'ഏതോ ശ്രീനിവാസന്റെ മോനാണ് സ്കൂളിൽ വയള് പറയുന്നത്, നാളെ ഇവറ്റകൾ സ്ഫോടനം നടത്തുമ്പോൾ...'; മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച വിദ്യാർഥിയേയും സ്കൂളിനെയും അധിക്ഷേപിച്ച് ശശികല

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച വിദ്യാർഥിക്കും സ്കൂളിനുമെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. മലപ്പുറം എടപ്പാൾ കക്കിടിപ്പുറം അല്‍ ഫലാഹ് എ.എം.എം ഇംഗ്ലീഷ് മിഡിയം സ്കൂൾ ക്യാമ്പസിലെ മദ്റസയിൽ നടന്ന മീലാദ് കാമ്പയിന്റെ ഭാഗമായുള്ള പരിപാടിയിൽ പ്രസംഗിച്ച വിദ്യാർഥിക്ക് നേരെയാണ് അധിക്ഷേപം.

ഹർഷിദ് ശ്രീനിവാസൻ എന്ന് സ്വയം പരിചയപ്പെടുത്തിയ വിദ്യാർഥി പ്രവാചകനെ കുറിച്ച് പ്രസംഗിക്കുന്ന  വിഡിയോ സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ രണ്ട് മാസം മുൻപ് പോസ്റ്റ് ചെയ്തിരുന്നു. ഇത് കഴിഞ്ഞ ദിവസം പങ്കുവെച്ചാണ് ശശികലയുടെ അധിക്ഷേപം.

'തീവണ്ടിയിലെ പാട്ടും തേടിപ്പോയ വിദ്യാഭ്യാസ മന്ത്രി ഇതു കേൾക്കണേ? ഏതോ ശ്രീനിവാസൻറെ മോനാണ് സ്കൂളിൽ വയള് പറയുന്നത്. ഡൽഹി സ്ഫോടനം സ്പോൺസർ ചെയ്ത ടീമായതോണ്ട് ഒരു അവാർഡ് കൊടുക്കാൻ മറക്കല്ലേ'-എന്നാണ് ശശികല അധിക്ഷേപിച്ചത്.

ഡൽഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന അൽഫലാഹ് ട്രസ്റ്റുമായി ബന്ധപ്പെടുത്തിയാണ് മലപ്പുറം കക്കിടിപ്പുറം അൽഫലാഹ് സ്കൂളിന് നേർക്കുള്ള അധിക്ഷേപം. ശശികലയുടെ പോസ്റ്റ് സംഘ് പരിവാർ ഹാൻഡിലുകൾ ഏറ്റെടുത്തതോടെ സ്കൂളിൽ മതപരിവർത്തനം നടക്കുന്നുവെന്ന വ്യാജവാർത്തയും സംഘ് വാർത്ത മാധ്യമങ്ങൾ പടച്ചുവിട്ടു.

'ഹിന്ദു കുട്ടികളെ മതം മാറ്റാൻ അൽ ഫലാഹ് സ്കൂളുകൾ' എന്ന തലക്കെട്ടോടെയാണ് ജനം ടിവി വാർത്ത നൽകിയത്. ഈ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച് ശശികല വീണ്ടും വംശീയ അധിക്ഷേപം തുടർന്നു. 

Full View

'ഏതോ ഒരു ശ്രീനിവാസന്റെ മകൻ വയള് പറയുന്ന വീഡിയോ നമ്മൾ കണ്ടു. നാളെ ഇവറ്റകൾ സ്ഫോടനം നടത്തുമ്പോൾ അതുമല്ലെങ്കിൽ ചാരപ്രവർത്തനം നടത്തുമ്പോൾ അതിൽ ഇത്തരം ഹിന്ദു പേരുകൾ കടന്നുവരും. സുഡാപ്പികൾ അതുമെടുത്ത് വീശും. മക്കൾ ഇരകളാകണ്ടെങ്കിൽ രക്ഷിതാക്കൾ ശ്രദ്ധിക്കുക. മക്കൾ പഠിച്ചില്ലെങ്കിൽ പഠിച്ചില്ലെന്നേ ഉള്ളൂ. ഇതുപോലുള്ള ഭീകരവാദ നഴ്സറികളായ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കാതിരിക്കുക'-എന്നാണ് കെ.പി.ശശികല ഫേസ്ബുക്കിൽ കുറിച്ചത്.  



 



Tags:    
News Summary - Hindu Aikya Vedi leader KP Sasikala against Al Falah School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.