ബാങ്കോക്ക്: തായ്‌ലൻഡിലെ റസ്റ്ററന്റിൽ പ്രഭാതഭക്ഷണ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അധിക്ഷേപവും വംശീയ പരാമർശങ്ങളും നേരിട്ടതായി ഇന്ത്യൻ യുവാവ്. പ്രഭാത ഭക്ഷണ ബില്ലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഭാഷാ വിവർത്തനത്തിനായി റസ്റ്ററന്റ് ഒരു സ്ത്രീയെ വിളിച്ചുവരുത്തി. തുടർന്ന് അവർ താൻ ഏതു രാജ്യക്കാരനാണെന്ന് ചോദിച്ചതായും ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ ‘ഇന്ത്യക്കാർ പണം നൽകാൻ ആഗ്രഹിക്കുന്നില്ല’ എന്നു പറഞ്ഞ് അധിക്ഷേപിച്ചതായും യുവാവ് പറയുന്നു. തുടർന്ന് തർക്കം പരിഹരിക്കുന്നതിനായി യുവാവ് തായ്‌ലന്റ് ടൂറിസ്റ്റ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.
‘പ്രശ്നം പരിഹരിക്കുന്നതിനായി ടൂറിസ്റ്റ് പൊലീസിനെ വിളിക്കേണ്ടിവന്നു. തായ്‍ലന്റ് നല്ലതാണെന്ന് പറയുന്ന എല്ലാ ആളുകളോടുമായി പറയട്ടേ, തനിക്ക് ആദ്യമായി തായ്‍ലന്റിൽവെച്ച് വംശീയാധിക്ഷേപം നേരിടേണ്ടിവന്നു’ -യുവാവ് പറഞ്ഞു. സംഭവം വിവാദമായതോടെ റസ്റ്ററന്റ് മാനേജർ ക്ഷമ ചോദിച്ചതായും യുവാവ് പറഞ്ഞു. ‘വംശീയാധിക്ഷേപം ഒരിക്കലും നല്ലതല്ല, സംവാദങ്ങളിലായാലും യഥാർഥ ജീവിതത്തിലായാലും. തായ്‌ലന്റ് ക്രാബിയിലെ ആവോ നാങ്ങിൽ ഞങ്ങൾ അത് നേരിട്ടു. പൊലീസിനെ വിളിച്ച് പ്രശ്നം പരിക്കേണ്ടിവന്നു. നിങ്ങളുടെ മാതാപിതാക്കളെ പഠിപ്പിക്കുക. നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. നിങ്ങൾക്ക് സംഭവിക്കുമ്പോൾ മാത്രമേ അതിന്റെ വേദന മനസ്സിലാകൂ’ -ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ യുവാവ് പറഞ്ഞു.
കശ്മീരിൽനിന്നുള്ള യാത്രക്കാരനാണ് വംശീയാധിക്ഷേപം നേരിട്ടത്. ഒരു ജനതയെ മുഴുവൻ സ്റ്റീരിയോടൈപ്പുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് അന്യായവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാനും കശ്മീരിൽ നിന്നുള്ള ആളാണ്. ഇന്ത്യയിലും ഇത്തരം മുൻവിധി കണ്ടിട്ടുണ്ട്. പക്ഷേ അത് ശരിയാകില്ല. ഒരു കൂട്ടം ആളുകളെ മുഴുവൻ സാമാന്യവൽക്കരിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. പ്രകോപിപ്പിക്കുന്ന എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടാകുമെന്ന് ആളുകൾ മുൻകൂട്ടി കരുതുന്നു. അത് അതിശയകരമാണ്. ഞാൻ ഒരു സഞ്ചാരിയാണ്. ആളുകളുമായി ബന്ധപ്പെടുക, സംസ്കാരങ്ങൾ മനസ്സിലാക്കുക, ലോകവും അതിലെ ജനങ്ങളും എത്ര മനോഹരമാണെന്ന് അനുഭവിക്കുക എന്നിവയാണ് എന്റെ ലക്ഷ്യം. എവിടെയെങ്കിലും വംശീയാധിക്ഷേപം നടക്കുന്നത് കണ്ടാൽ പ്രതികരിക്കാൻ ഞാൻ ആളുകളോട് അഭ്യർഥിക്കുന്നു’ -മറ്റൊരു വിഡിയോയിൽ യുവാവ് പറഞ്ഞു.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്ക് ഇത് വഴിയൊരുക്കി. നിരവധി പേർ യാത്രക്കാരനെ പിന്തുണക്കുകയും പരാമർശങ്ങൾ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. അതേസമയം സംഭവത്തിന്റെ മുഴുവൻ പശ്ചാത്തലവും വിഡിയോയിൽനിന്ന് മാത്രം വ്യക്തമല്ലെന്ന് ചില ഉപയോക്താക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.