ഏഷ്യൻ ഗെയിംസ്: ഭക്ഷണമില്ല, താമസസൗകര്യത്തിനായി മണിക്കൂറുകളോളം കാത്തിരിപ്പ്; ഇന്ത്യൻ താരങ്ങൾ പ്രതിസന്ധിയിൽ

ടോക്യോ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായിക താരങ്ങളുടെ താമസസൗകര്യത്തിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. മത്സരങ്ങൾക്കായി ജപ്പാനിലെത്തിയ താരങ്ങൾക്ക് 14 മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് താമസസൗകര്യം ലഭ്യമായതെന്നാണ് പരാതികൾ ഉയരുന്നത്. ബുക്ക് ചെയ്തിരുന്ന പലരുടേയും മുറികൾ റദ്ദാക്കപ്പെട്ടുവെന്നും ലഭ്യമായ മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടി വന്നുവെന്നും ചിലർക്ക് താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറേണ്ടി വന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ സംഘത്തിൽ ഏറെ പ്രതിസന്ധി നേരിട്ടത് തുഴച്ചിൽ സംഘത്തിനും ഷൂട്ടിങ് താരങ്ങൾക്കുമാണ്. 22 അംഗങ്ങളുള്ള പുരുഷ തുഴച്ചിൽ സംഘത്തിലെ മൂന്ന് താരങ്ങൾക്ക് മാത്രമാണ് താമസസൗകര്യം ലഭിച്ചത്. അംഗീകാരമുള്ള അഞ്ച് വനിത താരങ്ങളിൽ മൂന്ന് പേരുടെ വിവരം സംഘാടകരുടെ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും റോയിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ആർ‌.എഫ്‌.ഐ) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, ഭക്ഷണവും താമസസൗകര്യവും ലഭിക്കാൻ തുഴച്ചിൽ താരങ്ങൾക്ക് ആറ് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നെന്നും പരാതി ഉയരുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി 9 മണിയോടെ നഗോയ വിമാനത്താവളത്തിലെത്തിയ ഷൂട്ടിംഗ് സംഘവും വലിയ പ്രതിസന്ധി നേരിട്ടു. വിമാനത്താവളത്തിൽ നിന്ന് യാത്രക്കായി വാഹനം ലഭിക്കാൻ മൂന്ന് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്ന ടീം പുലർച്ചെ 4 മണിയോടെയാണ് ഹോട്ടലിലെത്തിയത്. വിമാനത്താവളത്തിൽ ഭക്ഷണവും ലഭ്യമായിരുന്നില്ലെന്ന് താരങ്ങൾ പറഞ്ഞു. ഇന്ത്യൻ പിസ്റ്റൾ ഷൂട്ടിങ് കോച്ച് സമരേഷ് ജംഗിന്റെ അക്രഡിറ്റേഷനിൽ പിഴവുണ്ടായതിനാൽ മത്സരവേദിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ.ആർ.എ.ഐ) ഇടപെട്ട് ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.

ഇന്ത്യൻ താരങ്ങൾക്ക് പുറമെ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളും സമാനമായ പ്രതിസന്ധി നേരിട്ടു. നേരത്തെ, ജപ്പാനിലെ താമസൗകര്യത്തിനെ ഇതുവരെയുള്ളതിൽ ഏറ്റവും മോശം എന്ന് വിശേഷിപ്പിച്ച് ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Asian Games: Indian players in Japan wait hours at airport without rooms and food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.