ഹാങ്ചോവിൽ ഏഷ്യൻ
ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ദീപശിഖ തെളിയിക്കുന്ന
ഡിജിറ്റൽ മനുഷ്യൻ
ഹാങ്ചോ: ത്രിവർണപതാക കൈകളിലേന്തി ഹോക്കി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ഒളിമ്പിക് ബോക്സിങ് മെഡലിസ്റ്റ് ലവ് ലിന ബൊർഗോ ഹെയ്നും, പിന്നിൽ കുഞ്ഞു മൂവർണക്കൊടികളുമായി അണിനിരന്ന് മറ്റ് ഇന്ത്യൻ താരങ്ങളും. ശനിയാഴ്ച വൈകുന്നേരം ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന 19ാം ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ മിന്നിത്തിളങ്ങി ഇന്ത്യ.
അക്ഷരമാല ക്രമത്തിലാണ് ടീമുകൾ അണിനിരന്നത്. എട്ടാമതായി ഇന്ത്യയെത്തി. കാക്കി നിറത്തിലെ സ്വർണവും പച്ചയും കരകളോടെ പരമ്പരാഗത വസ്ത്രങ്ങളിലായിരുന്നു ഇന്ത്യൻ താരങ്ങൾ. സ്ത്രീകൾ കാക്കി സാരിയും പൂക്കൾ നിറഞ്ഞ ബ്ലൗസുമാണ് ധരിച്ചത്. പുരുഷന്മാർ കുർത്തക്ക് മീതെ പൂക്കളുള്ള ജാക്കറ്റും അണിഞ്ഞു.
ഒക്ടോബർ എട്ടുവരെ നീളുന്ന വൻകര കായികമേളയിൽ 625 താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും 200 പേർ മാത്രമാണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. മത്സര ഷെഡ്യൂൾ പ്രകാരം പലരും എത്താനിരിക്കുന്നതേയുള്ളൂ. 45 രാജ്യങ്ങളിലെ 12,000ത്തിലധികം താരങ്ങളാണ് 19ാം ഏഷ്യാഡിൽ മാറ്റുരക്കുന്നത്.
നാല് വർഷം കൂടുമ്പോൾ സംഘടിപ്പിക്കാറുള്ള ഗെയിംസ് കോവിഡ് പ്രതിസന്ധി കാരണം 2022ൽ നിന്ന് 2023ലേക്ക് മാറ്റുകയായിരുന്നു. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യക്ക് കീഴിൽ നടക്കുന്ന മത്സരങ്ങൾക്ക് ഹാങ്ചോക്ക് പുറമെ അഞ്ച് ചൈനീസ് നഗരങ്ങൾകൂടി വേദിയാവുന്നുണ്ട്. ഹുഷൂ, നിങ്ബോ, ഷാവോക്സിങ്, ജിനുവ, വെൻഷൂ എന്നിവിടങ്ങളിലും മത്സരങ്ങൾ അരങ്ങേറും.
ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യ ഞായറാഴ്ച അവസാന ഗ്രൂപ് മത്സരത്തിന്. ഇന്ന് മ്യാന്മറിനെ തോൽപിക്കാനായാൽ സുനിൽ ഛേത്രിക്കും സംഘത്തിനും ആറ് പോയന്റുമായി അനയാസം പ്രീ ക്വാർട്ടറിൽ കടക്കാം. സമനിലയായാലും പ്രതീക്ഷയുണ്ട്. നിലവിൽ ആറ് പോയന്റുമായി ചൈന ഗ്രൂപ് എയിൽ ഒന്നാമതും മൂന്ന് വീതം പോയന്റുള്ള ഇന്ത്യയും മ്യാന്മറും രണ്ട് മൂന്നും സ്ഥാനങ്ങളിലുമാണ്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിൽ പ്രവേശനമുണ്ട്. ആദ്യ കളിയിൽ ചൈനയോട് വൻതോൽവി ഏറ്റുവാങ്ങിയ ഇന്ത്യ തുടർന്ന് ബംഗ്ലാദേശിനെ തോൽപിച്ചാണ് പ്രതീക്ഷ നിലനിർത്തിയത്. അതേസമയം, വനിത ഫുട്ബാൾ ഗ്രൂപ് ബിയിൽ ഇന്ത്യ ഇന്ന് അവസാന കളിയിൽ തായ്ലൻഡിനെ നേരിടും. ആദ്യ മത്സരത്തിൽ ചൈനീസ് തായ്പേയിയോട് തോറ്റ ടീം, തായ്ലൻഡിനെ മറികടന്ന് ക്വാർട്ടർ ഫൈനലിൽ കടക്കാമെന്ന കണക്കുകൂട്ടലിലാണ്.
വനിത ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യക്ക് ഞായറാഴ്ച സെമി ഫൈനൽ മത്സരം. ബംഗ്ലാദേശാണ് ഇന്നത്തെ എതിരാളികൾ. ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് ഇന്ത്യ. തുടർന്ന് മലേഷ്യക്കെതിരായ ക്വാർട്ടർ മത്സരം മഴ മൂലം പാതിവഴിയിൽ ഉപേക്ഷിച്ചു. ഉയർന്ന സീഡുകാരായതിനാൽ ഇന്ത്യക്ക് സെമി ഫൈനൽ പ്രവേശനം നൽകുകയായിരുന്നു. രണ്ടാം സെമിയിൽ ഇന്ന് ശ്രീലങ്കയെ പാകിസ്താനും നേരിടും.
പുരുഷ ഹോക്കിയിൽ സുവർണ പ്രതീക്ഷകളുമായെത്തിയ ഇന്ത്യക്ക് ഞായറാഴ്ച ആദ്യ അങ്കം. ഉസ്ബകിസ്താനാണ് ആദ്യ എതിരാളികൾ. മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനു ശേഷം ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യ ഇക്കുറി ഏഷ്യൻ ഗെയിംസിൽ ചാമ്പ്യന്മാരാവാനുറച്ചാണ് ഇറങ്ങുന്നത്. 2014ലായിരുന്നു അവസാന സ്വർണം. കഴിഞ്ഞ തവണ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.