കൊടുങ്ങല്ലൂർ: അയ്യപ്പസ്തുതി ഉയരുന്ന ദേശവിളക്കിൽ പ്രവാചകൻ മുഹമ്മദ് നബിയുടെയും ഖദീജയുടെയും വിവാഹവും മകൾ ഫാത്വിമയുടെ ജനനവും വിവരിക്കുന്ന പാട്ട് വൈറലാകുന്നു. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് തൃശൂർ എടവിലങ്ങിൽ നടന്ന ദേശവിളക്ക് ഉത്സവത്തിലാണ് അയ്യപ്പഗാനങ്ങളുടെ ശൈലിയിലുള്ള ഈ പാട്ട് ഭജനസംഘം അവതരിപ്പിച്ചത്.
"മക്കത്തെ മംഗല്യരാവ്
ഖദീജയ്ക്ക് കല്യാണനാള്
മൊഞ്ചുള്ള തേരിലങ്ങേറി
എത്തിയല്ലോ മണിമാരൻ.....
നാളുകളേറെ കഴിഞ്ഞു
പത്തുമാസം തികഞ്ഞല്ലോ
പിറന്നല്ലോ പാത്തുമ്മപ്പെണ്ണ്!
സുന്ദരിയാണവൾ പാത്തു!"
എന്നുതുടങ്ങുന്ന ഗാനമാണ് വൈറലായത്. കൊടുങ്ങല്ലൂർ മേഖലയിലുള്ള ദേശവിളക്ക് ഉത്സവത്തിൽ ഇത്തരം പാട്ടുകൾക്ക് ഏറെ സ്വീകാര്യതയുണ്ടെന്ന് ഇത് ഫേസ്ബുക്കിൽ പങ്കുവെച്ച സന്ദീപ് പോത്താനി ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.
മണ്ഡലകാലത്ത് മധ്യ കേരളത്തിൽ അനുഷ്ഠിച്ചു വരുന്ന അയ്യപ്പ ആരാധനയാണ് അയ്യപ്പൻ വിളക്ക് അഥവ ദേശവിളക്ക്. അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും പുലിപ്പാൽ തേടിയുള്ള യാത്രയും വാവരുമായുള്ള ചങ്ങാത്തവും മഹിഷിയുമായുള്ള യുദ്ധവും ശബരിമലയിലേക്കുള്ള യാത്രയുമാണ് സാധാരണഗതിയിൽ അയ്യപ്പവിളക്കിൽ പാടുക. ചിന്ത പാട്ടിന്റെയും ശാസ്താം പാട്ടിന്റെയും ഈരടികളോടെയാണ് ഇവ അവതരിപ്പിക്കുക.
ഇതൊക്കെ കാണുന്നതും കേൾക്കുന്നതും എന്തു രസമാണെന്ന് സൂഫിഗായകനായ സമീർ ബിൻസി എടവിലങ്ങിലെ പാട്ട് പങ്കുവെച്ച് കൊണ്ട് ചോദിച്ചു. ‘‘കഴിഞ്ഞ മണ്ഡല കാലത്താണ് എ.ഇ.എസ് പുതിയകാവ് എന്ന ഇളനിക്കൽ അയ്യപ്പൻ മകൻ സുബ്രഹ്മണ്യേട്ടന്റെ പാത്തുമ്മ പെറ്റ വാവർ മകനും എന്ന ചിന്തുപാട്ട് സന്ദീപ് ഭായിയിൽ നിന്ന് ലഭിക്കുകയും അത് പോസ്റ്റ് ചെയ്യുകയും ഒരുപാട് പേർ കാണുകയും, ഒരു ഫോക്ക് മിസ്റ്റിക് ടച്ചുള്ള ആ ചിന്ത് നമ്മൾ പിന്നീട് പല കൺസർട്ടുകളിലും പാടുകയും ചെയ്തത്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ കളക്ഷനിൽ നിന്നുതന്നെ കിട്ടിയ വേറൊന്ന്..! ചരിത്രവും ചരിതവും നാട്ടുമൊഴികളും മിസ്റ്റിക് തലങ്ങളും, ഇച്ച മസ്താന്റെയും തമിഴ്നാട്ടിലെ തക്കല പീറിന്റേയും ഗുണംകുടി മസ്താന്റെയും മെയ്ഞ്ഞാനപ്പാടലുകളിൽ വന്നതു പോലുള്ള ശൈവ - മുസ്‍ലിം - രൂപകാലങ്കാരങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ള കോർവകളും...!
