ഷാഫി പറമ്പിൽ, ജിന്‍റോ ജോൺ, ഇ.എൻ. സുരേഷ് ബാബു, 

‘സ്ത്രീകളുടെ ഭംഗി’ക്കുള്ള സി.പി.എം മാനദണ്ഡം എന്ത്?; സ്ത്രീകളെ ചേർത്ത് അപഖ്യാതി പറയരുതെന്ന് പറയാനുള്ള ആർജവം വനിത നേതാക്കൾക്കില്ലേ? -ജിന്‍റോ ജോൺ

കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിക്കെതിരെ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അടക്കമുള്ള സി.പി.എം നേതാക്കളുടെ അധിക്ഷേപത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ. പാലക്കാട്‌ ജില്ലാ സെക്രട്ടറി പറഞ്ഞ 'നല്ല ഭംഗിയുള്ള സ്ത്രീകൾ' എന്നതിന്റെ പൊളിറ്റിക്കൽ കറക്റ്റ്നെസ് സി.പി.എം വ്യക്തമാക്കണമെന്ന് ജിന്‍റോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഷാഫിയെ ആക്ഷേപിക്കാൻ സി.പി.എം ഉപയോഗിച്ച 'ബാംഗ്ലൂർക്ക് ക്ഷണം കിട്ടുന്ന' സ്ത്രീകളെ കുറിച്ച് സി.പി.എം വനിത സഖാക്കൾക്ക് വേവലാതിയില്ലേ?. ഒരു നേതാവിനെ ആക്ഷേപിക്കാനായി സ്ത്രീകളെ ചേർത്തുള്ള അപഖ്യാതി പറയൽ ഇനിയെങ്കിലും സ്വന്തം സഖാക്കൾ നിർത്തണമെന്ന് പറയാനുള്ള ആർജവം വനിത നേതാക്കൾക്കില്ലേ?. അപരന്റെ സ്വകാര്യതയിൽ സി.സി.ടിവി വച്ചു പരതുന്നല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് സി.പി.എം തിരിച്ചറിയണം.

ഷാഫി പറമ്പിൽ എന്ന യുവനേതാവ് മതേതര കേരളത്തിലെ കോൺഗ്രസ്‌ നിലാവ് ആണ്. സി.പി.എമ്മിന്‍റെ നുണഫാക്ടറിയിൽ വിരിയിച്ചെടുത്ത കാഫിർ സ്ക്രീൻഷോട്ടിന്റെ വർഗീയ പ്രചരണം പോലും അതിജീവിച്ച പോരാളിയാണ്. സി.പി.എമ്മിന്‍റെ ആസ്ഥാന അന്വേഷണ കമീഷനായ ബാലേട്ടന് പോലും ബോധ്യപ്പെടാത്ത ആ രേഖകൾ ഇനിയെങ്കിലും പുറത്ത് വിടണമെന്നും ജിന്‍റോ ജോൺ എഫ്.ബി പോസ്റ്റിൽ ആവശ്യപ്പെട്ടു.

ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

"നിലാവുദിക്കുമ്പോൾ കുരയ്ക്കുന്ന നായ്ക്കൾ" എന്നുള്ള സിപിഎം വനിതാ നേതാവിന്റെ പ്രയോഗത്തിന് നല്ലൊരു ഉദാഹരണം ഇത്ര പെട്ടന്ന് വരുമെന്ന് കരുതുന്നില്ല. എന്തായാലും ഷാഫി പറമ്പിൽ എന്ന യുവനേതാവ് മതേതര കേരളത്തിലെ കോൺഗ്രസ്‌ നിലാവ് ആണെന്ന് പൊതുമനസ്സാക്ഷി പറയുമ്പോൾ, ആരായിരിക്കും അപ്പോൾ നിലാവ് കണ്ടു കുരയ്ക്കുന്ന ആ നായ്ക്കൾ? ഉത്തരം സിപിഎം പറയണം.

