മയിലിനെ കറിവെക്കാൻ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ദുബൈയിലേക്ക് പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സംഘപരിവാർ അനുഭാവികളുടെ നേതൃത്വത്തിൽ ഫിറോസിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കെയാണ്, 'വറുത്തരച്ച മയിൽക്കറി' എന്ന തലക്കെട്ടോടെ പുതിയ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.
കഴിഞ്ഞ ദിവസം മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്ന വിഡിയോ ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു. മയിലിനെ കറി വെക്കുകയോ അല്ലെങ്കിൽ ഗ്രില്ല് ചെയ്യുകയോ ചെയ്യുമെന്നായിരുന്നു ഫിറോസ് മുൻ വിഡിയോയിൽ പറഞ്ഞത്.
എന്നാൽ, ഏറ്റവും പുതിയ വിഡിയോയിൽ മയിലിനെ കാണിക്കുന്നുണ്ടെങ്കിലും കോഴിയിറച്ചി പാചകം ചെയ്താണ് ഫിറോസ് ഭക്ഷണമൊരുക്കുന്നത്. ദേശീയ പക്ഷിയും ഏറെ ഭംഗിയുള്ളതുമായ മയിലിനെ ഒരിക്കലും കറിവെക്കില്ലെന്നാണ് ഫിറോസ് വ്യക്തമാക്കിയത്. മയിലിനെ കറിവെക്കാൻ പോവുകയാണെന്നത് വിഡിയോയ്ക്ക് വേണ്ടി മാത്രം പറഞ്ഞതാണെന്നും വാങ്ങിയ മയിലിനെ സമ്മാനമായി നൽകുകയാണെന്നും ഫിറോസ് പറയുന്നു. ദേശീയ പക്ഷിയായ മയിലിനെ ബഹുമാനിക്കണം. തന്‍റെ വിഡിയോ കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമിക്കണം. ഒരു കൗതുകം സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് മയിലിനെ കറിവെക്കുമെന്ന് പറഞ്ഞതെന്നും ഫിറോസ് വ്യക്തമാക്കി.
വിദ്വേഷ പ്രചാരകർക്ക് കൂടുതൽ അവസരം നൽകാതെ വിവാദം പരിഹരിച്ച ഫിറോസിന് ഏറെ അഭിനന്ദനമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ മയിലിനെ പിടിച്ച് കറിവെക്കുന്നതില്‍ വിലക്കുണ്ടെന്നും അതിനാലാണ് ദുബൈയിലെ ഫാമില്‍ നിന്ന് മയിലിനെ വാങ്ങി പാചകം ചെയ്യാന്‍ കാരണമെന്നും ഫിറോസ് ആദ്യ വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രകോപന കമന്‍റുകളും ഭീഷണികളുമെല്ലാം നിറഞ്ഞെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാന്‍ ഫിറോസ് തയ്യാറായിരുന്നില്ല. മയിലിനെ പാചകം ചെയ്യുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് അടിവരയിട്ടായിരുന്നു രണ്ടാമത്തെ വിഡിയോ. എന്നാൽ, മയിലിനെ കറിവെക്കുകയെന്ന് കണ്ടന്‍റ് ക്രിയേറ്റിങ്ങിന്‍റെ ഭാഗമായി മാത്രമാണെന്നും ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമാണ് ഫിറോസ് പുതിയ വിഡിയോയിൽ വ്യക്തമാക്കിയത്.
താമരശ്ശേരി: കോഴിക്കോട് അമ്പായത്തോട്ടിൽ യുവതിയെ വളർത്തുനായ്ക്കൾ കടിച്ചുകീറിയ സംഭവത്തിൽ നാട്ടുകാർക്കെതിരെ പൊലീസ് കേസ്. നായയുടെ ഉടമ റോഷനെ അക്രമച്ചതിനാണ് കണ്ടാലറിയുന്നവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. റോഷൻ നൽകിയ പരാതിയിലാണ് നടപടി.
അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കഴിഞ്ഞ ദിവസം വളർത്തുനായ്ക്കളുടെ കടിയേറ്റത്. ഇതിന്‍റെ വിഡിയോ പ്രചരിച്ചിരുന്നു. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാവിലെ റോഡിലേക്കിറിങ്ങിയ യുവതിയെ നായ്ക്കൾ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഉടമയായ റോഷൻ ഇത് കണ്ടിട്ടും ആദ്യം അടുത്തേക്ക് വന്നില്ല. പിന്നീട് നാട്ടുകാർ ഓടിക്കൂടിയതിന് ശേഷം മാത്രമാണ് ഇയാളെത്തി നായ്ക്കളെ പിടിച്ചുമാറ്റിയത്. ഈ വളർത്തു നായ്ക്കൾ ഇതിന് മുമ്പും പലരേയും കടിച്ചു പരിക്കേൽപിച്ചിരുന്നു. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഉടമകൾക്ക് പൊലീസ് താക്കീത് നൽകിയിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.