ഇസ്രായേലും സംഘപരിവാറും പയറ്റുന്നത് ഒരേ വിഭജന രാഷ്ട്രീയം; ലെബനാനിലെ യേശു പ്രതിമ തകർത്ത സംഭവത്തിൽ താര ടോജോ അലക്സ്

കൊച്ചി: ലെബനാനിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രായേൽ സൈനികൻ ക്രൂശിക്കപ്പെട്ട യേശുവിന്റെ പ്രതിമ തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്രായേലിന്റെയും സംഘപരിവാറിന്റെയും തീവ്ര രാഷ്ട്രീയ തന്ത്രങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി താര ടോജോ അലക്സ്. ഭൂരിപക്ഷ മേൽക്കോയ്മ നിലനിർത്താൻ മറ്റു വിശ്വാസങ്ങളെയും സത്വങ്ങളെയും ശത്രുവായി ചിത്രീകരിക്കുന്ന ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് ഇസ്രായേലി അധിനിവേശവും സംഘപരിവാർ രാഷ്ട്രീയവുമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

ലെബനാനിലെ ഡെബെൽ മറോണൈറ്റിൽ യേശുവിന്റെ പ്രതിമയുടെ തല സ്ലെഡ്ജ് ഹാമർ ഉപയോഗിച്ച് ഇസ്രായേൽ സൈനികൻ തകർക്കുന്ന ചിത്രം ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ "ഒറ്റപ്പെട്ട സംഭവം" എന്ന് വിളിച്ച് മുക്കിക്കളയുന്ന രീതി ഇസ്രായേലായാലും സംഘപരിവാറായാലും ഒരുപോലെയാണെന്ന് താര ചൂണ്ടിക്കാട്ടി. ഒരിടത്ത് പള്ളികൾ തകർക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുമ്പോൾ മറ്റൊരിടത്ത് പ്രതിമകളെ അവഹേളിക്കുന്നു. വെറുപ്പിന്റെ ഈ പ്രക്രിയ വാക്കുകളിലൂടെയും നിയമങ്ങളിലൂടെയും അടിച്ചേൽപ്പിക്കപ്പെടുകയാണ്.

ഒരു സമൂഹത്തെ മറ്റൊന്നിനെ വെറുക്കാൻ പഠിപ്പിക്കുന്നതിലൂടെ വെറുക്കുന്നവനും വെറുക്കപ്പെടുന്നവനും തിരിച്ചറിയാത്ത ഒരു വിഷമവൃത്തം സൃഷ്ടിക്കപ്പെടുന്നു. ആളുകളെ തമ്മിലടിപ്പിച്ച് അധികാരികൾ സിംഹാസനങ്ങളിൽ ഇരുന്ന് ചിരിക്കുകയാണ്. സങ്കീർണ്ണമായ രാഷ്ട്രീയ സംഘർഷങ്ങളെയും ചരിത്രത്തിലെ പീഡനങ്ങളെയും "കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു.." എന്ന മട്ടിൽ ലളിതവൽക്കരിക്കുന്നത് വിരോധാഭാസമാണെന്നും താര ടോജോ അലക്സ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

ലെബനോനിലെ ക്രിസ്ത്യൻ ഗ്രാമമായ ഡെബെൽ മറോണൈറ്റ് അധിനിവേശത്തിനിടെ, ഇസ്രായേൽ സൈനികൻ ക്രൂശിക്കപ്പെട്ട യേശുവിന്റെ പ്രതിമയുടെ തല സ്ലെഡ്ജ് ഹാമർ ഉപയോഗിച്ച് തകർത്തു.

ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) ഔദ്യോഗിക പ്രസ്താവനയിൽ ഈ ചിത്രം യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രായേലായാലും സംഘപരിവാറായാലും, പലപ്പോഴും “ഒറ്റപ്പെട്ട സംഭവം” എന്ന മറവിൽ ഇതെല്ലാം മുക്കിക്കളയുന്നത് ഒരുപോലെയാണ്.

ഒരിടത്ത് പ്രതിമ തകർക്കും, മനുഷ്യരെ അവഹേളിക്കും.

മറ്റൊരിടത്ത് മനുഷ്യരെ ആക്രമിക്കും, പള്ളികൾ തകർക്കും.

പക്ഷേ കഥ മാറില്ല, ന്യായീകരണം മാത്രം മാറും.

ഭൂരിപക്ഷത്തിന്റെ മേൽക്കോയ്മ നിലനിർത്താൻ, മറ്റു വിശ്വാസങ്ങളെയും സത്വങ്ങളെയും ശത്രുവായി ചിത്രീകരിക്കുന്നതാണ് ഈ രാഷ്ട്രീയത്തിന്റെ യഥാർത്ഥ തന്ത്രം.

ഇത് അക്രമത്തിലൂടെ മാത്രമല്ല,

വാക്കുകളിലൂടെയും പ്രചാരണത്തിലൂടെയും നിയമങ്ങളിലൂടെയും അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്.

അവസാനം, ഈ സാധാരണവൽക്കരണം തന്നെയാണ് സമൂഹത്തെ കൂടുതൽ വിഭജിച്ച്, സഹവർത്തിത്വത്തെ നിശ്ശബ്ദമായി തകർക്കുന്നത്.

ഇവിടുത്തെ വിരോധാഭാസം അതിലും ഭീകരമാണ്.

ഒരു സമൂഹത്തെ മറ്റൊന്നിനെ വെറുക്കാൻ പരിശീലിപ്പിക്കുന്നു

വെറുക്കുന്നവനും വെറുക്കപ്പെടുന്നവനും യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നില്ല.

വെറുക്കപ്പെടുന്നവൻ മറ്റൊരു സമൂഹത്തെ ശത്രുവാക്കി, അതേ വെറുപ്പിന്റെ ചക്രത്തിൽ കുടുങ്ങുന്നു.

ഇങ്ങനെ വൈരാഗ്യം പരസ്പരം പകരുന്ന ഒരു vicious circle തുടരുന്നു.

ഇതെല്ലാം സൃഷ്ടിച്ചവർ, ആളുകളെ തമ്മിൽ ഏറ്റുമുട്ടിച്ച്, നിശബ്ദമായി അധികാരത്തിന്റെ സിംഹാസനങ്ങളിൽ ഇരുന്ന് ചിരിക്കുന്നു.

പിന്നെ, ചരിത്രവും, കൊടിയ പീഡനങ്ങളും, ആശയവ്യത്യാസങ്ങളും, രാഷ്ട്രീയ സംഘർഷങ്ങളുമെല്ലാം....

"കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു...’ എന്ന ഒരു വരിയിൽ ചുരുക്കിയാൽ പരമസുഖം!

സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്നത് ബുദ്ധിമുട്ടാണല്ലോ.

അതിനേക്കാൾ ലളിതമായ നിഗമനങ്ങളാണ് എപ്പോഴും ആശ്വാസകരം.

അവസാനം, എല്ലാവരും ഒരേ ട്യൂണിൽ, ഒരേ താളത്തിൽ ഒന്ന് പാടിയാൽ എല്ലാം സെറ്റ് — “ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം…”

Tags:    
News Summary - Israel and Sangh Parivar use same politics of hate: Tara Tojo Alex slams desecration of crucifix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.