സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം.വി. ഗോവിന്ദൻ പറഞ്ഞത് സത്യമാണ് -സന്ദീപ് വാര്യർ

കോഴിക്കോട്: ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം.വി. ഗോവിന്ദൻ പറഞ്ഞത് സത്യമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

1967ൽ 'സംയുക്ത വിധായക് ദൾ' എന്ന മുന്നണി രൂപീകരിച്ച് ബിഹാറിൽ ജനസംഘത്തിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടികൾ മന്ത്രിസഭയുടെ ഭാഗമായി. ബംഗാളിൽ അജോയ് മുഖർജിയുടെ ആദ്യ കോൺഗ്രസിതര സർക്കാറിന് ജനസംഘത്തിന്റെ ഏക എം.എൽ.എയുടെ പിന്തുണയുണ്ടായിരുന്നു.

അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആർ.എസ്.എസുമായി ബന്ധം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ് പി. സുന്ദരയ്യ പൊളിറ്റ്ബ്യൂറോയിൽ നിന്ന് രാജിവെച്ചത്. 2008ൽ മൻമോഹൻ സിങ് സർക്കാറിനെതിരെ ബി.ജെ.പിയും സി.പി.എമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ എന്നും സന്ദീപ് വാര്യർ എഫ്.ബി. പോസ്റ്റിൽ വ്യക്തമാക്കി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

ആർഎസ്എസുമായി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ൽ സംയുക്ത വിധായക് ദൾ എന്ന മുന്നണി ഉണ്ടാക്കി ബീഹാറിൽ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാർ ഉണ്ടാക്കി ക്യാബിനറ്റിന്റെ ഭാഗമായി.

അതേവർഷം ബംഗാളിൽ അജോയ് മുഖർജിയുടെ ആദ്യ കോൺഗ്രസ് ഇതര ഗവൺമെന്റിന് ജനസംഘത്തിന്റെ ഏക എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ പ്രസ്തുത മുന്നണിയിൽ സിപിഎമ്മും ജനസംഘവും ഒരുമിച്ച് ഉണ്ടായിരുന്നു.

1977 ൽ ആർഎസ്എസുമായി അല്ല സഖ്യം ഉണ്ടാക്കിയതെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് എങ്ങനെ പറയാൻ കഴിയും ? ചന്ദ്രനിൽ നിന്നു നോക്കിയാൽ ചൈനയിലെ വൻമതിൽ കാണുന്ന പൂമരം സ്വരാജിന് പി സുന്ദരയ്യ പോളിറ്റ് ബ്യൂറോവിൽ നിന്ന് രാജിവെച്ചുകൊണ്ട് എഴുതിയ കത്ത് കാണാൻ കഴിഞ്ഞില്ലേ ? സുന്ദരയ്യ കൃത്യമായി തന്റെ രാജിക്കത്തിൽ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആർഎസ്എസുമായി ബന്ധം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ് തന്റെ രാജി എന്നു പറയുന്നുണ്ട്.

1989 ൽ വി പി സിംഗ് സർക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേർന്നല്ലേ ? 2008 ൽ മൻമോഹൻ സിംഗ് സർക്കാരിനെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ ? എംവി ഗോവിന്ദൻ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണ്.

അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വെളിപ്പെടുത്തിയത്.

'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എന്നായിരുന്നു എം.വി ഗോവിന്ദന്‍റെ പരാമർശം.

Tags:    
News Summary - Sandeep Varier's Facebook post against CPM- RSS Relation Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.