‘ഞാൻ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു’ -കാത്തിരുന്ന സാഡിയ്ക്ക് ആശംസകളുമായി ക്രിസ്റ്റീന കോച്ച്

വാഷിങ്ടൺ: ചന്ദ്രനെ വലംവെച്ചുള്ള ചരിത്രപ്രധാനമായ യാത്ര കഴിഞ്ഞ് ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോച്ചിനെ കണ്ട് സന്തോഷപ്രകടനം നടത്തി സ്വന്തം വളർത്തുനായ. ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ക്രിസ്റ്റീനയെ കാത്തിരുന്നത് തന്റെ പ്രിയപ്പെട്ട നായ സാഡിയുടെ നിറയാർന്ന കണ്ണുകളായിരുന്നു. സമൂഹമാധ്യമത്തിൽ വൈറലായ ഇവരുടെ സംഗമത്തിന്റെ വിഡിയോ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുകയാണ്.

വീടിന്റെ വാതിൽ തുറക്കുന്നതിന് മുമ്പേ തന്റെ പ്രിയപ്പെട്ട ഉടമയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഡി വാതിലിനുമുന്നിൽ തുള്ളിച്ചാടുകയായിരുന്നു. വാതിൽ തുറന്ന നിമിഷം മുട്ടുകുത്തിയിരുന്ന് ക്രിസ്റ്റീന സാഡിയെ വിളിച്ചു. അടങ്ങാത്ത ആവേശത്തോടെ ക്രിസ്റ്റീനയ്ക്ക് ചുറ്റും ഓടിനടന്ന സാഡി, തന്റെ സന്തോഷം പ്രകടിപ്പിക്കാനായി ഉടൻ തന്നെ പ്രിയപ്പെട്ട കളിപ്പാട്ടവുമായി എത്തുകയും ചെയ്തു.

"ഈ പുനഃസംഗമത്തിൽ എന്നെക്കാൾ സന്തോഷം സാഡിക്കാണെന്ന് എനിക്ക് ഉറപ്പുണ്ട്. വൈകാരികമായ പിന്തുണ നൽകുന്നതിനെക്കുറിച്ച് അവൾ എനിക്ക് വലിയ പാഠങ്ങൾ പകർന്നുനൽകി." ക്രിസ്റ്റീന കോച്ച് ഇമോജികളോടൊപ്പം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വിഡിയോ പുറത്തുവന്നതോടെ ആരാധകർ സ്നേഹം നിറഞ്ഞ പ്രതികരണങ്ങളുമായി രംഗത്തെത്തി. "നീ എത്ര ദൂരത്തുനിന്നാണ് വരുന്നതെന്ന് സാഡിക്ക് അറിയില്ലായിരിക്കാം, പക്ഷേ അവൾക്ക് നിന്നെ അത്രമേൽ ഇഷ്ടമാണ്" എന്നാണ് ഒരാൾ കുറിച്ചത്. "ചന്ദ്രനെ വലംവെക്കുന്നതും കടൽതീരത്ത് ഓടിനടക്കുന്നതും ഒരേ ആഴ്ചയിൽ തന്നെ സംഭവിക്കുന്നു എന്നത് അവിശ്വസനീയമാണ്" എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. "അമ്മ എവിടെ പോയതായിരുന്നു? വെറുതെ ചന്ദ്രൻ വരെ ഒന്ന് പോയിവന്നതാണ്!" എന്നിങ്ങനെ കൗതുകകരമായ കമന്റുകളും വിഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രധാന വാർത്തയാണ്.

Tags:    
News Summary - I love you like the moon - Christina Koch wishes Sadie who was waiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.