സഞ്ചാരികളുടെ മുന്നിൽ കുതിരയെ വനത്തിലേക്ക് കടിച്ചുവലിച്ച് കടുവ; ദൃശ്യങ്ങൾ വൈറൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷനൽ പാർക്കിന് സമീപം കടുവ കുതിരയെ ആക്രമിച്ച് കീഴ്പ്പെടുത്തി കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. രാംനഗറിലെ ഗർജിയ പ്രദേശത്താണ് സംഭവം. സഫാരി വാഹനങ്ങളിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ നോക്കിനിൽക്കെയാണ് ബംഗാൾ കടുവ കുതിരയെ പിടികൂടിയത്.

ഉച്ച സമയത്താണ് സംഭവം. കോർബറ്റ് ദേശീയോദ്യാനത്തിന്റെ സമീപത്തുള്ള ഗർജിയ പ്രദേശത്തെ റോഡിന് സമീപമായിരുന്നു കടുവയുടെ ആക്രമണം. ജിം കോർബറ്റിലെത്തുന്ന സഞ്ചാരികൾക്കും പ്രശസ്തമായ ഗർജിയ ക്ഷേത്രം സന്ദർശിക്കുന്നവർക്കും പരിചിതമാണ് ഈ പ്രദേശം.

കടുവ കുതിരയുടെ കഴുത്തിൽ കടിച്ചുപിടിച്ച് അതിനെ വലിച്ചുകൊണ്ട് വനത്തിനുള്ളിലേക്ക് നീങ്ങുന്നത് വിനോദസഞ്ചാരികളി​ൽ ഒരാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം. സഫാരി വാഹനങ്ങളിലുണ്ടായിരുന്ന കുട്ടികൾ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. മനുഷ്യരുടെ സാന്നിധ്യം കാര്യമാക്കാതെ കടുവ കുതിരയെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കടുവ ആവാസവ്യവസ്ഥകളിലൊന്നാണ് ജിം കോർബറ്റ് ദേശീയോദ്യാനം. ഇവിടെ 260ലധികം ബംഗാൾ കടുവകളുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ടൈഗർ റിസർവുകളിൽ ഏറ്റവും കൂടുതൽ കടുവകളുള്ള മേഖലകളിലൊന്നായും കോർബറ്റ് അറിയപ്പെടുന്നു.

കടുവകൾ സാധാരണയായി കാട്ടിലെ ഇരകളെയാണ് വേട്ടയാടുന്നത്. എന്നാൽ ദേശീയോദ്യാനത്തിന്റെ അതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലകൾ പലപ്പോഴും മനുഷ്യ-വന്യജീവി സംഘർഷത്തിന് കാരണമാകാറുണ്ട്. സഞ്ചാരികൾ കൂടുതലായി എത്തുന്ന പ്രദേശത്ത് പകൽസമയത്താണ് കടുവയുടെ ആക്രമണമുണ്ടായതെന്നത് അധികൃതരിൽ ആശങ്ക പടർത്തി. കോർബറ്റ് മേഖലയിൽ വന്യജീവി സാന്നിധ്യം സാധാരണമായതിനാൽ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സഞ്ചാരികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Tiger Drags Horse Away Near Jim Corbett Park, Tourists Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.