‘ചെന്താമരേ എൻ താമരേ.. കണ്ടാലിനി കൊണ്ടാടുമോ..’ -സി.പി.എം നിലപാടിനെ പരിഹസിച്ച് ഫാത്തിമ തഹ്‍ലിയ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാറിനെ ഫാഷിസ്റ്റ് സർക്കാരെന്ന് വിളിക്കാനാകില്ലെന്ന സി.പി.എം രാഷ്ട്രീയ പ്രമേയത്തെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‍ലിയ. മോദി സർക്കാർ ഒരു ഫാഷിസ്റ്റ് അല്ലെങ്കിൽ നവ ഫാഷിസ്റ്റ് സർക്കാറാണെന്ന് തങ്ങൾ പറയുന്നില്ലെന്നും നവ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമാണ് മോദി സർക്കാറിനുള്ളതെന്നുമായിരുന്നു സി.പി.എം കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രഹസ്യ രേഖയിലുള്ളത്. ഇതിനെ പരിഹസിച്ചാണ് 'വാഴ - ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്' എന്ന ചിത്രത്തിലെ ‘മന്ദാകിനീ ഒന്നാകുമോ.. ചെന്താമരേ എൻ താമരേ.. കണ്ടാലിനി കൊണ്ടാടുമോ.. പിന്നാലെ ഞാൻ വന്നാലുമേ...’ എന്ന ഗാനം തഹ്‍ലിയ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

തമിഴ്നാട്ടിലെ മധുരയിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം തയാറാക്കിയത്. ഇതിൽ വ്യക്തത വരുത്തിയാണ് പുതിയ രഹസ്യ രേഖ അയച്ചത്. ആർ.എസ്.എസിന്റെ ഫാഷിസ്റ്റ് നയങ്ങൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് മോദി സർക്കാർ എന്നായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സി.പി.എമ്മിന്റെ നിലപാട്. ഇതാണ് ഇപ്പോൾ മയപ്പെടുത്തിയത്.

'ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തിന് കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം നവ ഫാഷിസ്റ്റ് സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്ന ഒരു ഹിന്ദുത്വ-കോർപറേറ്റ് സ്വേച്ഛാധിപത്യ ഭരണകൂടമാണെന്ന് ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. മോദി സർക്കാർ ഒരു ഫാഷിസ്റ്റ് അല്ലെങ്കിൽ നവ ഫാഷിസ്റ്റ് സർക്കാറാണെന്ന് ഞങ്ങൾ പറയുന്നില്ല. ഇന്ത്യൻ രാഷ്ട്രത്തെ ഒരു നവ-ഫാഷിസ്റ്റ് രാഷ്ട്രമായും ചിത്രീകരിക്കുന്നില്ല. ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പിയുടെ 10 വർഷത്തെ തുടർച്ചയായ ഭരണത്തിനുശേഷം ബി.ജെ.പി-ആർ.എസ്.എസിന്റെ കൈകളിൽ രാഷ്ട്രീയ അധികാരം ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് നവ-ഫാഷിസ്റ്റ് സ്വഭാവസവിശേഷതകൾ പ്രകടമാകുന്നതിലേക്ക് നയിക്കുന്നുവെന്നും ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു' -എന്നാണ് പ്രമേയത്തിലുള്ളത്.

അതിനിടെ, മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സി.പി.എമ്മിന് തിരുത്തേണ്ടിവരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ‘ആർ.എസ്.എസ് പൂർണ ഫാഷിസ്റ്റ് സംഘടനയാണ്. ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി സർക്കാരും ഫാഷിസ്റ്റ് സർക്കാർ തന്നെയാണ്. സി.പി.എം എന്തുകൊണ്ട് നിലപാട് തിരുത്തുന്നത് അവരോട് തന്നെ ചോദിക്കണം’ -അദ്ദേഹം പറഞ്ഞു.


Full View

Tags:    
News Summary - Fathima Thahiliya against cpm draft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.