താമസം ആഡംബര കപ്പലിൽ; നാഗോയ തുറമുഖത്ത് നങ്കൂരമിട്ട് ‘കോസ്റ്റ സെറീന’

ടോക്യോ: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി, 2026 ഐച്ചി-നാഗോയ ഗെയിംസിനായി പരമ്പരാഗത രീതിയിലെ വിപുലമായ ‘അത്‌ലറ്റ്‌സ് വില്ലേജ്’ നിർമിച്ചില്ല. ചെലവ് ചുരുക്കുന്നതിനും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമായി ആഡംബര ക്രൂയിസ് കപ്പൽ, കണ്ടെയ്നർ ഹട്ടുകൾ (കണ്ടെയ്നറുകൾ കൊണ്ടുണ്ടാക്കിയ താൽക്കാലിക വീടുകൾ), പ്രാദേശിക ഹോട്ടലുകൾ എന്നിവയിലാണ് കായികതാരങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

‘കോസ്റ്റ സെറീന’ എന്ന ഇറ്റാലിയൻ ആഡംബര ക്രൂയിസ് കപ്പൽ നാഗോയ തുറമുഖത്ത് ചൊവ്വാഴ്ച നങ്കൂരമിട്ടു. ഏകദേശം 1,500 കാബിനുകളുള്ള കപ്പലിൽ 4,000 മുതൽ 4,600 വരെ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും താമസിക്കാം. റസ്റ്റാറന്റുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, മറ്റു വിനോദ സൗകര്യങ്ങൾ എന്നിവ ഈ കപ്പലിൽ ലഭ്യമാണ്. തുറമുഖത്തിന് സമീപമുള്ള ഗാർഡൻ പിയറിൽ ഷിപ്പിങ് കണ്ടെയ്നറുകൾ പരിഷ്കരിച്ച് താൽക്കാലിക മുറികൾ നിർമിച്ചിട്ടുണ്ട്. ഏകദേശം 2,400 പേർക്ക് ഇവിടെ താമസിക്കാം. ഈ കണ്ടെയ്നർ മുറികൾക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്. കട്ടിലുകൾ വളരെ ചെറുതാണെന്നാണ് പ്രധാന പരാതി. കൂടാതെ മഴ പെയ്തപ്പോൾ ചില മുറികളിൽ വെള്ളം ചോർന്നതായും റിപ്പോർട്ടുകളുണ്ട്. ബാക്കിയുള്ളവരെ നാഗോയയിലെ വിവിധ ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.

15,000 പേരെ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് പാഡൽ, ടെക്ബാൾ തുടങ്ങിയ പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തിയതോടെ താരങ്ങളുടെ എണ്ണം 17,000 കടന്നു. ഇത് താമസസ്ഥലങ്ങളിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. മത്സരത്തിന് രണ്ടുനാൾ മുമ്പ് മാത്രം ഇവിടേക്ക് പ്രവേശിക്കാനും കഴിഞ്ഞ് ഒരു ദിവസത്തിനകം മുറി ഒഴിഞ്ഞുകൊടുക്കാനുമാണ് നിർദേശം. നാഗോയയിലുണ്ടായ കനത്ത മഴയെത്തുടർന്ന് കണ്ടെയ്നർ വില്ലേജിൽ വെള്ളം കയറിയതിനാൽ നാനൂറോളം അത്‌ലറ്റുകളെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.

Tags:    
News Summary - 2026 Asian Games: Athletes Hosted on Cruise Ship & Containers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.