എ.ഐയോട് പിണങ്ങി; റോബോട്ടിനെ തല്ലിപ്പൊളിച്ച് യുവതി -വിഡിയോ വൈറൽ

നിർമിത ബുദ്ധിയും (എ.ഐ) മനുഷ്യനും തമ്മിലുള്ള മത്സരത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും കാലമാണ് വരാൻ പോകുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ന് പല മേഖലകളിലും നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന റോബോട്ടുകളും മറ്റും ഏറെ പ്രചാരം നേടുകയാണ്. എന്നാൽ, എല്ലാക്കാലവും മനുഷ്യനും റോബോട്ടും തമ്മിലുള്ള ബന്ധം നല്ലതുപോലെയായിരിക്കുമോ. നിർമിത ബുദ്ധിയുമായി മനുഷ്യൻ പിണങ്ങിയാൽ എന്താവും സംഭവിക്കുക?

റോബോട്ടുകളെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്നതിൽ ഏറെ മുന്നിലുള്ള രാജ്യമാണ് ചൈന. ആശുപത്രികളിലും റസ്റ്ററന്‍റുകളിലും വ്യാപകമായി റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. റോബോട്ടും മനുഷ്യനും തമ്മിലുള്ള കലഹത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത് ചൈനയിൽ നിന്നാണ്.

ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ ഒരു ആശുപത്രിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഒരു സ്ത്രീ കൈയിലൊരു വടിയുമായി ആശുപത്രിയിലെ റിസപ്ഷൻ ഡെസ്കിലെ റോബോട്ടിനെ തല്ലിപ്പൊളിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. റോബോട്ടിന്‍റെ വിവിധ ഭാഗങ്ങൾ ചിതറിക്കിടക്കുന്നതും കാണാം. റോബോട്ടിനോട് ക്ഷുഭിതയായി സംസാരിക്കുന്ന സ്ത്രീ ചുറ്റും കൂടിയവരോടും സംസാരിക്കുന്നുണ്ട്.

അടികൊണ്ട് പഞ്ചറായിട്ടും അതിന്‍റെ യാതൊരു ക്ഷീണവും റോബോട്ടിനില്ല. തലഭാഗം ഉൾപ്പെടെ തല്ലിപ്പൊളിച്ചിട്ടും റോബോട്ട് തല തിരിക്കുന്നതും കൈകൾ ഉയർത്തുന്നതും കാണാം. യുവതി റോബോട്ടിന് നേരെ അക്രമാസക്തയായതിന് കാരണം എന്താണെന്ന് വ്യക്തമല്ല. ആശുപത്രി അധികൃതരും പൊലീസും സംഭവം അന്വേഷിക്കുകയാണ്.


ചൈനയിൽ ആശുപത്രികളിൽ റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നു. ഡോക്ടറെ കാണൽ നിയന്ത്രിക്കുന്നത് ഉൾപ്പെടെ പല ജോലികളും റോബോട്ടുകളാണ് ചെയ്യുന്നത്. ഇത് നഴ്സുമാരുടെ എണ്ണം വൻ തോതിൽ കുറച്ചിരിക്കുകയാണ്. 

Full View


Tags:    
News Summary - Chinese woman bashes hospital robot with stick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.