‘ഉറങ്ങാൻ ഇതിനേക്കാൾ നല്ലത് ടോയ്‌ലറ്റ്...’; ഋതബ്രത ബാനര്‍ജിക്കൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റായി ഡല്‍ഹിയിൽ പ്രവർത്തിക്കുന്ന സമയത്തെ ഋതബ്രത ബാനര്‍ജിക്കൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് മുൻ സ്പീക്കറും മുതിർന്ന സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണൻ.

ഡല്‍ഹിയിലേക്ക് മാറുമ്പോള്‍ പാര്‍ട്ടി ഒരുക്കിയ പരിമിതമായ താമസസ്ഥലത്ത് ഒരു കൊച്ചു മുറിയില്‍ (അടുക്കള) താമസക്കാരനായി ചെല്ലുമ്പോള്‍ അവിടെ തന്‍റെ കൂടെ താമസക്കാരനായി വരേണ്ടിയിരുന്നത് അന്നത്തെ എസ്.എഫ്.ഐ സെക്രട്ടറി ആയിരുന്ന ബാനര്‍ജി ആയിരുന്നെന്നും മുറിയുടെ അവസ്ഥ കണ്ട് ഉറങ്ങാൻ ഇതിനേക്കാൾ നല്ലത് ടോയ്‌ലറ്റാണെന്ന് പറഞ്ഞ് അന്ന് ഇറങ്ങിപോയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശ്രീരാമകൃഷ്ണൻ പറയുന്നു. ഒന്നാം യു.പി.എ ഭരണത്തിന്‍റെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം പല സ്ഥലങ്ങളിലായി അന്ന് ലക്ഷ്വറി ജീവിതം ആസ്വദിച്ച് താമസിച്ചു.

അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഋതബ്രത പിന്നീട് കാണുമ്പോള്‍ എല്ലാം തന്നെ പരിഹസിക്കുമായിരുന്നു. നീ ഇപ്പോഴും ആ തൊഴുത്തിലോ നായ്ക്കൂട്ടിലോ ആണോ താമസിക്കുന്നതെന്ന് ചോദിക്കും. നടപ്പിലോ ഇരിപ്പിലോ കമ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലൂടെ നുഴഞ്ഞ് കേറി ബംഗാളിലെ പ്രതിപക്ഷ പ്രതിരോധത്തിന്‍റെ മുഖമായി മാറിയിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും ഓരോ ജനതക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുകയെന്നും പറഞ്ഞാണ് ശ്രീരാമകൃഷ്ണൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സി.പി.എം പുറത്താക്കിയതിന് പിന്നാലെ 2017ലാണ് ഋതബ്രത തൃണമൂലിൽ ചേർന്നത്. വിമത പ്രവർത്തനങ്ങളെ തുടർന്ന് മമത ബാനർജി കഴിഞ്ഞദിവസം ഋതബ്രതയെ പുറത്താക്കിയെങ്കിലും ഭൂരിപക്ഷം തൃണമൂൽ എം.എൽ.എമാരും അദ്ദേഹത്തിനൊപ്പമാണ്. വിമത വിഭാഗം പ്രത്യേക യോഗം ചേർന്ന് ഋതബ്രതയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. പിന്നാലെ ഋതബ്രതയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 58 എം.എൽ.എമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് നൽകുകയായിരുന്നു. സ്പീക്കർ ഉടനടി ഇത് അംഗീകരിക്കുകയും ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

ഋതബ്രത ബാനര്‍ജി ബംഗാളിലെ പ്രതിപക്ഷ നേതാവ്.

2007 ല്‍ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റായി ഡല്‍ഹിയിലേക്ക് മാറുമ്പോള്‍ പാര്‍ട്ടി ഒരുക്കിയ പരിമിതമായ താമസസ്ഥലത്ത് ഒരു കൊച്ചു മുറിയില്‍ (അടുക്കള) താമസക്കാരനായി ചെല്ലുമ്പോള്‍ അവിടെ എന്‍റെ കൂടെ താമസക്കാരനായി വരേണ്ടിയിരുന്നത് അന്നത്തെ എസ്.എഫ്.ഐ സെക്രട്ടറി ആയിരുന്ന ഈ ബാനര്‍ജി ആയിരുന്നു. അന്ന് എം.പി. ആയിരുന്ന രാജ്നാഥ് സിംഗിന്‍റെ ബംഗ്ലാവിന്‍റെ തൊട്ടടുത്തുള്ള 42, അശോക എന്ന ഞങ്ങളുടെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ ഉള്‍പ്പെടെ എട്ടോളം കുടുംബങ്ങള്‍ അടുക്കളയിലും വരാന്തകളിലുമായി കഴിഞ്ഞുകൂടി. എം.പി. മാര്‍ക്ക് ലഭിക്കുന്ന ബംഗ്ലാവുകളും സര്‍വ്വന്‍റ് ക്വാര്‍ട്ടേഴ്സുകളും എല്ലാം പാര്‍ട്ടി ഏറ്റെടുത്ത് എ.കെ.ജി ഭവനിലെ ജീവനക്കാര്‍ക്കും വര്‍ഗ്ഗബഹുജന സംഘടനകളുടെ ഭാരവാഹി കള്‍ക്കും വീതം വച്ചു നല്‍കുകയായിരുന്നു പതിവ്. ഏതാണ്ട് രാത്രി 9 മണി കഴിഞ്ഞപ്പോള്‍ എന്‍റെ സഹമുറിയനായി ബാനര്‍ജി വന്നു. മുറിയുടെ അവസ്ഥ കണ്ടപാടെ അവന്‍ ക്ഷുഭിതനായി. What is this comrade ? How can we stay here, better to search for a toilet for sleep. We are not street beggars I won’t stay here എന്നെല്ലാം വിളിച്ച് പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയി. പിന്നീട് ഒരിക്കലും അയാള്‍ അങ്ങോട്ട് വന്നതേയില്ല. ഒന്നാം യു.പി.എ ഭരണത്തിന്‍റെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം പല സ്ഥലങ്ങളിലായി ലക്ഷ്വറി ജീവിതം ആസ്വദിച്ച് താമസിച്ചു. അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവന്‍ പിന്നീട് കാണുമ്പോള്‍ എല്ലാം എന്നെ പരിഹസിക്കുമായിരുന്നു. You are still staying in that kennel or dog house ? Horrible.നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലൂടെ നുഴഞ്ഞ് കേറി ബംഗാളിലെ പ്രതിപക്ഷ പ്രതിരോധത്തിന്‍റെ മുഖമായി മാറിയിരിക്കുന്നു. അത്ഭുതപ്പെടാനില്ല. ഓരോ ജനതയ്ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക.

Full View


Tags:    
News Summary - P. Sreeramakrishnan shares memories with Ritabrata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.