സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് അണ്ടർ 18 ആൺ ലോങ്ജംപിൽ സ്വർണം നേടിയ ഡോൺ മാർട്ടിൻ (മലപ്പുറം)
സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റ്; ഇഞ്ചോടിഞ്ച് പാലക്കാടും മലപ്പുറവും
കൊല്ലം: എഴുപതാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റ് മൂന്ന് ദിനം പിന്നിട്ടപ്പോൾ പോരാട്ടം ഇഞ്ചോടിഞ്ച്. നിലവിലെ ജേതാക്കളായ പാലക്കാട് ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരവെ, വൻ വെല്ലുവിളിയോടെ തൊട്ടുപിന്നിൽ മലപ്പുറവും കുതിക്കുന്നതാണ് തിങ്കളാഴ്ച കണ്ടത്. 307 പോയന്റുമായി ഒന്നാം സ്ഥാനത്താണ് പാലക്കാടൻ കരുത്ത്. 11 സ്വർണവും 18 വെള്ളിയും 14 വെങ്കലും ഇതുവരെ നേടി. രണ്ടാം സ്ഥാനക്കാരായ മലപ്പുറമാകട്ടെ ഒട്ടും വിട്ടുകൊടുക്കാതെ പോരാടുകയാണ്. 305 പോയന്റുമായി പാലക്കാടിന് ശക്തമായ വെല്ലുവിളിയാണ് ഇവർ ഉയർത്തുന്നത്. ഒമ്പത് സ്വർണവും 17 വെള്ളിയും 19 വെങ്കലവുമാണ് മലപ്പുറം നേടിയത്.
കിരീടപ്പോരാട്ടം അവസാന ദിനത്തിൽ കൂടുതൽ ആവേശഭരിതമാക്കുന്ന മത്സരമാണ് പാലക്കാടും മലപ്പുറവും കാഴ്ചവെക്കുന്നത്. മൂന്നാം സ്ഥാനത്ത് തിരുവനന്തപുരമാണ്. 246 പോയന്റാണ് ഇതുവരെ നേടിയത്. 13 സ്വർണവും 11 വെള്ളിയും 13 വെങ്കലവുമാണ് ഇതുവരെയുള്ള സമ്പാദ്യം.
അഞ്ച് പുതിയ മീറ്റ് റെക്കോഡുകൾ തിങ്കളാഴ്ച പിറന്നു. അണ്ടർ 16 പെൺകുട്ടികളുടെ 4x100 മീറ്റർ റിലെ, അണ്ടർ 16 ആൺകുട്ടികളുടെ 4x100 മീറ്റർ റിലെ, അണ്ടർ 18 ആൺകുട്ടികളുടെ 4x100 മീറ്റർ റിലെ എന്നിവയിലും അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടവും 5000 മീറ്റർ നടത്തവും പുതിയ റെക്കോഡ് സമയങ്ങൾ സ്വന്തമാക്കി.
പാലക്കാടാണ് അണ്ടർ 16 പെൺകുട്ടികളിൽ പുതിയ സമയം കുറിച്ചത്. അണ്ടർ 16 ആൺകുട്ടികളിൽ തിരുവനന്തപുരവും അണ്ടർ 18 ആൺകുട്ടികളിൽ തൃശൂരും റിലെയിൽ മീറ്റ് റെക്കോഡ് നേടി. അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്ററിൽ പത്തനംതിട്ടക്കായി ഇറങ്ങിയ ജെ. നിവേദ് കൃഷ്ണ 10.72 സെക്കൻഡിന്റെ പുതിയ സമയം കുറിച്ചു. 5000 മീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ ലാൽ കൃഷ്ണ ഷിബു 21 മിനിറ്റ് 55.94 സെക്കൻഡ് സമയത്തിന്റെ റെക്കോഡ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.