രാഹുലിനെതിരായ കേസ്: പരാതിക്കാരിയെ വെളിപ്പെടുത്തുന്ന ഒരു പരാമർശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല -സന്ദീപ് വാര്യർ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അങ്ങനെ ചെയ്യാൻ മാത്രം വിവേകശൂന്യനല്ല താനെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

‘പരാതിക്കാരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്തതിനുശേഷമാണ് അത് സംബന്ധിച്ച് പോസ്റ്റ് ഇട്ടത്. അതിന്റെ ടൈമിങ് ഒക്കെ സാങ്കേതിക വിദഗ്ധർക്ക് പരിശോധിക്കാവുന്നതേയുള്ളൂ. അക്കാലയളവിൽ ഞാൻ പങ്കെടുത്ത മറ്റൊരാളുടെ വിവാഹ ഫോട്ടോയും ദുരുപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ ആ ഫോട്ടോയും ഡിലീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പോസ്റ്റ് ചെയ്ത ഫോട്ടോ ആയതിനാൽ ഞാൻ ഡിലീറ്റ് ചെയ്തില്ലെങ്കിൽ പോലും എനിക്കെതിരെ ഒരു നിയമപ്രശ്‌നവും ഉണ്ടാകില്ല എന്നുറപ്പുണ്ടായിട്ടും ലക്ഷ്മി പത്മ അടക്കമുള്ള ചിലർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ധാർമ്മികതയുടെ പേരിലാണ് അത് ചെയ്തത്’ -സന്ദീപ് വാര്യർ വ്യക്തമാക്കി.

രാഹുലിന്റെ വിഷയത്തിൽ കോൺഗ്രസ് പാർട്ടി ശക്തമായ നടപടി എടുത്തിട്ടുണ്ട്. ആ നടപടി പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി എടുത്തതാണ്. ആ തീരുമാനത്തോടൊപ്പം നിൽക്കുക എന്നുള്ളതാണ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും കർത്തവ്യം. അതിൽ കവിഞ്ഞ് ഇക്കാര്യത്തിൽ ഒരു വാക്ക് പോലും പറയില്ല. സത്യം വിജയിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ -സന്ദീപ് പറഞ്ഞു.

പരാതിക്കാരിയു​ടെ വിവാഹത്തിൽ താൻ പങ്കെടുത്തിരുന്നതായി സന്ദീപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ലെന്നും . മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നുവെന്നും കുറിപ്പിൽ പറഞ്ഞു. ‘ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്. ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ്’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - SANDEEP VARIER ABOUT RAHUL MAMKOOTATHIL CASE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.