സാൻ ഫ്രാൻസിസ്കോ: വിരമിക്കൽ അക്കൗണ്ടിൽ 88 കോടിയിലധികം രൂപയുണ്ടായിട്ടും അവധിക്കാല യാത്ര പോകാനുള്ള ഭാര്യയുടെ ആവശ്യം സാമ്പത്തിക പ്രതിസന്ധി ഭയന്ന് നിരസിക്കേണ്ടി വന്നുവെന്ന് ടെക്കി. സമൂഹമാധ്യമത്തിലെ കുറിപ്പ് വിവാദമായതോടെ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ആൽഫ എ.ഐ സ്ഥാപകനും സി.ഇ.ഒയുമായ കെവിൻ സൂവാണ് കൗതുകകരമായ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ ദീർഘകാല സമ്പാദ്യവും തത്സമയം ലഭ്യമായ പണവും വ്യക്തമാക്കുന്ന അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു കുറിപ്പ്.
കെവിന്റെ വിരമിക്കൽ അക്കൗണ്ടിന്റെ മൂല്യം 88 കോടിയിലധികം രൂപയാണെങ്കിലും (9.8 മില്യൺ ഡോളർ), ചെക്കിംഗ് അക്കൗണ്ടിലും സേവിംഗ്സ് അക്കൗണ്ടിലും യഥാക്രമം 3,000 ഡോളറും 296 ഡോളറും മാത്രമാണുള്ളത്. രസകരമായ കുറിപ്പിൽ ഭാര്യ അവധിക്കാലം ആഘോഷിക്കാൻ യാത്രപോവാമെന്ന് പറഞ്ഞപ്പോൾ താൻ തകർന്നുപോയെന്നും കെവിൻ കുറിച്ചു.
വിരമിക്കൽ അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുന്ന സമ്പത്തും ചെലവഴിക്കാൻ കഴിയുന്ന പണവും തമ്മിലുള്ള സങ്കീണമായ വ്യത്യാസം പലർക്കും മനസ്സിലാകുന്നില്ലെന്നും കെവിൻ കൂട്ടിച്ചേർത്തു. ഉറക്കവും വ്യായാമവും അവധിക്കാല യാത്രകളുമില്ലാതെയുള്ള ജീവിതം കൊണ്ട് താൻ നേടിയത് 11 ദശലക്ഷം ഡോളറാണെന്ന് നേരത്തെ കെവിൻ കുറിച്ചിരുന്നു.
ഉപയോഗിക്കാനാവില്ലെങ്കിൽ പണം കൊണ്ട് എന്താണ് പ്രയോജനമെന്നായിരുന്നു പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയ ആയിരക്കണക്കിന് ആളുകളുടെ പ്രതികരണം. കെവിന്റെ സാമ്പത്തിക ആസൂത്രണത്തിന് കാര്യമായ കുഴപ്പമുണ്ടെന്നായിരുന്നു ഒരു ഉപയോക്താവിന്റെ കുറിപ്പ്. 10 മില്യൺ ആസ്തിയുണ്ടായിട്ടും അവധിക്കാലം ആഘോഷിക്കാനാവാത്ത നിങ്ങളുടെ ഭാര്യയോട് ദയ തോന്നുന്നുവെന്നും ഒരു ഉപഭോക്താവ് കുറിച്ചു. വൈറലായതോടെ 17 ദശലക്ഷത്തിലധികം ആളുകളാണ് എക്സിലെ പോസ്റ്റിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.