽ നിന്ന് മാറിനിൽക്കാനുള്ള കാരണമെന്തെന്ന് താരം വ്യക്തമാക്കിയിട്ടില്ല. നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, യു.എസ്.എ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് ലേല മേശയിലെത്തുന്നത്. ഓസീസ് ക്രിക്കറ്റർ സ്റ്റീവ് സ്മിത്തും മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 മുതൽ തരം ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആരും വാങ്ങിയിരുന്നില്ല. പഞ്ചാബ് കിങ്സ് (പി.ബി.കെ.എസ്) ഇത്തവണ ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും ലേല പട്ടികയിലുണ്ട്. കഴിഞ്ഞ സീസണിൽ 23.75 കോടി രൂപക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) ടീമിലെടുത്തത്. രവി ബിഷ്ണോയിയെ ലഖ്നോ സൂപ്പർ ജയന്‍റ്സ് (എൽ.സ്.ജി) 14 കോടി രൂപക്ക് നിലനിർത്തി. ഇത്തവണ ഇരുവരെയും ടീമുകൾ ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ തവണ ആരും വാങ്ങാതിരുന്ന ഇന്ത്യൻ താരങ്ങളായ ഉമേഷ് യാദവ്, പ്രിഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവരും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്, വിൻഡീസിന്‍റെ ആന്ദ്രെ റസ്സൽ, ഇംഗ്ലീഷ് താരം മുഈൻ അലി എന്നിവർ ലേലത്തിനില്ല. ഡുപ്ലെസിസും മുഈൻ അലിയും പാകിസ്താൻ പ്രീമിയർ ലീഗിലേക്ക് ചുവടുമാറ്റിയപ്പോൾ, റസ്സൽ കൊൽക്കത്തയുടെ പരിശീലക റോളിലേക്ക് മാറി. ഓൾ റൗണ്ടർ എന്ന നിലയിൽ കാമറൂൺ ഗ്രീനായിരിക്കും മിനി ലേലത്തിലെ ഏറ്റവും വിലയേറിയ താരമെന്നാണ് വിലയിരുത്തൽ.

ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ ഒഴിവാക്കിയ ന്യൂസിലൻഡ് താരങ്ങളായ ഡെവോൺ കേൺവേ, രചിൻ രവീന്ദ്ര, ശ്രീലങ്കയുടെ മതീഷ പതിരന, വാനിന്ദു ഹസരങ്ക എന്നിവരെല്ലാം രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും (64.30 കോടി) ചെന്നൈ സൂപ്പർ കിങ്സിന്‍റെയും (43.40 കോടി) പഴ്സിലാണ് ഏറ്റവും കൂടുതൽ പണമുള്ളത്. ഏറ്റവും കുറവ് മുംബൈ ഇന്ത്യൻസിന്‍റെ (2.75 കോടി) കൈയിലും. 10 ടീമുകളിലായി 77 ഒഴിവുകളാണുള്ളത്. പരമാവധി 31 വിദേശ താരങ്ങളെ ഉൾപ്പെടുത്താനാകും.

രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങൾ;

രവി ബിഷ്ണോയി, വെങ്കടേഷ് അയ്യർ, മുജീബുർ റഹ്മാൻ, നവീനുൽ ഹഖ്, സീൻ അബോട്ട്, ആഷ്ടൺ ആഗർ, കൂപ്പർ കന്നോലി, ജാക് ഫ്രേസർ മഗ്രൂക്, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മുസ്താഫിസുർ റഹ്മാൻ, ഗസ് അറ്റ്കിൻസൺ, ടോം ബാന്‍റൺ, ടോം കുറാൻ, ലിയാൻ ഡ്വാസൺ, ബെൻ ഡക്കറ്റ്, ഡാൻ ല്വാറൻസ്, ലിയാം ലിവിങ്സ്റ്റൺ, തൈമൽ മിൽസ്, ജമീ സ്മിത്, ഫിൻ അലെൻ, മൈക്കൽ ബ്രേസ്വെൽ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹൻറി, കെയിൽ ജമീസൺ, ആദം മിൽനെ, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്കെ, രചിൻ രവീന്ദ്ര, ജെറാൾഡ് കോട്സീ, ഡേവിഡ് മില്ലർ, ലുങ്കി എങ്കിഡി, ആൻറിച് നോർട്ജെ, റൂസോ, ത്രബ്രൈസ് ഷംസി, ഡേവിഡ് വീസ്, വാനിന്ദു ഹസരങ്ക, മതീഷ പതിരന, മഹീഷ് തീക്ഷണ, ജാസൺ ഹോൾഡർ, ഷായ് ഹോപ്, അകീർ ഹുസൈൻ, അൽസാരി ജോസഫ്.  

Tags:    
News Summary - 1355 Players Register For IPL Auction, Only Two Indians Set Highest Base Price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.