" സ്ത്രീ പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതല്ലെന്ന ബോധമുണ്ടാകണം" എന്ന സ്വന്തം നേതാവിന്റെ വാക്കുകൾ കൂടി സിപിഎം വ്യാഖ്യാനിക്കണം. പാലക്കാട്‌ ജില്ലാ സെക്രട്ടറി പറഞ്ഞ ആ 'നല്ല ഭംഗിയുള്ള സ്ത്രീകൾ' എന്നതിന്റെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കൂടി വ്യക്തമാക്കണം. 'സ്ത്രീകളുടെ ഭംഗി' ഏത് മാനദണ്ഡം ഉപയോഗിച്ചാണ് സിപിഎം തീരുമാനിക്കുന്നത്. അവനവനെതിരെ വരുന്ന അധിക്ഷേപങ്ങൾ മാത്രം കാണുകയും മറ്റെല്ലാം കാണാതിരിക്കുകയും ചെയ്യുന്നത് കപട സ്ത്രീപക്ഷ വാദമാണ്.

ഷാഫിയെ ആക്ഷേപിക്കാൻ സിപിഎം ഉപയോഗിച്ച 'ബാംഗ്ലൂർക്ക് ക്ഷണം കിട്ടുന്ന' സ്ത്രീകളെ കുറിച്ച് സി.പി.എം വനിതാ സഖാക്കൾക്ക് വേവലാതിയില്ലേ? വ്യാജ ആക്ഷേപങ്ങൾക്ക് വിധേയമാകുന്ന പുരുഷന്മാർക്കും നീതി അവകാശമില്ലേ? ഒരു നേതാവിനെ ആക്ഷേപിക്കാനായി സ്ത്രീകളെ ചേർത്തുള്ള അപഖ്യാതി പറയൽ ഇനിയെങ്കിലും സ്വന്തം സഖാക്കൾ നിർത്തണമെന്ന് പറയാനുള്ള ആർജ്ജവം സിപിഎമ്മിലെ വനിത നേതാക്കൾക്കില്ലേ? അതും കൂടി തുല്യം ചേരുമ്പോഴല്ലേ യഥാർത്ഥ സ്ത്രീപക്ഷ വാദമാകുക? അത് മനസ്സിലാക്കാൻ ഗാന്ധി, നെഹ്‌റു, ലെനിൻ, ഫിഡൽ കാസ്ട്രോ തുടങ്ങിയവരുടെ പുസ്തക പാരായണം വേണ്ടല്ലോ. സാമാന്യ മര്യാദയുടെ സമത്വബോധവും അവരവരുടെ തന്നെ പ്രസ്താവനകളുടെ പുനർവായനയും പോരേ?

ഇഎംഎസിൽ തുടങ്ങി പാലക്കാട്ടെ ഇ എൻ സുരേഷ് ബാബുവിൽ എത്തിനിൽക്കുന്ന കപട സദാചാര വാദത്തിന്റെ ഈ ബൈനോക്കുലർ സിപിഎം മാറ്റിവയ്ക്കണം. അപരന്റെ സ്വകാര്യതയിൽ സിസിടിവി വച്ചു പരതുന്നല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് തിരിച്ചറിയണം. രാഷ്ട്രീയ വിഷയങ്ങൾ പറഞ്ഞു ജയിക്കാൻ പറ്റാതെ വരുമ്പോൾ ഉളുപ്പില്ലാത്ത നാവുകൊണ്ടുള്ള ഈ സദാചാര പോലീസ് ലാത്തിയടി നിർത്തണം. അല്ലെങ്കിൽ കൂട്ടത്തിലെ പലരുടേയും ഒളിവിലെ ഓർമ്മകൾ കൂടി ആളുകൾ വലിച്ചു പുറത്തിടും. അപ്പോൾ 'ഞങ്ങളുടെ സ്വകാര്യത ചർച്ച ചെയ്യുന്നേ' എന്നുള്ള കള്ളക്കരച്ചിൽ ഉയർന്നു കേൾക്കാനിടയുണ്ട്. അതിനിയും വേണ്ട. കാരണം അതല്ല രാഷ്ട്രീയ പ്രവർത്തനം. അതുകൊണ്ട് ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ആദ്യം തിരുത്തണം. ഇക്കാര്യത്തിലും പോലീസ് 'ഉണർന്ന്' പ്രവർത്തിക്കണം. നിരന്തരം നീതി നിഷേധിക്കപ്പെടുന്നവർ ചിലപ്പോൾ നിങ്ങളുടെ മാർഗ്ഗം സ്വീകരിച്ചാൽ (അതും തെറ്റാണ്) അതിനുംകൂടി നിങ്ങൾ ഉത്തരം കണ്ടെത്തേണ്ടി വരും.

