ഫാത്തിമ തഹ്ലിയ
കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി സി.പി.എം തയാറാക്കിയ തെരഞ്ഞെടുപ്പ് സമവാക്യം എന്തെന്ന് വ്യക്തമായെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.
അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥ് ആശംസാ സന്ദേശം അയക്കുന്നതിലെ രാഷ്ട്രീയ താൽപര്യം നമുക്ക് മനസിലാക്കാൻ കഴിയും. നാലു വോട്ടിനായി നാടിനെ ഒറ്റുകൊടുത്തവരെന്ന് ചരിത്രം നിങ്ങളെ വായിക്കും. അയ്യപ്പ സംഗമത്തിന് തയാറാക്കിയ പോസ്റ്ററിൽ അയ്യപ്പൻ മാത്രമില്ലെന്നും ഈ കാപട്യം അയ്യപ്പ വിശ്വാസികൾ മനസിലാക്കുമെന്നും തഹ്ലിയ പോസ്റ്റിൽ വ്യക്തമാക്കി.
വർഗ്ഗീയത മാത്രം ഭക്ഷിക്കുകയും തുപ്പുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശൻ അയ്യപ്പ സംഗമത്തിനെത്തിയത് മുഖ്യമന്ത്രിയുടെ കാറിൽ. അയ്യപ്പ സംഗമത്തിന് ആശംസ അറിയിച്ച് യുപിയിലെ ബിജെപി മുഖ്യമന്ത്രി, അജയ് ബിഷ്ട് എന്ന യോഗി ആദിത്യനാഥ്. ആശംസാ സന്ദേശം അയക്കുന്നതിലെ രാഷ്ട്രീയ താത്പര്യം നമുക്ക് മനസ്സിലാക്കാൻ കഴിയും.
പക്ഷേ, ആശംസാ കത്ത് അഭിമാനത്തോടെ ഉയർത്തി കാണിക്കുന്ന, വിവരിക്കുന്ന മന്ത്രി വി.എൻ വാസവൻ നൽകുന്ന സന്ദേശമെന്താണ്.? യോഗിയുടെ ആശംസ ലഭിച്ചു എന്നതിനേക്കാൾ വലിയ അശ്ലീലം ഒരു ഇടത് സർക്കാരിനെ ബാധിക്കാൻ വേറെന്തുണ്ട്.?!
അടുത്ത നിയമസഭാ ഇലക്ഷന് വേണ്ടി സിപിഎം തയ്യാറാക്കി വെച്ച തെരഞ്ഞെടുപ്പ് ഇക്വേഷൻ എന്തെന്ന് ഏറെക്കുറെ വ്യക്തമായി. നാല് വോട്ടിനായി നാടിനെ ഒറ്റുകൊടുത്തവരെന്ന് ചരിത്രം നിങ്ങളെ വായിക്കും, തീർച്ച.
അയ്യപ്പസംഗമത്തിന് തയ്യാറാക്കിയ പോസ്റ്ററിൽ പക്ഷേ, അയ്യപ്പൻ മാത്രമില്ല. ഈ കാപട്യം അയ്യപ്പ വിശ്വാസികൾ തന്നെ മനസ്സിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.