മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിക്ക് പിന്നിലെ ഫിജിന് ക്ലിഫ് ഹൗസിലേക്ക് എൻട്രി പാസ്

തിരുവനന്തപുരം: സമൂഹ മാധ്യമ ലോകം ഏറ്റെടുത്ത കേരളക്കരയുടെ സ്വന്തം മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൂക്കിച്ചിരിക്ക് പിന്നിലെ ഫിജിന് ഓഫിസിലേക്ക് ഔദ്യോഗിക ക്ഷണം. വിഡിയോ വൈറലായതിനു പിന്നാലെയാണ് നേരിട്ടുകാണാൻ മുഖ്യമന്ത്രി ഫിജിനെ വിളിപ്പിച്ചിരിക്കുന്നത്.

യുവത ഏറ്റവും കൂടുതൽ ഉറ്റുനോക്കിയ തീരുമാനമായിരുന്നു വാഹനത്തിന്റെ മോഡിഫിക്കേഷനെ കുറിച്ചുള്ള വി.ഡി.സതീശന്റെ നയം. ആ തീരുമാനത്തെക്കുറിച്ചുള്ള വ്യക്തതക്കുവേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഫിജിൻ ചോദ്യം ചോദിച്ചത്. ‘‘സി.എം സാർ, വാഹനങ്ങളുടെ മോഡിഫിക്കേഷനെക്കുറിച്ച്..?’’ എന്ന ചോദ്യം ചോദിച്ചതേ ഉള്ളൂ...അവന്റെ നിഷ്കളങ്കത നിറഞ്ഞ ചോദിക്കൽ കണ്ട് അതേ വൈബിൽ മുഖ്യമന്ത്രി ഒന്നു തലയാട്ടി ഒരു ചിരി പാസ്സാക്കി. പിന്നാലെ ഒരു മറുപടിയും ‘‘പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മൾ വന്നിരിക്കുന്നത്’’ എന്ന്. ആ ചെറുചിരി പകർന്ന സുന്ദരനിമിഷം പകർത്തി നല്ലൊരു പശ്ചാത്തല സംഗീതവും നൽകി ഫിജിൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും വൈറലാവുകയുമായിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യത്തിന് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ കിട്ടിയത് 130 ലക്ഷം കാഴ്ചക്കാരെയും 15 ലക്ഷം ലൈക്കുകളുമാണ്. തമിഴ് സംഗീതസംവിധായകൻ അനിരുദ്ധിന്റെ സംഗീതംകൂടി കലർത്തിയായിരുന്നു റീൽ.

റീൽ വൈറലായതോടെ കേരളവും വിദേശവും ഏറ്റെടുത്തുകഴിഞ്ഞു. ആ ദൃശ്യങ്ങൾ ചേർത്ത് പ്രമുഖ ബ്രാൻഡുകളടക്കം പരസ്യം ഇറക്കുകയും വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വിഡിയോ വരെ പുറത്തിറങ്ങി. പിന്നാലെ മുഖ്യമന്ത്രി ‘പൂക്കി സി.എം’ എന്ന പേരും വന്നു. സംഗതി വൈറലായ വിവരം മകൾ കാണിച്ചു കൊടുത്തപ്പോഴാണ് മുഖ്യമന്ത്രി പോലും അറിഞ്ഞത്. “ആ പയ്യനെ കണ്ടപ്പോൾ ഒരു വാത്സല്യം തോന്നി, എന്റെ മകളുടെ പ്രായമേയുള്ളൂ” എന്നാണ് വി.ഡി സതീശൻ  പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അടുത്ത തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഓഫിസിലേക്ക് ഫിജിനെ ക്ഷണിച്ചിരിക്കുന്നത്. വിഡിയോ വൈറലായതിലും മുഖ്യമന്ത്രിയുടെ ക്ഷണം ലഭിച്ചതിലും ഏറെ സന്തോഷവാനാണെന്ന് ഫിജിൻ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം നിലമ്പൂർ എടക്കരക്കാരനാണ് ഈ യൂട്യൂബർ.

Tags:    
News Summary - The Fijian behind the Chief Minister's 'poo-ki' smile gets an entry pass to Cliff House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.