വീഴ്ചകള്‍, വാഴ്ചകള്‍

വന്‍ വീഴ്ചകളുടെ വാരമായിരുന്നു പലര്‍ക്കും. ഇംഗ്ളണ്ടിലും സ്പെയിനിലും ഇറ്റലിയിലുമെല്ലാം കരുത്തന്മാര്‍ തലകുനിച്ചുനിന്നു, കുഞ്ഞന്‍മീനുകള്‍ക്ക് മുന്നില്‍. എന്നാല്‍, അങ്ങ് ജര്‍മനിയില്‍ വാഴ്ചയുടെ ആഘോഷമാണ് കണ്ടത്. തോല്‍വിയും പരിക്കിന്‍െറ വേദനയും കുത്തിനോവിച്ചു പലരെയും. അക്കൂട്ടത്തില്‍ വീഴ്ചയുടെ നൊമ്പരം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത് യൂറോപ്യന്‍ ഫുട്ബാളിലെ നിലവിലെ ചക്രവര്‍ത്തിമാരായ ബാഴ്സലോണയാണ്. ആഴ്ചയിലെ മധ്യത്തില്‍ നടന്ന ലാ ലിഗ പോരില്‍ സെല്‍റ്റ ഡി വിഗയോട് നാണംകെട്ട തോല്‍വിയുമായി തലകുനിച്ച സ്പാനിഷ് ചാമ്പ്യന്മാര്‍, ആഴ്ചക്കൊടുവില്‍ ലാസ് പാല്‍മാസിനെതിരെ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പരിക്കിന്‍െറ രൂപത്തിലും വെള്ളിടി ഏറ്റുവാങ്ങി. ഗുരുതരമാണ് രണ്ട് വീഴ്ചയും. ആദ്യത്തേതില്‍ 4^1ന്‍െറ തോല്‍വി മാത്രമായി ഒതുങ്ങിയില്ല. ലീഗിന്‍െറ തലപ്പത്തുനിന്ന് താഴേക്കും ലൂയിസ് എന്‍റിക്കിന്‍െറ ടീം വീണു. മെസ്സിയുടെ കാലിലെ പരിക്ക് സമ്മാനിച്ചത് എട്ടാഴ്ചത്തെ അനിശ്ചിതത്വം.



റോബര്‍ട്ട് ലെവന്‍ഡോസ്കിയെന്ന താരത്തിന്‍െറ ബൂട്ടുകളുടെ ‘കില്ലിങ് പവര്‍’ സ്വന്തം പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെപ്പോലും അതിശയിപ്പിച്ച ആഴ്ചയാണ് കടന്നുപോയത്. സമീപഭാവിയില്‍ വലിയ എതിരാളിയായി ഉയര്‍ന്നുവരുന്ന വോള്‍ഫ്സ്ബുര്‍ഗിനെ മധ്യ ആഴ്ചയിലെ മത്സരത്തില്‍ 5^1ന് ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക് തച്ചടുക്കി. ആ അഞ്ചു വലകുലുക്കലിനൊപ്പവും ഉയര്‍ന്നത് ലെവന്‍ഡോസ്കി എന്ന പേരുമാത്രം. പകരക്കാരനായത്തെിയ പോളണ്ട് താരം നടത്തിയ ആ സംഹാരം കണ്ട് വാപൊളിച്ചുനില്‍ക്കുകയായിരുന്നു ഗ്വാര്‍ഡിയോള. അവിടംകൊണ്ടും അരിശം തീര്‍ന്നില്ല എന്നതുപോലെ അടുത്ത മത്സരത്തിലും ലെവന്‍ഡോസ്കി അടിച്ചു, രണ്ടെണ്ണം. ഒപ്പം ബുണ്ടസ് ലിഗയില്‍ സ്വന്തം പേരില്‍ ‘ഗോള്‍ സെഞ്ച്വറിയും’ കുറിച്ചു ആ പോളണ്ടുകാരന്‍.

സിറ്റിക്കും കഷ്ടകാലം
ചാമ്പ്യന്‍ ചെല്‍സിയുടെ വീഴ്ചയില്‍ തുടങ്ങിയ പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച ജയങ്ങളുമായി മുന്നേറുകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍, ജയവും സമനിലയുമൊക്കെയായി ചെല്‍സി പച്ചപിടിച്ചുതുടങ്ങിയപ്പോള്‍ ഈ വാരം കഷ്ടകാലം സിറ്റിയിലേക്ക് വണ്ടിപിടിച്ചു. വെസ്റ്റ്ഹാമിനോട് 2^1നും ടോട്ടന്‍ഹാം ഹോട്സ്പറിനോട് 4^1നും അവര്‍ മുട്ടുകുത്തി. ഇതോടെ, ലീഗ് തലപ്പത്തുനിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി വഴിമാറിക്കൊടുത്തിരിക്കയാണ് മാന്യുവല്‍ പെല്ലിഗ്രിനിയുടെ സിറ്റിക്കൂട്ടം. അലക്സിസ് സാഞ്ചസിന്‍െറ ഹാട്രിക്കിന്‍െറ ആഹ്ളാദമാണ് ആഴ്സനല്‍ കോട്ടയില്‍ ആഹ്ളാദവാരം തീര്‍ത്തത്.



സ്പെയിനില്‍ അത്ലറ്റികോ മഡ്രിഡിനെ വീഴ്ത്തി, പോയന്‍റ് പട്ടികയിലെ നേതാക്കളായി ആഴ്ച അവസാനിപ്പിച്ചത് വിയ്യാറയലാണ്. ബാഴ്സയുടെ തോല്‍വിയും റയല്‍ മഡ്രിഡിന്‍െറ സമനിലയും അവരുടെ മുന്നേറ്റത്തിന് വഴിയൊരുക്കി. റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കാതെ നിശ്ശബ്ദമായിരുന്നു ഈ ആഴ്ച.



ഇറ്റലിയില്‍ ചാമ്പ്യന്‍ യുവന്‍റസിന്‍െറ മുട്ടുകുത്തലിന് മാറ്റമൊന്നുമില്ല. ഒന്നു സ്ഥിതി മെച്ചപ്പെടുത്തിവന്നപ്പോഴേക്കും നാപോളിയോടും തോറ്റ് പോയന്‍റ് നിലയില്‍ താഴേക്കിടയില്‍തന്നെയാണ് യുവന്‍റസിന്‍െറ കിടപ്പ്. തോല്‍വികളില്‍ കൂട്ടായി എ.സി മിലാനും പോയന്‍റ്നിലയിലെ ഒന്നാമനായിരുന്ന ഇന്‍റര്‍ മിലാനും ചേര്‍ന്നത് മാത്രമാണ് പിന്നെ ഒരു ‘ആശ്വാസം’.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.