പന്തിനോട് അവസാനമായി സംസാരിച്ചതെന്ത്? വെളിപ്പെടുത്തി ലഖ്‌നോ ഉടമ സഞ്ജീവ് ഗോയങ്ക
ഐ.പി.എല്ലിൽ ലഖ്‌നോ സൂപ്പർ ജയൻ്റ്സുമായി വഴിപിരിഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തുമായുള്ള തൻ്റെ അവസാന സംഭാഷണം വെളിപ്പെടുത്തി ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്ക. ഐ.പി.എൽ 2026 സീസണിന് പിന്നാലെയാണ് പന്ത് ലഖ്‌നോ വിട്ടത്. ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ച് ഗോയങ്ക മനസ് തുറന്നത്.
"ഞാൻ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. എന്നാൽ ഞങ്ങളുടെ അവസാന സംഭാഷണം വെറുമൊരു കരാറിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അതിനുശേഷവും ഞങ്ങൾ സംസാരിച്ചു. എപ്പോഴെങ്കിലും ഒരുമിച്ച് അത്താഴം കഴിക്കാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. എനിക്ക് പന്തിനെ വലിയ ഇഷ്ടമാണ്. വളരെ നിഷ്കളങ്കനായ വ്യക്തിയാണവൻ. പെട്ടെന്ന് വന്ന് നമ്മളെ കെട്ടിപ്പിടിക്കും, തമാശകൾ ഒപ്പിക്കും," ഗോയങ്ക പറഞ്ഞു.
ഐ.പി.എൽ 2025 മെഗാ ലേലത്തിൽ 27.4 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്കായിരുന്നു ലഖ്‌നോ പന്തിനെ ടീമിലെത്തിച്ചത്. എന്നാൽ ഫ്രാഞ്ചൈസിയിലെ രണ്ട് വർഷം അത്ര മികച്ചതായിരുന്നില്ല. ഈ സീസണുകളിൽ ലഖ്‌നോ യഥാക്രമം ഏഴും പത്തും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. 28 മത്സരങ്ങളിൽ നിന്ന് 581 റൺസ് മാത്രമാണ് പന്തിന് നേടാനായത്. ഇതോടെ ഐ.പി.എൽ 2026-ന് ശേഷം പരസ്പര ധാരണയോടെ ഇരുവരും വഴിപിരിയാൻ തീരുമാനിക്കുകയായിരുന്നു.
മുൻപ് കെ.എൽ രാഹുലുമായുണ്ടായതുപോലെ ഗോയങ്കയും പന്തും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായെന്നും, ഗ്രൗണ്ടിലെ ചില ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിൽ ഗോയങ്ക വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ചെയ്തു. എന്നാൽ താൻ അങ്ങനെയൊരു കണിശക്കാരനല്ലെന്നാണ് ഗോയങ്ക പറയുന്നത്. 27.5 കോടി രൂപ പന്തിനായി മുടക്കിയത് ശരിയായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിനും അദ്ദേഹം കൃത്യമായ മറുപടി നൽകി.
"അതൊക്കെ ഓരോ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ബെൻ സ്റ്റോക്സിന് 15 കോടി രൂപ നൽകിയപ്പോൾ അത് വലിയ തുകയാണെന്ന് പലരും പറഞ്ഞു. അത് മുതലായോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. നിങ്ങൾ വിജയിച്ചാൽ അതിന് ഫലമുണ്ടാകും, ഇല്ലെങ്കിൽ പരാജയപ്പെടും. പന്ത് തീർച്ചയായും വലിയ ഇംപാക്ട് ഉണ്ടാക്കാൻ കഴിവുള്ള താരമാണ്. എനിക്ക് എപ്പോഴും പന്തുമായി നല്ലൊരു ബന്ധമാണുള്ളത്. ആളുകൾ പലതും പറയും," ഗോയങ്ക കൂട്ടിച്ചേർത്തു.
ലഖ്‌നോ വിട്ട പന്ത് 12 കോടി രൂപയുടെ കുറവിൽ തൻ്റെ പഴയ തട്ടകമായ ഡൽഹി ക്യാപിറ്റൽസിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണ്. അതേസമയം, ഡൽഹിയിൽ നിന്ന് ഇന്ത്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ലഖ്‌നോ ടീമിലെത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.