ഈ മാലാഖമാർക്ക് ബിഗ് സല്യൂട്ട്! ഭൂകമ്പത്തിൽ കെട്ടിടമൊന്നാകെ കുലുങ്ങി, നവജാതശിശുക്കളെ ചേർത്തുപിടിച്ച് നഴ്സുമാർ -വിഡിയോ

ഗുവാഹത്തി: അസ്സമിൽ ഭൂകമ്പത്തില്‍ ആശുപത്രി കെട്ടിടമൊന്നാകെ കുലുങ്ങുന്നതിനിടെ ചികിത്സയിലുള്ള നവജാത ശിശുക്കളെ ചേർത്തുപിടിച്ച് നഴ്സുമാർ. ആശുപത്രിയിലെ എൻ.ഐ.സി.യുവില്‍ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്കാണ് നഴ്സുമാർ സംരക്ഷണമൊരുക്കിയത്.

ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞായറാഴ്ച വൈകീട്ടാണ് പശ്ചിമബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുപിന്നാലെ 3.1, 2.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുമുണ്ടായി. അസ്സമിലെ നാഗോണിലുള്ള ആദിത്യ ആശുപത്രിയിൽനിന്നുള്ളതാണ് ദൃശ്യങ്ങൾ. ഈസമയം എൻ.ഐ.സി.യുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരാണ് ഭൂകമ്പത്തിനിടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ഓടിയെത്തിയത്.

ഭൂകമ്പത്തിൽ ആശുപത്രി കെട്ടിടവും മുറിയിലെ ഉപകരണങ്ങളും വിവിധ സാമഗ്രികളും കുലുങ്ങുമ്പോഴും പുറത്തേക്ക് ഓടാതെ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുകയായിരുന്നു. ഒരാള്‍ രണ്ടുകുഞ്ഞുങ്ങള്‍ക്കും രണ്ടാമത്തെ നഴ്‌സ് മറ്റൊരു കുഞ്ഞിനും സംരക്ഷണമൊരുക്കുന്നത് വിഡിയോയിൽ കാണാനാകും. ഈ സമയമെല്ലാം ഭൂചലനത്തെത്തുടര്‍ന്ന് എൻ.ഐ.സി.യുവിലെ ഉപകരണങ്ങളും വിവിധ സാമഗ്രികളും കുലുങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. നഴ്‌സുമാരുടെ ധീരതക്ക് കൈയടിക്കുകയാണ് സമൂഹമാധ്യമം.

അസ്സം ആരോഗ്യ മന്ത്രി അശോക് സിംഗാൾ ഉൾപ്പെടെയുള്ളവർ ഇതിന്‍റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്നലത്തെ 5.9 ഭൂകമ്പത്തിൽ മൂന്ന് നവജാത ശിശുക്കളെ സംരക്ഷിച്ച നഗോണിലെ ആദിത്യ ആശുപത്രിയിലെ നഴ്സുമാർക്ക് സല്യൂട്ട്.

നമ്മുടെ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ പ്രതിബദ്ധതയും കാരുണ്യവും പ്രചോദനം നൽകുന്നു’ -മന്ത്രി കുറിച്ചു. ഭൂകമ്പത്തിൽ അസ്സമിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. അസ്സമിലെ സോനിത്പൂർ ജില്ലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.

Tags:    
News Summary - Assam’s heroic nurses shield newborns from earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.