കണ്ണൂർ: രണ്ട് പതിറ്റാണ്ടോളം സി.പി.എം സഹയാത്രികരായിരുന്ന ഡോ. കെ. ടി. ജലീലും ഭാര്യ ഫാത്തിമക്കുട്ടിയും ഒടുവിൽ പാർട്ടി അംഗങ്ങളാകാൻ തീരുമാനിച്ചതിനെ അഭിനന്ദിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. ഇരുവരെയും ഫോണിൽ വിളിച്ച് നേരിട്ട് അഭിവാദ്യം അറിയിച്ചതായി അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
സിപിഎം അംഗത്വവും മതവിശ്വാസവും ഒന്നിച്ച് പോകില്ല എന്ന ചിലരുടെ വെളിപാടുകൾക്കുള്ള ഉജ്ജ്വലമായ മറുപടി കൂടിയാണ് കറകളഞ്ഞ വിശ്വാസികളായ ജലീലിന്റെയും ഫാത്തിമക്കുട്ടിയുടെയും അംഗത്വമെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. ‘സഖാവ് പിണറായി വിജയൻ നയിച്ച കേരള യാത്രയ്ക്കിടെ അതിൽ അംഗമായിരുന്ന കെ. ടി. ജലീൽ വാഹനം നിർത്തി ജുമുഅ നമസ്കാരത്തിന് പോയതും, അദ്ദേഹം തിരികെ വരുന്നതുവരെ എം. വി. ഗോവിന്ദൻ മാസ്റ്റർ പുറത്തു കാത്തുനിന്നതും ഒരു ഘട്ടത്തിൽ വലിയ വാർത്തയായതായിരുന്നു. ഇടതുപക്ഷം വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ തന്നെ, ദീർഘനാളായി സിപിഎം സഹയാത്രികരായിരുന്ന ഇവർ പാർട്ടി അംഗത്വത്തിലേക്ക് വരാൻ തീരുമാനിച്ചത് വലിയൊരു രാഷ്ട്രീയ സന്ദേശമാണ്. നമ്മുടെ മതനിരപേക്ഷതയും വർഗീയവിരുദ്ധ നിലപാടുകളും ഉയർത്തിപ്പിടിക്കാൻ സിപിഎമ്മിലൂടെയാണ് കഴിയുക എന്ന പ്രഖ്യാപനമാണ് ഈ തീരുമാനത്തിൽ വായിക്കാനാവുക. ജലീലുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ട്. അദ്ദേഹം നിയമസഭാ സാമാജികനായി എത്തിയപ്പോൾ പാർലമെന്ററി പാർട്ടി സെക്രട്ടറി ചുമതല എനിക്കുണ്ടായിരുന്നു. അന്ന് സഭയിൽ പാർട്ടി നയങ്ങളും രാഷ്ട്രീയവും തീരുമാനങ്ങളും വ്യക്തമായും ശക്തമായും അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ഓർക്കുന്നു’ -ജയരാജൻ കുറിച്ചു.
ഡോക്ടർ കെ. ടി. ജലീലും സഹധർമ്മിണി ഫാത്തിമക്കുട്ടിയും സിപിഐഎം അംഗങ്ങളാകാൻ തീരുമാനിച്ചത് ആവേശകരവും അഭിനന്ദനാർഹവുമായ വാർത്തയാണ്.
രാജ്യത്ത് സിപിഐഎം നയിച്ച ഏക സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും വലതുപക്ഷത്തിന് നിയമസഭയിൽ മേൽക്കൈ ലഭിക്കുകയും ചെയ്ത ഘട്ടമാണിത്. സംഘപരിവാറിന്റെ മൂന്ന് പ്രതിനിധികൾ നിയമസഭയിൽ എത്തിയിരിക്കുന്നു.
ഇടതുപക്ഷം വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ തന്നെ, ദീർഘനാളായി സിപിഐഎം സഹയാത്രികരായിരുന്ന ഇവർ പാർട്ടി അംഗത്വത്തിലേക്ക് വരാൻ തീരുമാനിച്ചത് വലിയൊരു രാഷ്ട്രീയ സന്ദേശമാണ്. നമ്മുടെ മതനിരപേക്ഷതയും വർഗീയവിരുദ്ധ നിലപാടുകളും ഉയർത്തിപ്പിടിക്കാൻ സിപിഐഎമ്മിലൂടെയാണ് കഴിയുക എന്ന പ്രഖ്യാപനമാണ് ഈ തീരുമാനത്തിൽ വായിക്കാനാവുക.
