ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷത്തെ കരുതിയിരിക്കണം -ഡോ. ആസാദ്

കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റം ആവശ്യമായിരുന്നുവെന്ന തന്‍റെ അഭിപ്രായം എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ഡോ. ആസാദ്. ബദല്‍ രൂപപ്പെട്ടിട്ടില്ല എന്ന ഒറ്റ കാരണംകൊണ്ടാണ് തുടര്‍ഭരണത്തെ അനുകൂലിക്കുന്നതെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. അതേസമയം, സർക്കാറിനെതിരായ വിമര്‍ശനങ്ങളോടു തല കുലുക്കി അവര്‍ യോജിപ്പു പ്രകടിപ്പിക്കും.

ഇടതുപക്ഷം എന്നു പേരുള്ള വലതുപക്ഷം തുടര്‍ന്നുകൂടാ. അത് കോര്‍പറേറ്റ് മുതലാളിത്തത്തിന്‍റെ ട്രോജന്‍ കുതിരയാണ്. വലതുപക്ഷത്തെ അതെന്താണെന്ന് അറിഞ്ഞു നേരിടാനാവും. പക്ഷേ ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷത്തെ കരുതിയിരിക്കണം. അവര്‍ ഒന്നുകില്‍ ഇടതുപക്ഷമാവണം. അല്ലെങ്കില്‍ ആ മുഖംമൂടി മാറ്റി വലതുപക്ഷമെന്ന് സ്വയം വെളിവാക്കണം -ഡോ. ആസാദ് ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ഡോ. ആസാദിന്‍റെ ഫേസ്ബുക് കുറിപ്പ് വായിക്കാം...

ഒറ്റ കാരണംകൊണ്ടാണ് തുടര്‍ഭരണത്തെ അനുകൂലിക്കുന്നതെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ബദല്‍ രൂപപ്പെട്ടിട്ടില്ല എന്നതായിരുന്നു ആ കാരണം. വിമര്‍ശനങ്ങളോടു തല കുലുക്കി അവര്‍ യോജിപ്പു പ്രകടിപ്പിക്കും.

പൊലീസ് വാഴ്ച്ച മോദി ഭരണത്തിന്‍റെ ശൈലിയിലാണ്.

അതെ, യോജിക്കുന്നു.

വാളയാര്‍ കേസില്‍ പോക്സോ നിയമം ലംഘിച്ച പൊലീസുദ്യോഗസ്ഥനെ ഉന്നത പദവി നല്‍കി സംരക്ഷിക്കുന്നതു തെറ്റ്.

അതെ, യോജിക്കുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംസ്ഥാനത്തിന് അപമാനകരമാണ്.

അതെ, യോജിക്കുന്നു.

കസ്റ്റഡിമരണങ്ങള്‍ വര്‍ദ്ധിച്ചതും യു എ പി എ ചുമത്തി രണ്ടു വിദ്യാര്‍ത്ഥികളെ തടവിലിട്ടതും അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു.

അതെ, യോജിക്കുന്നു.

സര്‍ക്കാറിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ വേട്ടയാടുന്നു. ഫെയ്സ് ബുക്കില്‍ ലൈക്കടിച്ചാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്.

അതെ, യോജിക്കുന്നു.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നു.

അതെ, യോജിക്കുന്നു.

മിച്ചഭൂമി സമരത്തിന്റെ തുടര്‍ച്ചയായ ഭൂസമരങ്ങളെ അവഗണിക്കുന്നു. ഭൂമിയിലും പൊതു വിഭവങ്ങളിലുമുള്ള അവകാശം അനുവദിക്കാന്‍ തയ്യാറല്ല.

അതെ യോജിക്കുന്നു.

കയ്യേറ്റ മാഫിയകള്‍ തോട്ടംഭൂമി കയ്യേറിയത് തിരിച്ചു പിടിക്കാന്‍ ഉത്സാഹമില്ല. കോടതിയില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചു കേസ് തോറ്റുകൊടുക്കുന്നു.

അതെ, യോജിക്കുന്നു.

നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചു വന്‍കിടകള്‍ പടുത്ത ഫ്ലാറ്റുകള്‍ പൊളിച്ചു മാറ്റി ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള കോടതിവിധി നടപ്പാക്കാന്‍ മടിക്കുന്നു.

അതെ, യോജിക്കുന്നു.

മണല്‍കൊള്ളയും പാറമടഭീകരതയും സര്‍ക്കാര്‍ തണലിലാവുന്നു. ക്വാറി നിയമ ഭേദഗതി മനുഷ്യനും പ്രകൃതിക്കും വിനാശകാരിയാണ്.

അതെ, യോജിക്കുന്നു.

ദളിതരേയും ആദിവാസികളെയും തോട്ടം തൊഴിലാളികളെയും കോളനികള്‍ക്കു പുറത്തേയ്ക്കു വളരാന്‍വിടാതെ വളഞ്ഞു വെയ്ക്കുന്നു. അവര്‍ക്കു ഭൂമി നല്‍കുന്നില്ല.

അതെ, യോജിക്കുന്നു.

അമിതമായ കടമെടുത്ത് വരും തലമുറകളെ കടക്കെണിയില്‍ തള്ളുന്ന വികസനം ജനവിരുദ്ധവികസനമാണ്.

അതെ, യോജിക്കുന്നു.

പുറംതള്ളപ്പെടുന്നവരെ പദ്ധതികളുടെ ഭാഗമാക്കാത്ത വികസന പ്രവര്‍ത്തനങ്ങള്‍ കൊടുംവഞ്ചനകളാണ്.

അതെ, യോജിക്കുന്നു.

