'കാലുപിടിക്കാം, ഇനി ഓർഡർ ചെയ്യരുത്'; ദീപാവലിക്ക് മധുരം ചോദിച്ചു, പിന്നാലെയെത്തിയത് ഫ്രിഡ്ജും ടി.വിയും ലക്ഷങ്ങളുടെ ബില്ലും; പ്രാങ്കിൽ കുടുങ്ങി ഇൻഫ്ലുവൻസർ വീടുവിട്ടു
മധുര: ഇൻസ്റ്റാഗ്രാമിൽ ദീപാവലി മധുരത്തിനായി ഒരു ബോക്സ് ചോദിച്ച ഇൻഫ്ലുവൻസർക്ക് ലഭിച്ചത് ലക്ഷക്കണക്കിന് രൂപയുടെ കാഷ് ഓൺ ഡെലിവറി ഓർഡറുകളും വൻ പണിയും. മധുര സ്വദേശിയും സോഷ്യൽ മീഡിയയിലെ തമാശ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ വീരമണിയാണ് ഫോളോവേഴ്‌സിന്റെ അപ്രതീക്ഷിത പ്രാങ്കിന് ഇരയായി വീടുവിട്ടോടേണ്ടി വന്നത്.
സമൂഹമാധ്യമങ്ങളിൽ തനിക്ക് ഏറെ പരിചയമുള്ള ഫോളോവേഴ്‌സിന്റെ സ്നേഹത്തിൽ വിശ്വാസമർപ്പിച്ചാണ് വീരമണി വീണ്ടും സഹായം ചോദിച്ചത്. ദീപാവലി അടുത്തിരിക്കുന്നതിനാൽ തനിക്ക് കഴിക്കാൻ ഒരു ബോക്സ് മധുരം അയച്ചുതരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തന്റെ അഡ്രസ്സും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എന്നാൽ, മധുരത്തിന് പകരം വീരമണിയെ തേടിയെത്തിയത് ഓൺലൈൻ വഴി വന്ന അഞ്ഞൂറിലധികം പ്രമുഖ ഇലക്ട്രോണിക് സാധനങ്ങളുടെ ഡെലിവറികളായിരുന്നു.
കാഷ് ഓൺ ഡെലിവറി കുരുക്കിൽ വീണ് ഇൻഫ്ലുവൻസർ
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ വഴി റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, സ്മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ എന്നിവയുമായി ഡെലിവറി എക്സിക്യൂട്ടീവുകൾ വീരമണിയുടെ വീട്ടിലേക്ക് ഒഴുകിയെത്തി. ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ടി.വി ഓർഡറുകൾ വരെയ ഇതിലുണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം ‘കാഷ് ഓൺ ഡെലിവറി’ ആയതിനാൽ കൈയിൽ പണമില്ലാത്തതും ഒ.ടി.പി നൽകാത്തതും വീരമണിക്ക് വലിയ പ്രതിസന്ധിയായി.
സാധനങ്ങൾക്ക് പുറമെ സ്വിഗ്ഗി, സൊമാറ്റോ വഴിയുള്ള ഭക്ഷണ ഓർഡറുകളും കൂട്ടത്തോടെയെത്തി. ചില പ്രാങ്ക്സ്റ്ററുകൾ ജെ.സി.ബി എക്സ്കവേറ്ററുകളുടെയും 70 കോടി രൂപയുടെ മിലിട്ടറി ടാങ്കുകളുടെയും വ്യാജ ഓർഡർ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ അദ്ദേഹത്തിന്റെ നമ്പർ കിഡ്നി ദാനത്തിനായി ആരോ പ്രചരിപ്പിച്ചത് വീരമണിയുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി.
തുടർച്ചയായ ഡെലിവറികളും ഫോൺ കോളുകളും കാരണം വീട് പൂട്ടി സ്ഥലം വിടേണ്ടി വന്ന വീരമണി, "ഞാൻ നിങ്ങളുടെ കാലുപിടിക്കാം, ദയവായി ആരും ഓർഡറുകൾ ചെയ്യരുത്" എന്ന് അഭ്യർത്ഥിച്ചുകൊണ്ട് മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.