ബാഴ്സയുടെ 'വിധി' എന്താകും..?

സ്പാനിഷ് ഫുട്ബാള്‍ ലോകം ആശങ്കയിലാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയുയര്‍ത്തി കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ വിജയം കൊയ്തതോടെയാണിത്. സ്പാനിഷ് പോരാട്ടഭൂമികയും യൂറോപ്യന്‍ തട്ടകവും കാല്‍ക്കീഴിലാക്കിയ ബാഴ്സലോണയുടെ ചുവപ്പും നീലയും കലര്‍ന്ന കുപ്പായത്തെ ലാ ലിഗയില്‍ കാണാനാകുമോ എന്നത് സംബന്ധിച്ച് കായിക ലോകം ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. സ്പാനിഷ് ലാ ലിഗയുടെ ശക്തിബിംബങ്ങളില്‍ ഒന്നായ ഈ ചാമ്പ്യന്‍കൂട്ടം കാറ്റലോണിയ എന്ന ദേശീയതയിലാണ് കഴിയുന്നത്. ഇപ്പോള്‍ ആ അസ്തിത്വം വലിയൊരു വഴിത്തിരിവിന്‍െറ വക്കിലാണ്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കാറ്റലോണിയന്‍ മുറവിളി ഉച്ചസ്ഥായിയിലായിരിക്കുന്ന ഈ ഘട്ടത്തില്‍ ബാഴ്സലോണയുടെ ഭാവിയെന്താകുമെന്ന ഉത്കണ്ഠയിലാണ് ഫുട്ബാള്‍ ലോകം.



സ്പെയിനില്‍നിന്ന് വിഭജനം എന്ന ആവശ്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ പാര്‍ട്ടികള്‍ ആദ്യമായി കൈകോര്‍ത്താണ് ജനവിധി തേടിയത്. ഭൂരിപക്ഷം നേടിയാല്‍ 18 മാസങ്ങള്‍ക്കകം സ്വാതന്ത്ര്യം എന്നതാണ് വാഗ്ദാനം. ഫലപ്രവചനം അനുകൂലമായതോടെ കാറ്റലോണിയയുടെ സംസ്കാരം ഹൃദയത്തില്‍ പേറുന്ന ബാഴ്സയും അവരുടെ തട്ടകമായ ന്യൂകാംപും ലാ ലിഗയോട് വിട പറയേണ്ടി വന്നേക്കും. കാറ്റലോണിയ എന്ന വികാരത്തില്‍ കവിഞ്ഞതൊന്നും അവര്‍ക്കില്ല. എല്ലാ ആഴ്ചയും ന്യൂകാംപില്‍ മുഴങ്ങുന്ന ആയിരങ്ങളുടെ മുറവിളി കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തിനുള്ളതാണ്. പ്രിയ താരം ലയണല്‍ മെസ്സിയുടെ പേരുപോലും അത്രയേറത്തെവണ അന്തരീക്ഷത്തിലുയര്‍ന്നിട്ടുണ്ടാകില്ല.



കാറ്റലോണിയന്‍ നിറങ്ങളില്‍ കുളിച്ച ന്യൂകാംപാണ് ലോകമെമ്പാടുമുള്ള ബാഴ്സ പ്രേമികള്‍ക്ക് കാഴ്ചവിരുന്നൊരുക്കാറ്. അടുത്തിടെ നടന്ന സ്പാനിഷ് കപ്പ് ഫൈനലില്‍ സ്പെയിനിന്‍െറ ദേശീയഗാനം കാണികള്‍ കൂവലോടെയാണ് എതിരേറ്റത്. അതിന് ക്ളബ് നല്‍കേണ്ടിവന്നത് 74,000 ഡോളര്‍ പിഴയാണ്. വിഭജനം ആഗ്രഹിക്കാത്ത ആരാധകര്‍ ഒറ്റപ്പെട്ട കൂട്ടങ്ങളാണവിടെ. സ്വാതന്ത്ര്യം തീരുമാനിക്കുന്നതിന് റഫറണ്ടം വേണമെന്ന ചിന്ത കളിക്കാരുടെ ഡ്രസിങ് റൂമിലും സജീവമാണ്.