ഇതിങ്ങനെ നീണ്ടുപോകും. ഓരോരുത്തര്‍ക്കും കൂട്ടിച്ചേര്‍ക്കാനുണ്ടാകും. വിഷയം ഇത്രയേയുള്ളു. വിയോജിപ്പുകളുണ്ടെങ്കിലും ഈ അസുഖകരമായ ജീവിതം മാറ്റാന്‍ നാം അശക്തരാണ്!

ഒറ്റ ചോദ്യംകൊണ്ട് കടമ്പകള്‍ ചാടിക്കടന്ന മിടുക്കു കാണാം. ഞങ്ങളല്ലെങ്കില്‍ പിന്നെ ആര്? വലതുപക്ഷം എന്നറിയപ്പെടുന്ന വലതുപക്ഷം വരണോ? തീവ്ര വലതുപക്ഷം വരണോ? ബദലുണ്ടോ? അതില്ലല്ലോ. അപ്പോള്‍ ഇടതുപക്ഷം എന്ന മുഖച്ചട്ടയുള്ള വലതുപക്ഷം തുടരട്ടെ!

ഞാനെന്റെ നിലപാടു പറഞ്ഞു.

ഇടതുപക്ഷം എന്നു പേരുള്ള വലതുപക്ഷം തുടര്‍ന്നുകൂടാ. അത് കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ട്രോജന്‍ കുതിരയാണ്. വലതുപക്ഷത്തെ അതെന്താണെന്ന് അറിഞ്ഞു നേരിടാനാവും. പക്ഷേ ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷത്തെ കരുതിയിരിക്കണം. അവര്‍ ഒന്നുകില്‍ ഇടതുപക്ഷമാവണം. അല്ലെങ്കില്‍ ആ മുഖംമൂടി മാറ്റി വലതുപക്ഷമെന്ന് സ്വയം വെളിവാക്കണം.

എന്നാല്‍ ബദല്‍ ഉണ്ടാകുംവരെ ഈ ചതിപ്രയോഗത്തിന് കൂട്ടിരിക്കാം എന്നു വാദിച്ച നിഷ്കളങ്ക സുഹൃത്തുക്കളായിരുന്നു ഏറെയും.

സുഹൃത്തുക്കളേ, ബദല്‍ ഒരു സുപ്രഭാതത്തില്‍ ആരും നിര്‍മ്മിച്ചു തരില്ല. കേരളത്തിന്റെ രാഷ്ട്രീയഘടന മുന്നണിവിപരീതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതു പൊളിക്കാതെ മറ്റൊരു ബദലും എളുപ്പമുണ്ടാവില്ല. അതു പൊളിക്കാനാവട്ടെ, പ്രാഥമികമായി അതിന്റെ നിയമങ്ങളിലൂടെയും വിനിമയങ്ങളിലൂടെയും സഞ്ചരിക്കാതെ വയ്യ. രാഷ്ട്രീയ മുന്നണികളും സമരമുന്നണികളും വിട്ടുവീഴ്ച്ചകളുടേതും ഒരു ചുവടു പിറകോട്ടു വെയ്ക്കലിന്റെയും സഹനകാലം നിറഞ്ഞതായിരിക്കും.

മുന്നണികളുമായി സഹകരിക്കുമ്പോള്‍ അതാ അലിഞ്ഞുപോയേ എന്ന് മുറവിളി കൂട്ടുന്നതു കേള്‍ക്കാം. ഒരു ചുവടു പിറകോട്ടു വെയ്ക്കുമ്പോള്‍ അതാ, പിന്തിരിഞ്ഞോടുന്നു എന്ന പഴി കേള്‍ക്കാം!

ഇടതുപക്ഷ മുഖംമൂടിയിട്ടാല്‍ മുതലാളിത്ത വികസനത്തിന് എന്തു കൊള്ളരുതായ്മയും ആവാം. കണ്‍സള്‍ട്ടന്‍സികള്‍ക്ക് എവിടെയും ഭരിക്കാം. തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാം. തൊഴില്‍ സ്ഥിരത ഇല്ലാതാക്കാം.മിനിമം വേതനം നല്‍കാതിരിക്കാം. ജനങ്ങളെ കടഭാരങ്ങളില്‍ ഞെരിക്കാം.പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താം. എന്തുമാവാം. ബദല്‍ നാം കൊണ്ടുവരാത്തതിനാല്‍ അതൊക്കെ സഹിക്കണം! താല്‍ക്കാലിക മുക്തിക്ക് കൈയ്യും കാലുമിട്ടടിക്കരുത്.

പക്ഷേ, അതു ശക്തിയുള്ളയിടത്തെ നിയമമാണ്. മറ്റെല്ലായിടത്തും അവര്‍ക്ക് മുന്നണിവേണം. കോണ്‍ഗ്രസ്സോ ലീഗോ ആരുമായുമാവാം. അവിടെയൊന്നും ഈ സദാചാര പ്രശ്നമില്ല! മറ്റിടതുപക്ഷ ചെറു ഗ്രൂപ്പുകളും വ്യക്തികളും അത്തരം സഹകരണത്തിലേര്‍പ്പെടരുത്. അത്രയേയുള്ളു. മുന്നണിയെന്ന ആനപ്പുറത്തിരുന്ന് കാല്‍ച്ചുവട്ടിലെ ലോകത്തോടു കൊഞ്ഞനം കുത്തുന്ന ഹാസ്യലീലയാണ് ഇവിടെ അരങ്ങേറുന്നത്. എന്തൊരു ജനാധിപത്യ ബോധം! പലയിടത്തും ആനകള്‍ ചെരിയുകയും തിടമ്പുകള്‍ ചളിയില്‍ പതിക്കുകയും ചെയ്ത അനുഭവം ഓര്‍ക്കുന്നത് നന്ന്. 

Tags:    
News Summary - beware of the right wing masked as left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.