കാലങ്ങളായി തുടർന്നുവരുന്ന, മനുഷ്യമനസ്സിലെ ഇത്തരം സ്നേഹവിരുന്നുകളെ നിരാകരിക്കുന്ന ജന്മങ്ങൾ ഉണ്ട് എന്നാണ് കഴിഞ്ഞവർഷത്തെ 'വാവർ- അയ്യപ്പൻ വിവാദ'ത്തിൽ നിന്നും, ഈയുള്ളവൻ തന്നെ പോസ്റ്റ് ചെയ്തിരുന്ന ആ ചിന്തു പാട്ടിനെതിരെയുള്ള വെറുപ്പു പോസ്റ്റുകളിൽ നിന്നും മനസ്സിലാകുന്ന കാര്യം.
"വിഷം കലക്കുന്ന മനുഷ്യരില്ലെങ്കിൽ എത്ര സുന്ദരമാണ് നമ്മുടെ നാട്" എന്നു പറയുന്നത് പോലും അമിതകാല്പനിക ക്ളീഷേ ആയേക്കാം... പക്ഷേ സ്വപ്നം കാണില്ല എന്ന് നമ്മൾ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ.. എന്തായാലും ഇതൊക്കെ കാണുന്നതും കേൾക്കുന്നതും എന്തു രസമാണ്.
ഈ പാട്ടിലെ ഐതിഹ്യത്തെക്കുറിച്ചും, ഈ പാട്ട് മൊത്തം കേൾക്കുമ്പോഴുള്ള ബാഹ്യചരിത്രപരമായ സംശയങ്ങളെ കുറിച്ചും ഇത് പോസ്റ്റിയപ്പോൾ പലരും ചോദിക്കുന്നു. മനുഷ്യരുടെ സ്നേഹ ഭാവനയിൽ വിരിഞ്ഞ ഒരു സൗഹൃദ ഗാനമാണ് ഇത്. ചരിത്രവും മിത്തും പുരാവൃത്തവും എല്ലാം ഒന്നിച്ചു ചേർന്ന സ്നേഹഗീതം.
ആദ്യം ഖദീജ എന്നവരുടെ കല്യാണത്തെക്കുറിച്ച് പറയുകയും അതിൽ ഉണ്ടായ ഫാത്തിമ എന്ന മകളെക്കുറിച്ച് പറയുകയും ചെയ്യുന്നു. പിന്നെ കേൾക്കുന്നത് വാവരുടെ ഉമ്മയായ ഫാത്തിമയുടെ കഥയാണ്.
ഇത് വാവർപ്പാട്ടുകളിലും ശാസ്താം പാട്ടുകളിലും, അമ്മാന പാട്ടുകളിലും വരുന്ന ഒരു പുരാവൃത്തം ആണ്.
വാവരുടെ ഉമ്മയായ പാത്തുമ്മയുടെ ഉമ്മയുടെ പേര് ഖദീജ എന്നായിരുന്നു. അതിനാൽ ഒരേ സമയം ആ മാതാവിനെയും പുണ്യ വനിതയായ ഖദീജയെയും ചേർത്തുവെച്ചു കൊണ്ടുള്ള വരിയാകാം ഇത്.
വാവരുടെ മാതാവായ പാത്തുമ്മ ഇസ്മായിൽ വംശജ ആയിരുന്നെന്നും, വാവരുടെ പേര് തുർക്കിസ്ഥാനിലോ തുർക്കുമാനിസ്ഥാനിലോ ആയിരുന്നെന്നും മിസ്റ്റിക് കുതുകികളും പരിവ്രാജകരുമായ പഴമക്കാർ പറയും!
