ബീജിങ്: ശമ്പളം കുറവാണെന്ന കാരണത്താൽ ജോലി ഉപേക്ഷിക്കുന്നവരും അധികൃതരോട് പരാതിപ്പെടുന്നവരുമുണ്ട്. എന്നാൽ ചൈനയിലെ ഷാങ്‌ക്യൂവിൽ നിന്നുള്ള ഒരു യുവതി തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധ രീതിയാണ്. ജോലി സമയത്ത് ഡെസ്കിൽ കിടന്ന് അഞ്ച് മണിക്കൂർ സുഖമായി ഉറങ്ങുക! സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ സംഭവം ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.
തന്റെ പ്രയത്നത്തിന് അനുസരിച്ചുള്ള ശമ്പളം കമ്പനി നൽകുന്നില്ലെന്ന് ആരോപിച്ചാണ് യുവതി ഈ വിചിത്രമായ പ്രതിഷേധം നടത്തിയത്. ‘നിങ്ങൾ എത്ര തരുന്നോ, അതിനുള്ള ജോലി മാത്രമേ എനിക്ക് തരാൻ കഴിയൂ’ എന്ന നിലപാടിലായിരുന്നു ഇവർ. എന്നാൽ അഞ്ച് മണിക്കൂർ നീണ്ട ഉറക്കത്തിന് ശേഷം ഉണർന്ന യുവതിയെ കാത്തിരുന്നത് വലിയ പ്രശ്നങ്ങളായിരുന്നു.
യുവതി ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ബോസ് ഇവരെ കർശനമായി ശാസിക്കുകയും, ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കണ്ണീരോടെ വിഡിയോ പങ്കുവെച്ച യുവതി, താൻ അനീതിക്ക് ഇരയാവുകയാണെന്നും ജോലി വിടാൻ തനിക്ക് ഉദ്ദേശമില്ലെന്നും വ്യക്തമാക്കി.
ഈ സംഭവത്തിലെ ട്വിസ്റ്റ് ഇതൊന്നുമല്ല. ഉറക്കമുണർന്ന യുവതി ബോസിന്റെ മേശപ്പുറത്തിരുന്ന ഒരു ചോക്ലേറ്റ് എടുത്തു കഴിച്ചു. എന്നാൽ ഗ്ലൂക്കോസ് അസഹിഷ്ണുതയുള്ള ബോസ്, തന്റെ ഷുഗർ ലെവൽ താഴ്ന്നപ്പോൾ കഴിക്കാൻ വെച്ചിരുന്നതായിരുന്നു ആ ചോക്ലേറ്റ്. കൃത്യസമയത്ത് അത് ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹം തളർന്നുവീഴുന്ന അവസ്ഥയിലായി. ‘നീ എന്നെ കൊല്ലാൻ ശ്രമിക്കുകയാണോ?’ എന്നാണ് ദേഷ്യപ്പെട്ട ബോസ് തന്നോട് ചോദിച്ചതെന്ന് യുവതി വിഡിയോയിൽ പറയുന്നു.
യുവതിയുടെ വിഡിയോ വൈറലായതോടെ അവർക്ക് പിന്തുണ ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം മറിച്ചായിരുന്നു. ശമ്പളത്തിന്റെ കാര്യത്തിൽ പരാതിയുണ്ടെങ്കിലും ജോലി സമയത്ത് ഉറങ്ങുന്നതും അനുവാദമില്ലാതെ മറ്റൊരാളുടെ ഭക്ഷണം എടുക്കുന്നതും തെറ്റായ പ്രവണതയാണെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. ജീവിതത്തിലാദ്യമായാണ് ഒരു ബോസിനെ പിന്തുണക്കാൻ തോന്നുന്നത് എന്നായിരുന്നു ഒരാളുടെ കമന്‍റ്. എട്ട് മണിക്കൂർ ജോലിയിൽ അഞ്ച് മണിക്കൂർ ഉറങ്ങിയാൽ പിന്നെ എപ്പോഴാണ് പണിയെടുക്കുന്നത്? എന്ന് മറ്റൊരാൾ ചോദിക്കുന്നു. തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ചൈനയിൽ സജീവമാണെങ്കിലും, ഈ യുവതിയുടെ പ്രതിഷേധ രീതി അതിരുവിട്ടുപോയി എന്നാണ് പൊതുവായ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.