കൊച്ചി: ഉയർന്ന ശമ്പളവും മികച്ച തൊഴിലും ഉണ്ടായിട്ടും മാനസികമായി സംതൃപ്തനല്ലെങ്കിൽ, സമാധാനവും സന്തോഷവുമില്ലെങ്കിൽ കാര്യമില്ല. മാസം 2.5 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും 25000 രൂപ ശമ്പളമായി ലഭിച്ചപ്പോൾ ഉണ്ടായിരുന്ന സന്തോഷം ഇപ്പോളില്ലെന്ന യുവാവിന്‍റെ തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. എല്ലാവരും ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിലിലേക്കെത്തിപ്പെടാൻ ശ്രമിക്കുമ്പോളാണ് ഇത്രയും നല്ല തുക വരുമാനം ലഭിക്കുമ്പോളും തന്‍റെ പഴയ ജീവിതസാഹചര്യമായിരുന്നു നല്ലതെന്ന് പറഞ്ഞുകൊണ്ട് യുവാവ് രംഗത്ത് വന്നിരിക്കുന്നത്.
സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് ഈ കോർപറേറ്റ് ജീവനക്കാരൻ കുറിപ്പ് പങ്കുവെച്ചത്. ജയിച്ചു എന്ന് സമൂഹം പറയുന്നു, പക്ഷേ ഉള്ളിൽ ശൂന്യത മാത്രം. തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എല്ലാ മാസവും കൃത്യമായി രണ്ടര ലക്ഷം രൂപ ക്രെഡിറ്റ് ആകുമ്പോൾ, സാമൂഹിക മാനദണ്ഡങ്ങൾ പ്രകാരം താൻ വിജയിച്ചവനാണെന്ന് ഇയാൾ സമ്മതിക്കുന്നു. എന്നാൽ, ഈ വിജയം തനിക്ക് ഒരു സന്തോഷവും നൽകുന്നില്ലെന്ന് അദ്ദേഹം തുറന്നുപറയുന്നു.
മാസം 25,000 രൂപ സമ്പാദിച്ചിരുന്ന കാലത്ത് ജീവിതം വളരെ ഉന്മേഷഭരിതമായിരുന്നു. 500 രൂപ മുടക്കി കഴിക്കുന്ന ഒരു അത്താഴം പോലും വലിയൊരു നേട്ടമായി തോന്നുമായിരുന്നു. പുതിയൊരു ഷർട്ട് വാങ്ങുന്നത് വലിയൊരു സംഭവമായിരുന്നു. അന്ന് ഓരോ രൂപയ്ക്കും ഒരു ലക്ഷ്യവും അർത്ഥവുമുണ്ടായിരുന്നു. ഞാൻ യഥാർത്ഥത്തിൽ ജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
തന്‍റെ ഉയർന്ന ശമ്പളത്തിന്റെ 50 ശതമാനവും അക്കൗണ്ടിലെത്തുന്ന നിമിഷം തന്നെ നിക്ഷേപങ്ങളിലേക്കും എമർജൻസി ഫണ്ടുകളിലേക്കുമായി മാറ്റി വെക്കപ്പെടുന്നുവെന്ന് അദ്ദേഹം പറയുന്നു. ഭാവിയിൽ ആരാണെന്ന് പോലും അറിഞ്ഞുകൂടാത്ത ഒരാൾക്ക് വേണ്ടി ഞാൻ ഒരു വലിയ കോട്ട കെട്ടിപ്പടുക്കുകയാണ്. അതിനിടയിൽ ഇന്നത്തെ എന്നെ ഞാൻ പട്ടിണിക്കിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 40 മണിക്കൂറിലധികം നീളുന്ന ജോലിയിലൂടെ താൻ മാനസിക സമ്മർദ്ദവും യുവത്വവും പണയം വെക്കുകയാണെന്നും, എന്നാൽ ഈ പണം ചെലവഴിക്കാൻ തനിക്ക് അവകാശമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വേദനയോടെ ഓർമ്മിക്കുന്നു.
കമന്‍റുകളിൽ യുവാവിന് പരിഹാരങ്ങളും നിർദേശങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജീവിതത്തിൽ ഉയർച്ചകൾ കൈവരിക്കുന്നതിനൊപ്പം അത് പൂർണമായും ആസ്വദിക്കണമെന്നും കമന്‍റുകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.