മെസ്സിയില്ലെങ്കിൽ കളി മറക്കുന്ന അര്‍ജന്‍റീന

കൊര്‍ദോബ: മെസ്സിയില്ലാത്ത അര്‍ജന്‍റീനക്ക് ഫുട്ബാളില്ളെന്നത് കാല്‍പന്തുലോകത്തെ ചൊല്ല് മാത്രമല്ളെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടു. കളിക്കളത്തില്‍ പന്തുതട്ടാന്‍ സൂപ്പര്‍താരമില്ളെങ്കില്‍ അര്‍ജന്‍റീനക്ക് താളമില്ല, തന്ത്രമില്ല. നീക്കങ്ങള്‍ക്കാവട്ടെ പൂര്‍ണതയുമില്ല. കേവലമൊരു ആരാധക  അതിഭാവുകത്വങ്ങളെന്ന് എഴുതിത്തള്ളാന്‍ വരട്ടെ. കഴിഞ്ഞ നാളുകളില്‍ അര്‍ജന്‍റീന ഫുട്ബാളിന്‍െറ കുമ്മായവരക്ക് പുറത്തെ ചര്‍ച്ചകള്‍ ഇങ്ങനെയൊക്കെയാണ്. ദേശീയ ടീമില്‍ ഒരുപിടി താരങ്ങള്‍ ഉണ്ടെങ്കിലും മെസ്സിയില്ളെങ്കില്‍ അര്‍ജന്‍റീന കളിയും മറന്നുപോകുമെന്നായി ഇപ്പോഴത്തെ പതിവ്. 

ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ പരഗ്വേക്കെതിരെയിറങ്ങിയ ടീമില്‍ മെസ്സിയുടെ കുറവേ കണ്ടിരുന്നുള്ളൂ. ക്ളബ് ഫുട്ബാളില്‍ സ്വന്തം മേല്‍വിലാസങ്ങള്‍ സൃഷ്ടിച്ച നിരവധി പേര്‍ കോച്ച് എഡ്ഗാര്‍ഡോ ബൗസയുടെ പ്ളെയിങ് ഇലവനില്‍ ഇടംപിടിച്ചു. സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെ്ന്‍, നികോളസ് ഗാറ്റ്ലിന്‍, ഹാവിയര്‍ മഷറാനോ, എവര്‍ ബനേഗ, മാര്‍കസ് റോഹോ, ഗോള്‍ പോസ്റ്റിനു കീഴെ സെര്‍ജിയോ റൊമീറോയും. എന്നിട്ടും, അര്‍ജന്‍റീന പരഗ്വേയോട് 1-0ത്തിന് തോറ്റ് തരിപ്പണമായി. കളിയുടെ 18ാം മിനിറ്റില്‍ വിങ്ങിലൂടെ കുതിച്ച് ഡെര്‍ലിസ് ഗോണ്‍സാലസ് നടത്തിയ ഏകാംഗ മുന്നേറ്റത്തില്‍ അര്‍ജന്‍റീന വലകുലുങ്ങിയെങ്കിലും തിരിച്ചടിക്കാന്‍ അവസരങ്ങള്‍ ഏറെയുണ്ടായിരുന്നു. പക്ഷേ, ഒരിക്കല്‍പോലും പരഗ്വേ ഗോള്‍വല ഇളകിയില്ല. 47ാം മിനിറ്റില്‍ റഫറിയുടെ നല്ലമനസ്സ് അര്‍ജന്‍റീനക്ക് അനുകൂലമായ പെനാല്‍റ്റിക്ക് വകയൊരുക്കി. എന്നാല്‍, അഗ്യൂറോയുടെ ദുര്‍ബലമായ ഷോട്ട് ഗോളിയുടെ കൈപ്പിടിയിലൊതുങ്ങിയതോടെ സമനില പ്രതീക്ഷകള്‍ പിഴച്ചു.  അവസാന മിനിറ്റുവരെ ഏതു നിമിഷവും സമനിലയെന്ന നിലയില്‍ കളി മുറുകിയെങ്കിലും ഹിഗ്വെ്നും അഗ്യൂറോയുമെല്ലാം പുറത്തേക്കടിക്കാന്‍ മത്സരിച്ചു. തുടര്‍ച്ചയായി രണ്ടു സമനിലകള്‍ക്കൊടുവില്‍ തോല്‍വികൂടിയായതോടെ തെക്കനമേരിക്കന്‍ പോയന്‍റ് പട്ടികയില്‍ അര്‍ജന്‍റീനയുടെ സ്ഥാനം അഞ്ചാമതായി. 10 കളിയില്‍ നാല് ജയവും സമനിലയുമായി 16 പോയന്‍റാണ് ടീമിന്.  
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.