( തുർക്കികൾ എന്ന് മൊത്തത്തിൽ മുസ്ലീങ്ങളെ പറഞ്ഞിരുന്നു. കബീറിന്റെ ദോഹകളിൽ അങ്ങനെ കാണാം)
വാവരുടെ ഉമ്മയായ പാത്തുമ്മയുടെ ഉമ്മ ഖദീജയുടെ കല്യാണത്തെ കുറിച്ചാണ് ആദ്യം പറയുന്നത്.
മുസ്ലിം വീട്ടിലെ കല്യാണരാവ് എന്നത് നബിപ്രണയത്തോടെ പറയുന്നതാവാം 'മക്കത്തെ കല്യാണരാവ്' എന്നായിരുന്നു എന്റെ അഭിപ്രായം.
എന്നാൽ 'മക്കം പുരയിൽ ഇസ്മായിൽ ഗോത്രത്തിലെ വാവർ' എന്നതാണ് അത് എന്ന ആഖ്യാനവും ഇന്ന് കേട്ടു🌹
ഫാത്തിമ എന്ന ആ സാധ്വിക്ക് പിറന്ന പുത്രനെ ദൈവത്തിന്റെ അനുഗൃഹീത സമ്മാനമായി അവർ
കണ്ടതിനെ സ്നേഹപൂർണ്ണരായ കാല്പനിക മനസ്സുകൾ ആലങ്കാരികമായി ആഖ്യാനം ചെയ്തതത്രെ ഇത്.
അതിന്റെ അതിസുന്ദരമായ ആവിഷ്കാരമാണ് ശിവനും പൂമരവും!
"പാത്തുമ്മയാണമ്മയെന്നു പറഞ്ഞു
പാത്തുമ്മ തന്നെ നബിമകളായി വന്നു
ശിവന്റെ അംശം വാവർക്കു നൽകി
ശിവനും നബിയും ഒന്നായി നിന്നു."
എന്നും
മക്കയിൽ പാത്തുമ്മയുണ്ടായി
മക്കത്തീന്നു വാവർ പിറന്നു.
നബിയുടെ മകൾ പാത്തുമ്മയാം
ശിവന്റെ പുത്രൻ വാവർസ്വാമി.. "
എന്നൊക്കെ ഇത്തരം പാട്ടുകളിൽ കാണാം.
'ശിവ'ൻ എന്നത് സദാ 'ജീവ'ത്തായ ചൈതന്യം എന്ന നിലക്ക് തമിഴ് സിദ്ധാർ പാട്ടുകളിലും തമിഴ് മസ്താനാ പാട്ടുകളിലും വന്നിട്ടുണ്ട്. ഇച്ച മസ്താന്റെയും അബ്ദുറസാഖ് മസ്താന്റെയും പാട്ടുകളിലും കാണാം.
സദാ ദൈവസ്മരണ (ദിക്ർ) ഇല്ലാത്തവൻ മയ്യിത്ത് (ശവം) കണക്കെ എന്ന് പ്രവാചകൻ പറഞ്ഞിരുന്നെന്നും, ശവത്തെ ശിവമാക്കാൻ ഉള്ളിൽ സദാ ദിക്ർ വേണമെന്നും, ഹയ്യായവൻ ( നിത്യജീവനായവൻ ) തന്നെയാണ് ശിവനായവൻ എന്നും പറയ(പാട)പ്പെടുന്നു.
ഇതൊക്കെ പണ്ടുതൊട്ടേ പാടിവരുന്ന പാട്ടുകളിൽ നിന്നും പാട്ടുകളിലേക്ക് പടരുന്ന കാര്യങ്ങളാണ്. ഈ പാട്ട് അടുത്തകാലത്ത് ഗോപാലൻ എന്ന ഒരാൾ എഴുതിയതാണ് എന്നറിഞ്ഞു.🩷
NB: പുരാവൃത്തങ്ങളിലും മിത്തുകളിലും പാട്ടുകളിലും വന്നതിനെ പറഞ്ഞതാണ്. അതിനാൽ ഇതിനെ ഇനി അഖീദയും ഫിഖ്ഹും വെച്ച് ആരും തർക്കിക്കാൻ വരണ്ട’ -സമീർ ബിൻസി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.