കൊൽക്കത്ത: അന്നന്നത്തെ അന്നം കണ്ടെത്താൻ കഷ്ടപ്പെടുന്ന വയോധികരുടെ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാകാറുണ്ട്. കഴിഞ്ഞ മാസമാദ്യം ഹിറ്റായ ഡൽഹിയിലെ ബാബാ കാ ധാബ തന്നെ ഉദാഹരണം. കഷ്ടപ്പെടുന്ന വയോധികരെ സഹായിക്കാൻ ആകുന്നത് ചെയ്യാനും നെറ്റിസൺസ് തയാറാകാറുണ്ട്.
കൊൽക്കത്തയിലെ 80കാരനായ ചിത്രകാരൻ സുനിൽ പാലിന്‍റെ ജീവിത കഷ്ടപ്പാടുകളും കഴിഞ്ഞ ദിവസം ഇങ്ങനെ വൈറലായി. മക്കൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് തെരുവിലായ സുനിൽ റോഡരികിൽ ചിത്രങ്ങൾ വരച്ച് വിറ്റാണ് ജീവിക്കുന്നത്. അതിമനോഹരമായ ചിത്രങ്ങളാകട്ടെ വിൽക്കുന്നത് വളരെ വില കുറച്ചും. 50 രൂപക്കും 100 രൂപക്കുമൊക്കെ ചിത്രങ്ങൾ വിറ്റ് ജീവിക്കുന്ന സുനിലിന്‍റെ കഥ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമൊക്കെ വേഗം വൈറലായി.
കൊൽക്കത്ത ഗോൽ പാർക്കിലെ ഗരിയഹട്ട് റോഡിലാണ് സുനിൽ ചിത്രങ്ങൾ വിൽക്കാൻ നിൽക്കുന്നത്. ഭാര്യ മരിച്ച ശേഷം മക്കൾ ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ നിരവധി പേർ സുനിലിനെ സഹായിക്കാനായി ചിത്രങ്ങൾ വാങ്ങാനെത്തി. കൊൽക്കത്തയിലുള്ളവർ പടം വാങ്ങി അയച്ച് തരണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്. കൂടുതൽ പേർ ചിത്രം വാങ്ങാനെത്തിയതോടെ ജീവിതം പച്ച പിടിക്കുന്നതിന്‍റെ സന്തോഷത്തിലാണ് സുനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.