‘ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടർത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞത്...’; വൈകാരിക കുറിപ്പുമായി സമദാനി

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാലിന്‍റെ മാതാവ് ശാന്തകുമാരിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി.

മോഹൻലാലിന്റെ അമ്മയുടെ വിയോഗം അവരെക്കുറിച്ചുള്ള ധന്യസ്മൃതിയിൽ വിഷാദം പടർത്തിയെന്നും നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നൽകിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പിൽ ആദരാഞ്ജലികളെന്നും സമദാനി ഫേസ്ബുക്കിൽ കുറിച്ചു. അക്ഷരാർഥത്തിൽ മാതൃത്വത്തിന്റെ ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടർത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

ടി.എൻ. പ്രതാപനും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച അമ്മ സംഗമത്തിൽ ശാന്തകുമാരിയമ്മക്കൊപ്പം പങ്കെടുത്തതിന്‍റെ ഓർമകളും കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. പക്ഷാഘാതത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ, ചൊവ്വാഴ്ച ഉച്ചക്ക് എറണാകുളം എളമക്കരയിലെ മോഹൻലാലിന്‍റെ വീട്ടിലായിരുന്നു അന്ത്യം. മരണസമയത്ത് മോഹൻലാൽ ഒപ്പമുണ്ടായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത്.

അവസാനകാലം വരെയും അമ്മയുമായി മോഹൻലാൽ വളരെ വൈകാരിക ബന്ധം നിലനിർത്തിയിരുന്നു. വിശേഷാവസരങ്ങളിലെല്ലാം എല്ലാ തിരക്കുകളും മാറ്റിവെച്ച് അമ്മയുടെ അടുത്തെത്തിയിരുന്ന അദ്ദേഹം, തന്‍റെ വിജയങ്ങളുടെയെല്ലാം പിന്നിൽ അമ്മയുടെ സ്നേഹവും അനുഗ്രഹവുമാണെന്ന് പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോഴും മോഹൻലാൽ ആദ്യം കാണാനെത്തിയത് അമ്മയെയാണ്. കഴിഞ്ഞ വർഷം ശാന്തകുമാരിയുടെ 89ാം പിറന്നാൾ എളമക്കരയിലെ വീട്ടിൽ സംഗീതാർച്ചന അടക്കം പരിപാടികളോടെ വിപുലമായാണ് ആഘോഷിച്ചത്.

അബ്ദുസ്സമദ് സമദാനി എം.പിയുടെ കുറിപ്പിന്‍റെ പൂർണ രൂപം;

ഏതൊരു സന്തതിയുടെയും വ്യക്തിത്വസാകല്യവും ജീവിതസാഫല്യവും പ്രഭവം കൊള്ളുന്നതും അത് തിരിച്ചുചെല്ലുന്നതും പിതാവിലേക്കും അതിലുപരി മാതാവിലേക്കുമാണ്. ചില മക്കളുടെ കാര്യത്തിൽ മാതൃത്വത്തിന്റെ ഈ പ്രഭാവം അതി തീവ്രവും അത്യഗാധവുമായിരിക്കും.

പ്രിയങ്കരനായ മോഹൻലാലിന്റെ അമ്മയുടെ വിയോഗം അവരെക്കുറിച്ചുള്ള ധന്യസ്മൃതിയിൽ വിഷാദം പടർത്തി. നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നൽകിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പിൽ ആദരാഞ്ജലികൾ!. മക്കളുടെ സകല നേട്ടങ്ങളും മാതാവിന്റെ മടിത്തട്ടിൽ വീഴുന്ന നക്ഷത്രങ്ങളാകുന്നു. ജീവിതത്തിലും മരണത്തിലും മായ്ക്കാൻ കഴിയാത്ത പൊക്കിൾക്കൊടി ബന്ധത്തിന്റെ സദ്ഫലങ്ങൾ മാത്രമാകുന്നു അതത്രയും.

അവർ രോഗിയായിക്കിടക്കുമ്പോൾ ഒരിക്കൽ കൊച്ചിയിലെ വീട്ടിൽ കാണാൻ പോയിരുന്നു. ഒരു മൗനമന്ത്രം പോലെ മകൻ അമ്മയുടെ കാതിൽ പറഞ്ഞു: "അമ്മേ, കണ്ണു തുറന്നു നോക്കൂ, ആരാണ് വന്നിരിക്കുന്നത്". എന്നിട്ട് എന്റെ പേര് പറഞ്ഞ് അമ്മയെ വിളിച്ചു. മോഹൻലാൽ എന്ന കലാകാരന്റെ പ്രതിഭയുടെ ആഴം ശ്രേഷ്ഠമായ ഈ മാതൃത്വത്തിന്റെ ആഴത്തിൽ ദർശിക്കുന്നതായിരിക്കും സമുചിതം.

പ്രിയ സ്നേഹിതൻ ടി.എൻ പ്രതാപനും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച, മലയാളീഹൃദയങ്ങളിൽ മാതൃത്വത്തിന്റെ വികാരസാന്ദ്രത സന്നിവേശിപ്പിച്ച നാട്ടിക സ്നേഹതീരത്തെ അമ്മ സംഗമവും അതിലെ അമ്മ പ്രസംഗവും ഐശ്വര്യവതിയായ ഈ വലിയ അമ്മയോട് അഗാധമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. അവരാണ് അന്ന് ആ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് തിരികൊളുത്തിയത്. ഒരു വലിയ തറവാട്ടമ്മയായി ആ ചടങ്ങിന്റെ മുഴുവൻ ആതിഥേയയെപ്പോലെ അവർ ശോഭിച്ചുനിന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മയാണ്. താൻ അവാർഡ് സ്വീകരിക്കുന്ന പരിപാടികളിൽ പോലും വരാത്ത അമ്മ ഈ ചടങ്ങിന് എത്തിയതിന്റെ പിന്നിലെ മാതൃവികാരത്തെപ്പറ്റി അന്ന് ആ വേദിയിൽ തന്നെ പ്രിയപ്പെട്ട മോഹൻലാൽ സൂചിപ്പിക്കുകയുണ്ടായി.

അക്ഷരാർത്ഥത്തിൽ മാതൃത്വത്തിന്റെ ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടർത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞിരിക്കുന്നത്.

Full View
Tags:    
News Summary - M. P. Abdussamad Samadani MP condoles the demise of Mohanlal's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.