നാട്ടുകാരുടെ ഒരു കാര്യം!; ബിട്ടു തബാഹിയുടെ ഡസ്റ്റ്ബിന്നുകൾ മോഷണം പോയി

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്‍ഗഡ് ജില്ലയിൽ അജ്നാർ നദി ഒറ്റക്ക് ശുചീകരിച്ച ഇരുപതുകാരനായ പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്ര സിങ് ചൗധരി, അഥവാ 'ബിട്ടു തബാഹി'ക്ക് വീണ്ടും തിരിച്ചടി. മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിലൂടെ നദി വൃത്തിയാക്കിയെങ്കിലും ജനങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്നത് തടയാനായി സ്ഥാപിച്ച ഡസ്റ്റ്ബിൻ മോഷണം പോയത് അദ്ദേഹത്തെ ഏറെ നിരാശനാക്കിയിരിക്കുകയാണ്.

നദിയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് ഒഴിവാക്കാൻ പൊതുജനങ്ങളുടെ സൗകര്യത്തിനായി നദിക്കരയിൽ രണ്ട് ഡസ്റ്റ്ബിൻ ഡ്രമ്മുകൾ ബിട്ടു സ്ഥാപിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം നോക്കിയപ്പോൾ അതിലൊന്ന് കാണാനില്ലായിരുന്നു. ഇത് തന്റെ വ്യക്തിപരമായ ആവശ്യത്തിനല്ലെന്നും നദി വീണ്ടും മലിനമാകാതിരിക്കാൻ ആളുകൾക്ക് മാലിന്യങ്ങൾ ശരിയായ രീതിയിൽ നിക്ഷേപിക്കാനുമാണ് അവ വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'പൊതുജനങ്ങളുടെ സൗകര്യത്തിനായി വെച്ച ഡ്രമ്മുകൾ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു' എന്ന് തന്റെ ഇൻസ്റ്റാഗ്രാം വിഡിയോയുടെ അടിക്കുറിപ്പിൽ അദ്ദേഹം കുറിച്ചു.

മാസങ്ങളോളം കഷ്ടപ്പെട്ട് നദി വൃത്തിയാക്കിയ ശേഷം വീണ്ടും അവിടെ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് കണ്ട് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബിട്ടു കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. വലിയ തോതിലുള്ള ഈ നിരാശകൾക്കിടയിലും തളർന്നുപോകാതെ നീന്തൽ വശമില്ലെങ്കിൽ പോലും അദ്ദേഹം വീണ്ടും നദിയിലിറങ്ങി ഓരോ പ്ലാസ്റ്റിക് പാക്കറ്റുകളായി പുറത്തെടുക്കാൻ ശ്രമിക്കുകയാണ്.

ബിട്ടുവിന്റെ ഈ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ പ്രശംസിച്ചും ഇത്തരം കാര്യങ്ങളിൽ പൊതുജനങ്ങളുടെ പൗരബോധമില്ലായ്മയെ വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നദിയെ സംരക്ഷിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ പോരാട്ടത്തിന് സുരക്ഷയും പിന്തുണയും നൽകണമെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - A matter of the locals Bittu Tabahi's dustbins were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.