പ്രതീകാത്മക ചിത്രം

'കാൻസർ ജയിച്ചു ഗയ്സ്, ഇതെന്‍റെ അവസാന ദീപാവലി'; സോഷ്യൽമീഡിയയെ കണ്ണു നനയിച്ച് 21കാരന്‍റെ കുറിപ്പ്

'ദീപാവലി അടുത്തു വരുന്നു. തെരുവുകളിൽ ഇപ്പോൾ തന്നെ ദീപങ്ങൾ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഞാൻ അവസാനമായി കാണാൻ പോവുകയാണെന്നോർക്കുമ്പോൾ വിഷമമാണ്. ഈ വെളിച്ചവും, ചിരികളും,ശബ്ദങ്ങളും എല്ലാം എനിക്ക് നഷ്ടമാകും. അടുത്ത വർഷം ഞാൻ ഒരു ഓർമ മാത്രമായി നിൽക്കുമ്പോൾ എന്‍റെ സ്ഥാനത്ത് മറ്റൊരാൾ ഇവിടം ദീപം കൊളുത്തും.' സോഷ്യൽമീഡിയയിൽ കാൻസർ ബാധിതനായ 21കാരൻ കുറിച്ചതാണ് ഈ വരികൾ.

2023ലാണ് യുവാവിന് നാലാം സ്റ്റേജ് വൻകുടൽ കാൻസർ നിർണയിക്കുന്നത്. നിരവധി കീമോ തെറാപ്പിക്കും ആശുപത്രി വാസത്തിനും ശേഷം ചികിത്സകളെല്ലാം അവസാനിപ്പിച്ചതായും ഈ വർഷം അതിജീവിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും യുവാവിന്‍റെ കുറിപ്പ് ആളുകളുടെ കണ്ണ് നനയിച്ചു. ഇത് തന്‍റെ അവസാനത്തെ ദീപാവലി ആഘോഷമായിരിക്കുമെന്ന് വേദനയോടെ അയാൾ കുറിച്ചു.

കുറേ യാത്ര ചെയ്യണമെന്നും സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നും ഒരു നായയെ ദത്തെടുക്കണമെന്നുമൊക്കെ തനിക്ക് ഏറെ ആഹ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ഇനി അതൊന്നും ഈ പരിമിതമായ സമയം കൊണ്ട് തനിക്ക് നേടാനാകില്ലെന്നും അയാൾ പറയുന്നു.

'എന്‍റെ സമയം തീർന്നു പോയി. ഞാനിപ്പോൾ വീട്ടിലാണ്. അച്ഛനമ്മമാരുടെ വിഷമം ഞാൻ കാണുന്നുണ്ട്. എന്തിനാണ് ഞാനിത് ഇവിടെ എഴുതുന്നതെന്നറിയില്ല. ചിലപ്പോൾ എന്‍റെ കാലശേഷവും ഓർമകൾ ഇവിടെ അവശേഷിപ്പിക്കുന്നതിനാവും' ഇങ്ങനെ പറഞ്ഞ് കുറിപ്പ് അവസാനിക്കുന്നു.

സഹാനുഭൂതിയും പ്രതീക്ഷയും ആശ്വാസവും പങ്കുവെച്ചു കൊണ്ട് പോസ്റ്റിന് താഴെ ആയിരക്കണക്കിന് ആളുകൾ കമന്‍റു ചെയ്തു. അദ്ഭുതം സംഭവിക്കട്ടെയെന്ന് പലരും ആശംസിച്ചു.

Tags:    
News Summary - cancer patient youth sharing a note on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.