സമ്പന്നമായ കാറ്റലോണിയ പ്രദേശം സ്പെയിനിലെ ദരിദ്ര മേഖലകള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്വാതന്ത്ര്യ നീക്കങ്ങളില്‍ കലാശിച്ചത്. സ്വന്തമായി ഭാഷയും സംസ്കാരവുമുള്ള കാറ്റലോണിയക്ക് മഡ്രിഡ് അര്‍ഹമായ പരിഗണന നല്‍കാത്തതിലുള്ള പ്രതിഷേധമാണ് സ്വാതന്ത്യവാദമുയരാന്‍ കാരണം. സാമ്പത്തിക മാന്ദ്യം ബാധിച്ച സമയത്ത് കാറ്റലോണിയയെ സ്വതന്ത്രമാക്കണമെന്ന വികാരം ശക്തമായിരുന്നു. ബ്രിട്ടനിലെ സ്കോട്ട്ലന്‍ഡ്, കാനഡയിലെ ക്യൂബെക് എന്നീ പ്രവിശ്യകളുടെ മാതൃകയില്‍ ഹിതപരിശോധന നടത്താനുള്ള നീക്കം മഡ്രിഡ് തടഞ്ഞതോടെയാണ് പ്രാദേശിക തെരഞ്ഞെടുപ്പിനെ ഹിതപരിശോധനക്കു തുല്യമാക്കി മാറ്റാന്‍  സ്വാതന്ത്ര്യവാദികള്‍ തീരുമാനിച്ചത്.



സ്വാതന്ത്ര്യവാദികളുടെ നേതാവായി പരിഗണിക്കപ്പെടുന്ന ആര്‍തര്‍ മാസിന്‍െറ കണ്‍വെര്‍ജന്‍സ് പാര്‍ട്ടിയും എസ്ക്വറ റിപ്പബ്ളിക്കാനയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 135 അംഗ സഭയില്‍ 68 സീറ്റ് നേടിയാല്‍ 18 മാസത്തിനകം സ്വാതന്ത്ര്യ പ്രഖ്യാപനമെന്നായിരുന്നു വാഗ്ദാനം. 135 സീറ്റുകളില്‍ 72 എണ്ണം സ്വാതന്ത്ര്യാനുകൂല കക്ഷികള്‍ സ്വന്തമാക്കി. പ്രസിഡന്‍റ് ആര്‍തര്‍ മാസിന്‍െറ ജൂണ്ട് പെര്‍ സീ സഖ്യം 62 സീറ്റുകളും വിഭജനാനുകൂലികളായ ഇടതു പാര്‍ട്ടി പോപുലര്‍ യൂനിറ്റി കാന്‍ഡിഡസി (സി.യു.പി) പത്ത് സീറ്റുകളും നേടി. ഇരു സഖ്യങ്ങളും ചേര്‍ന്ന് പാര്‍ലമെന്‍റ് രൂപവത്കരിച്ച് വിഭജനത്തിനായുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. സീറ്റുകളില്‍ ഭൂരിപക്ഷമുണ്ടെങ്കിലും 47.9 ശതമാനം വോട്ട് നേടുവാനേ സ്വാതന്ത്ര്യവാദികള്‍ക്കായുള്ളുവെന്നത് വെല്ലുവിളിയാകും.



കാറ്റലോണിയയെ സ്പെയിനില്‍നിന്ന് വേര്‍പെടുത്താന്‍ നേരിട്ടുള്ള ഹിതപരിശോധനക്ക് സ്പാനിഷ് ഭരണകൂടം അനുവാദം നല്‍കാതിരുന്നതിനാല്‍ സ്വാതന്ത്ര്യവാദികള്‍ പ്രാദേശിക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ ബദല്‍ ഹിതപരിശോധനയായി പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്യനീക്കവുമായി മുന്നോട്ടുപോകാന്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതായി പ്രസിഡന്‍റ് ആര്‍തസ് മാസ് വ്യക്തമാക്കുകയും ചെയ്തു. 'ഇത് ഇരട്ട വിജയമാണ്. സ്വാതന്ത്ര്യവാദവും ജനാധിപത്യവും വിജയിച്ചിരിക്കുന്നു' ബാഴ്സലോണയില്‍ വിജയാഹ്ളാദ പ്രകടനത്തിനിടെ മാസ് പറഞ്ഞു. അതേസമയം, വോട്ടിങ് ശതമാനത്തില്‍ ഭൂരിപക്ഷമില്ലാത്തത് പൊതുവികാരം ഏകീകൃത രാജ്യത്തിനൊപ്പമാണെന്ന് തെളിയിക്കുന്നുവെന്ന് സ്പെയിന്‍ പ്രധാനമന്ത്രി മരിയാനോ റക്സോയിയുടെ പ്രതികരണം. കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ നടത്തുന്ന ഏതൊരു നീക്കത്തെയും കോടതിയില്‍ ചെറുത്തു തോല്‍പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എക്കാലത്തും കാറ്റലന്‍ സ്വാതന്ത്ര്യത്തിന് കൊടിവീശിയിട്ടുള്ള ബാഴ്സലോണ ക്ളബ് തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. രാഷ്ര്ടീയവുമായി ഒരു ബന്ധവുമില്ളെ ന്നാണ് ക്ളബ് പ്രസിഡന്‍റ് ജോസെപ് മരിയ ബര്‍തോമ്യു പ്രസ്താവിച്ചത്.



