???? ???? ??????

സ്വര്‍ണത്തിലേക്ക് കാഞ്ചി വലിച്ച് ദൈഹാനി അഭിമാനമായി

കുവൈത്ത് സിറ്റി: റിയോയില്‍ ഒളിമ്പിക്സില്‍ ഉന്നം പിഴക്കാതെ സ്വര്‍ണത്തിലേക്ക് കാഞ്ചി വലിച്ച് ഷൂട്ടിങ് താരം ഫഹദ് ദൈഹാനി കുവൈത്തിന്‍െറ അഭിമാനമായി. 
പുരുഷ വിഭാഗം ഡബ്ള്‍ ട്രാപ്  ഫൈനലില്‍  ഇറ്റലിയുടെ മാര്‍കോ ഇന്നോ സെന്‍റിയെ പരാജയപ്പെടുത്തിയാണ് ഫഹദ് അല്‍ ദൈഹാനി സ്വര്‍ണം നേടിയത്. റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ അറബ് താരവുമാണദ്ദേഹം. കഴിഞ്ഞദിവസം യു.എ.ഇയുടെ സെര്‍ജ്യൂ ടോമ യു.എ.ഇക്കായി ജൂഡോയില്‍ വെങ്കലം നേടിയതാണ് റിയോയിലെ ആദ്യ അറബ് മെഡല്‍. 
കുവൈത്തിന് ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടിക്കൊടുത്ത താരമാണ് ദൈഹാനി. 2000ത്തിലെ ഒളിമ്പിക്സില്‍ ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങിലാണ് സിഡ്നിയില്‍ ദൈഹാനി വെങ്കലത്തിലേക്ക് കാഞ്ചി വലിച്ചത്. 2012ലെ ഒളിമ്പിക്സിലും അദ്ദേഹം വെങ്കലമെഡല്‍ നേടി. ഒളിമ്പിക്സ് പതാകക്ക് കീഴിലെ ആദ്യ സ്വര്‍ണ ജേതാവ് എന്ന നിലയിലും ദൈഹാനിയുടെ വിജയത്തിന് പ്രത്യേകതയുണ്ട്. 1992ല്‍ ടീം രൂപവത്കരിച്ച ശേഷം സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന തിരുത്തപ്പെടാനാവാത്ത റെക്കോഡ് ഈ കുവൈത്തിക്ക് സ്വന്തം. കുവൈത്തിന് മേല്‍ ഐ.ഒ.സി വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹമടക്കം ആറ് കുവൈത്തി താരങ്ങള്‍ ഒളിമ്പിക് പതാകക്ക് കീഴില്‍ മത്സരിച്ചത്. 
എന്നാല്‍, മെഡല്‍ പട്ടികയില്‍ തന്‍െറ പേര് തെളിയുമ്പോള്‍ കൂടെ കുവൈത്ത് എന്ന് കാണാത്തതില്‍ അതീവ ദുഃഖിതനാണ് രാജ്യസ്നേഹിയായ ഈ പട്ടാളക്കാരന്‍. ഐ.ഒ.സി ടീമിന്‍െറ പതാകവാഹകനാകാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടപ്പോള്‍  മാതൃരാജ്യത്തിന്‍േറതല്ലാത്ത പതാക വഹിക്കാന്‍ തനിക്കു സാധ്യമല്ല എന്ന ദൈഹാനിയുടെ മറുപടി കുവൈത്ത് ജനത കൈയടിയോടെയാണ് സ്വീകരിച്ചത്. 
ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ കുവൈത്ത് താരത്തിന് മാതൃരാജ്യത്തുനിന്ന്  അഭിനന്ദന പ്രവാഹമുണ്ടായി. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സ്വര്‍ണനേട്ടത്തെ അഭിനന്ദിച്ചു. ദൈഹാനിയുടെ മെഡല്‍ നേട്ടം കുവൈത്തിലെ കായികമേഖലക്ക് ഊര്‍ജം പകരുമെന്ന് കായിക മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അല്‍ സബാഹ് അഭിപ്രായപ്പെട്ടു. ഒളിമ്പിക്  വിലക്ക് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്കൊന്നും തങ്ങളെ  തളര്‍ത്താന്‍ കഴിയില്ല എന്ന് കുവൈത്ത് താരങ്ങള്‍ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികളെ നേരിടാനുള്ള കുവൈത്ത് യുവതയുടെ കരുത്താണ് ഫഹദിന്‍െറ മെഡല്‍ നേട്ടത്തിലൂടെ പ്രകടമായതെന്നു കുവൈത്ത് മന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് സാലിം അല്‍സബാഹ് പറഞ്ഞു. 

ഫഹദ് അല്‍ ദൈഹാനി വിജയപീഠത്തില്‍
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.