മതനിരപേക്ഷതയുടെയും പുരോഗമനാശയങ്ങളുടെയും സമാധാനത്തിന്റെയും സമഗ്ര പുരോഗതിയുടെയും ഇടമായി കേരളത്തെ നിലനിർത്താൻ സിപിഐഎം ശക്തിപ്പെടണം എന്ന സുചിന്തിതമായ ആ അഭിപ്രായത്തെ ഹൃദയപൂർവം ആദരിക്കുന്നു.
ഡോക്ടർ ജലീലുമായി വർഷങ്ങൾ നീണ്ട ബന്ധമുണ്ട്. അദ്ദേഹം നിയമസഭാ സാമാജികനായി എത്തിയപ്പോൾ സിപിഐഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറി ചുമതല എനിക്കുണ്ടായിരുന്നു. അന്ന് സഭയിൽ പാർട്ടി നയങ്ങളും രാഷ്ട്രീയവും തീരുമാനങ്ങളും വ്യക്തമായും ശക്തമായും അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ഓർക്കുന്നു.
പിന്നീട് സംസ്ഥാനത്തുടനീളം അദ്ദേഹം നടത്തിയ പ്രസംഗങ്ങളും എഴുതിയ ലേഖനങ്ങളും കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചയുള്ളതായിരുന്നു. ‘മുഖ്യധാര’ എന്ന, ന്യൂനപക്ഷ വിഷയങ്ങൾ സസൂക്ഷ്മമായി കൈകാര്യം ചെയ്യുകയും പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത പ്രസിദ്ധീകരണത്തിന്റെ മുഖ്യചുമതലക്കാരനായി അദ്ദേഹത്തെ തെരഞ്ഞെടുത്തതും അതുകൊണ്ടുതന്നെയായിരുന്നു. ആ ഉത്തരവാദിത്വം ഭംഗിയായി അദ്ദേഹം നിറവേറ്റി.
സിപിഐഎം അംഗത്വവും മതവിശ്വാസവും ഒന്നിച്ച് പോകില്ല എന്ന ചിലരുടെ വെളിപാടുകൾക്കുള്ള ഉജ്ജ്വലമായ മറുപടി കൂടിയാണ് കറകളഞ്ഞ വിശ്വാസികളായ ജലീലിന്റെയും ഫാത്തിമക്കുട്ടിയുടെയും സിപിഐഎം അംഗത്വം.
സഖാവ് പിണറായി വിജയൻ നയിച്ച കേരള യാത്രയ്ക്കിടെ അതിൽ അംഗമായിരുന്ന കെ. ടി. ജലീൽ വാഹനം നിർത്തി ജുമുഅ നമസ്കാരത്തിന് പോയതും, അദ്ദേഹം തിരികെ വരുന്നതുവരെ എം. വി. ഗോവിന്ദൻ മാസ്റ്റർ പുറത്തു കാത്തുനിന്നതും ഒരു ഘട്ടത്തിൽ വലിയ വാർത്തയായതായിരുന്നു.
‘മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്‌ലാമും’ എന്ന എന്റെ പുസ്തകം സഖാവ് പിണറായി പ്രകാശനം ചെയ്തപ്പോൾ പുസ്തകത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തി സംസാരിക്കാൻ എത്തിയത് ഡോ. ജലീൽ തന്നെയായിരുന്നു എന്നതും ഓർക്കുന്നു.
കാലഘട്ടത്തിന്റെ രാഷ്ട്രീയവും രാജ്യത്ത് മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യതയും തിരിച്ചറിഞ്ഞുകൊണ്ട് സിപിഐഎമ്മിൽ ഔദ്യോഗിക അംഗത്വത്തിലേക്ക് എത്തുന്ന സഖാക്കൾ ജലീലിനെയും ഫാത്തിമക്കുട്ടിയെയും അഭിവാദ്യം ചെയ്യുന്നു. ഇരുവരെയും ഫോണിൽ വിളിച്ച് നേരിട്ട് അഭിവാദ്യം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.