ഇനി 'സുരേഷ് ബാബേട്ട'നോട്, നിങ്ങൾക്ക് മാത്രം കാണാൻ കഴിയുന്ന ആ രേഖകൾ ഇനിയെങ്കിലും പുറത്ത് വിടണം. 'കോലിട്ടിളക്കൽ' എന്നുള്ള ഈ പ്രയോഗം ടി കെ ഹംസ പണ്ട് വിഎസിനെ കുറിച്ച് പറഞ്ഞത് കടം കൊണ്ടതാണെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇത് ഷാഫി പറമ്പിൽ എം പിയാണ്. നിങ്ങളുടെ നുണ ഫാക്ടറിയിൽ വിരിയിച്ചെടുത്ത കാഫിർ സ്ക്രീൻഷോട്ടിന്റെ വർഗ്ഗീയ പ്രചരണം പോലും അതിജീവിച്ച കോൺഗ്രസ്‌ പോരാളി. നിങ്ങളുടെ ആസ്ഥാന അന്വേഷണ കമ്മീഷനായ ബാലേട്ടന് പോലും ബോധ്യപ്പെടാത്ത ആ രേഖകൾ ഇനിയെങ്കിലും പുറത്ത് വിടണം. ജില്ലയിലെ മന്ത്രി കൂടിയായ എം ബി രാജേഷിന് പോലും അറിയാത്ത ആ രഹസ്യം താങ്കൾ പരസ്യമാക്കണം. നിങ്ങളുടെ പാർട്ടിയിലെ

ഒരാൾക്ക് പോലും അറിവില്ലാത്ത ആ'ബാംഗ്ലൂർ ക്ഷണം' ആർക്കാണ് കിട്ടിയതെന്ന് വിളിച്ചുപറയണം ബഹുമാന്യാ😏 അതെങ്ങനെ നിങ്ങൾ അറിഞ്ഞു എന്നും.

ഒരുപാട് മാഷുമാരും ടീച്ചർമാരും കൂട്ടത്തിലുള്ള പാർട്ടി പറയണം സുരേഷ് ബാബു ഉദ്ദേശിക്കുന്ന ഹെഡ്മാസ്റ്റർ ആരാണെന്ന്. കപട സദാചാരത്തിന്റെ പാർട്ടി സ്കൂൾ മുറ്റത്തിരുന്ന് ഹെഡ്മാസ്റ്ററെ തപ്പുന്നത് അത്ര നന്നാകില്ലെന്ന് ഓർക്കണം. അങ്ങനെയെങ്കിൽ, പി ശശി, പി കെ ശശി, ഗോപി കോട്ടമുറിക്കൽ, മുകേഷ്, ഗണേഷ്, ശശീന്ദ്രൻ, തെറ്റയിൽ, കടകപള്ളി, ഐസക്, ശ്രീരാമകൃഷ്ണൻ (ദൈവത്തിന്റെ പേരല്ല, റെമി മാർട്ടിൻ കാണിച്ച് സ്വപനയെ ക്ഷണിച്ച സഖാവിന്റെ പേരാണ് സംഘികളെ. അതുകൊണ്ട് ഇതിലും വർഗ്ഗീയത തെരയരുത്🙏), തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ബ്രാഞ്ച് മുതൽ പിബി വരെയുള്ളവരെ പോറ്റിവളർത്തുന്ന യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാണോ പിണറായി? കിളിരൂർ മുതൽ ബീഹാർ വരെ നീളുന്ന കൊണവതികാരങ്ങളുടെ യൂണിവേഴ്സിറ്റി രജിസ്ട്രാർ ആണോ കാവിന്ദൻ മാസ്റ്റർ? ദക്ഷിണ വച്ച ഹെഡ്മാസ്റ്റർമാരെ പുറത്തല്ല, കൂട്ടത്തിൽ തന്നെയാണ് അന്വേഷിക്കേണ്ടത് സംഘാവ് സുരേഷ് ബാബുവേ.

Tags:    
News Summary - Jinto John's Facebook post against CPM leaders including E.N. Suresh Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.