എങ്കില്‍ പോലും സ്പെയിനില്‍നിന്ന് കാറ്റലോണിയ വേര്‍പെട്ടാല്‍ ഫുട്ബാള്‍ ചക്രവര്‍ത്തിമാര്‍ ത്രിശങ്കുവിലാകുമെന്നുറപ്പ്. ലിഗയുടെ നിലവാരവുമായി ഒപ്പമുണ്ടാകുക എസ്പാന്യോള്‍ ക്ളബ് മാത്രമാകും. ബാഴ്സ പുറത്തു പോവുകയാണെങ്കില്‍ നഷ്ടം ലാ ലിഗക്കാണ്. ഫുട്ബാള്‍ ലോകത്തെ ഏറ്റവും വരുമാനമുള്ള മത്സരമായ റയല്‍^ബാഴ്സ എല്‍ ക്ളാസിക്കോ ഇല്ലാതെയാകും. കാറ്റലോണിയന്‍ - സ്പാനിഷ് ദേശീയത നിറച്ചു വെച്ച ക്ളബ് കുടിപ്പകയാണ് ലാ ലിഗയുടെ ഏറ്റവും ആകര്‍ഷകത്വം. ബാഴ്സ ഇല്ലാതായാല്‍ റയല്‍ മഡ്രിഡിന്‍െറ മൂല്യവും ഇടിയും. എല്‍ ക്ളാസിക്കോയുടെ കുറഞ്ഞ ടിക്കറ്റ് വില: 111 യൂറോ (ഏകദേശം 8000 രൂപ), കൂടിയത് 1000 യൂറോ ( ഏകദേശം 72,000 രൂപ)..ഇങ്ങനെ പോകുന്നു ടിക്കറ്റ് നിരക്കുകള്‍. ഓരോ വര്‍ഷവും 36 ശതമാനം അധികം ഡിമാന്‍ഡാണ് ഒരു എല്‍ ക്ളാസിക്കോ ടിക്കറ്റിനുണ്ടാകുന്നത്. മല്‍സരത്തില്‍ ആദ്യ ഇലവനിലിറങ്ങുന്ന താരങ്ങളുടെ ആകെ മൂല്യം ഏകദേശം 930 ദശലക്ഷം യൂറോ വരും..! നൂറോളം രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന എല്‍ ക്ളാസിക്കോ മല്‍സരങ്ങള്‍ ഏകദേശം 50 കോടി ജനങ്ങളാണ് കാണുന്നത്. എല്‍ ക്ളാസിക്കോ മത്സരങ്ങളെ മുന്നില്‍ കണ്ടിറക്കുന്ന പ്രത്യേക ജഴ്സികളിലൂടെയും സ്മരണികകളിലൂടെയും ലഭിക്കുന്ന വരുമാനം വേറെയും.!



സ്പെയിന്‍ പാര്‍ലമെന്‍്റില്‍ പ്രത്യേക നിയമം പാസാക്കിയെടുക്കാന്‍ സാധിച്ചാല്‍ ലാ ലിഗയില്‍ നില നില്‍ക്കാന്‍ ബാഴ്സക്കു കഴിയും. സ്പെയിനിലല്ലാഞ്ഞിട്ടും അന്‍ഡോറ എഫ്.സി ലാ ലിഗയില്‍ മല്‍സരിക്കുന്നത് ഇങ്ങനെയാണ്. കാനഡയിലെ ടീമുകള്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലും എ.എസ് മൊണാക്കോ ഫ്രഞ്ച് ലീഗിലും മല്‍സരിക്കുന്നതു പോലെ ബാഴ്സക്കും ലാലിഗയില്‍ തുടരാനായേക്കുമെന്നാണ് ഫുട്ബാള്‍ ലോകം പ്രതീക്ഷിക്കുന്നത്.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.