സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ വെള്ളിമെഡൽ നേടുന്ന കെ. അജിത്ത്

മുഖ്യമന്ത്രി അറിയണം അജിത്തിന്‍റെ വേദന, വീടിനുള്ള അപേക്ഷയാണ് ഈ മെഡലുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമിരിക്കുന്ന നിയമസഭയിൽനിന്ന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിന്‍റെ ട്രാക്കിലേക്കുള്ള ദൂരം കേവലം 450 മീറ്ററാണ്. ഈ ട്രാക്കിലെ ഹാമർ പാഡിൽനിന്ന്അജിത്തിനുവേണ്ടത് മെഡലുമാത്രമല്ല, ഒരു വാർത്തയാണ്. ആകാശത്ത് മഴക്കാറുകാണുമ്പോൾ നെഞ്ചുപിടിക്കുന്ന ഒരു പട്ടികവർഗ വിദ്യാർഥിയുടെ പരാതി അജിത്തിന് മുഖ്യമന്ത്രിയോട് പറയണം. മെഡൽ നേടി പത്രത്തിൽ വാർത്ത വന്നാൽ എല്ലാം ശരിയാകുമെന്ന് കൂട്ടുകാർ പറഞ്ഞിരുന്നു.

അങ്ങനെയാണ് മലപ്പുറം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് എച്ച്.എസ്.എസിലെ ഈ മിടുക്കൻ 64ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് മെഡലുകൾ എറിഞ്ഞിട്ടത്. ജൂനിയർ വിഭാഗം ഷോട്ട് പുട്ട്, ഡിസ്കസ് ത്രോയിൽ ഇനങ്ങളിൽ വെള്ളിയും ഹാമർത്രോയിൽ വെങ്കലുമാണ് ഈ പ്ലസ് വൺകാരന്‍റെ സമ്പാദ്യം. മുഖ്യമന്ത്രിയോടുള്ള അജിത്തിന്‍റെ അപേക്ഷകളാണ് ഈ മെഡലുകൾ.

ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിലാണ് രോഗിയായ മാതാപിതാക്കളും പറക്കമുറ്റാത്ത രണ്ടു സഹോദരങ്ങളുമായുള്ള അജിത്തിന്‍റെ ജീവിതം. കൂലിപ്പണിക്കാരനായ പിതാവ് രാമചന്ദ്രനും മാതാവ് ശാന്തയും വർഷങ്ങൾ മുണ്ട് മുറുക്കിയുടുത്ത് മണ്ണിൽ ചോര വിയർപ്പാക്കിയ പണംകൊണ്ടാണ് ആറുവർഷം മുമ്പ് 11 ലക്ഷം രൂപക്ക് ഏറനാട് കീഴുപറമ്പ് തൃക്കളയൂരിൽ ചെറിയൊരു വീട് പണിതത്.

ഇന്നും അതിന്‍റെ കടങ്ങൾ ബാക്കിയാണ്. വീട് പണി പകുതിയായപ്പോഴാണ് 2018ലെ പ്രളയം വീടിന്‍റെ അടിത്തറ ഇളക്കിയത്. മുൻഭാഗം പൂർണമായി ഇടിഞ്ഞു. ചുമരുകൾ വിണ്ടുകീറി ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലെത്തി. വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഒന്നും പഞ്ചായത്തിൽനിന്ന് ലഭിച്ചില്ല. സഹായത്തിനായി കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല. ഇതിനിടയിലാണ് രാമചന്ദ്രനും ശാന്തക്കും രോഗങ്ങൾ പിടിപെടുന്നത്.

ഓരോ മഴയിലും മുൻവശത്തെ മണ്ണ് ഒലിച്ചുപോകുന്നതോടെ വീട് അടിയന്തരമായി ഒഴിയണമെന്നുമുള്ള റിപ്പോർട്ടാണ് നവംബറിൽ ജിയോളജി വകുപ്പ് കലക്ടർക്ക് നൽകിയത്. ഇതോടെ രോഗികളായ മാതാപിതാക്കളും 10ലും ആറിലും പഠിക്കുന്ന സഹോദരങ്ങളുമായി താൻ എവിടേക്ക് പോകുമെന്ന് അജിത്ത് ചോദിക്കുന്നു.

അടിയന്തരമായി കുടുംബത്തിനും വീട് അനുവദിക്കണമെന്ന് കലക്ടർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചുവപ്പുനാടയിൽ ഫയൽ കുടുങ്ങി. തന്‍റെ ഈ പരാതി മുഖ്യമന്ത്രി കാണുമെന്ന വിശ്വാസം ഈ കൗമാരതാരത്തിനുണ്ട്. പക്ഷേ, നടപടി വൈകിയാൽ ഒരുമഴ കൂടി താങ്ങാനുള്ള ശേഷി ആ വീടിനുണ്ടോയെന്ന് അജിത്തിനറിയില്ല.

Tags:    
News Summary - Chief Minister should know Ajith's pain, These medals are the home application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT
access_time 2024-05-05 02:12 GMT