ഹിന്ദു ആചാരപ്രകാരവും മുസ്ലിം ആചാരപ്രകാരവും ഇതര സമുദായത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിനെ തുടർന്നുണ്ടായ 'പൊല്ലാപ്പുകൾക്ക്' ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമപ്രവർത്തകന്‍റെ മറുപടി. മാധ്യമപ്രവർത്തകനായ ബാദുഷ ജമാൽ ആണ് 'രണ്ടുപേർ, രണ്ട് ആചാരം, മൂന്ന് കല്യാണം' എന്ന തലക്കെട്ടിൽ പോസ്റ്റ് ഇട്ടത്. കോട്ടയം പാല രാമപുരം സ്വദേശിനി അനുഷ അമ്മുവിനെയാണ് ബാദുഷ വിവാഹം കഴിച്ചത്.
ഈമാസം 13ന് പാലാ രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരവും 16ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ വച്ച് മുസ്ലിം ആചാരപ്രകാരവുമായിരുന്നു വിവാഹം. 'വിവാഹങ്ങൾ' ഭംഗിയായി നടന്നെന്നും പക്ഷേ, തന്‍റെയോ ഭാര്യയുടെയോ വീട്ടുകാർക്ക് ഇല്ലാത്ത ശുഷ്‌കാന്തിയും വെപ്രാളവുമായിരുന്നു നാട്ടുകാരിൽ ചിലർക്കെന്ന് ബാദുഷ പറയുന്നു. അങ്ങിനെ സ്ക്രീൻ ഷോട്ടുകളും വിവാഹ ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി. അതുകണ്ട ചിലരുടെ മതവികാരം വ്രണപ്പെട്ടുവെന്നും അവർക്കുവേണ്ടിയാണ് ഈ പോസ്റ്റെന്നും ബാദുഷ വ്യക്തമാക്കുന്നു. രണ്ട് ചടങ്ങുകളിലെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
ബാദുഷ ജമാലിന്‍റെ പോസ്റ്റ് ഇപ്രകാരമാണ്- പ്രിയപ്പെട്ടവരെ, ഞാൻ മുന്നേ പറഞ്ഞ പോലെ എന്‍റെ വിവാഹമായിരുന്നു. ഡിസംബർ 13ന് ഹിന്ദു ആചാരപ്രകാരം കോട്ടയത്ത് വച്ചും 16ന് മുസ്ലിം ആചാരപ്രകാരം നെയ്യാറ്റിൻകര വച്ചും (സ്ക്രീൻ ഷോട്ട് സെപ്ലെ ചെയ്യുന്നവർക്കായി പ്രത്യേകം എഴുതുന്നത്). വളരെ ഭംഗിയായി നടന്നു. വിവാഹത്തിന് എന്‍റെ വീട്ടുകാർക്കോ അവളുടെ വീട്ടുകാർക്കോ ഇല്ലാത്ത ശുഷ്‌കാന്തിയും വെപ്രാളവുമായിരുന്നു എന്‍റെ നാട്ടുകാരിൽ ചിലർക്ക്. അവർ പിന്നെ സ്ക്രീൻ ഷോട്ടുകളും വിവാഹ ഫോട്ടോസും സെപ്ലെ ചെയ്യാൻ തുടങ്ങി. ഫോട്ടോ കണ്ട ചിലരുടെ മതവികാരം വ്രണപ്പെട്ടുവത്രെ. അങ്ങനെ വ്രണപ്പെട്ടവർക്ക് വേണ്ടിയാണ് ഈ പോസ്റ്റും. ഒരുപാട് പറയാൻ ഉണ്ടെങ്കിലും ഇപ്പോ പറയുന്നില്ല. വിവാഹം വിചാരിച്ചതിലും ഭംഗിയായി നടന്നു. കൂടെ നിന്നവർക്കും കൂട്ടത്തിൽ നിന്ന് കുത്തിയവർക്കും (കുത്തിയവർ 3ജി ആയതല്ലേ അതിന് പ്രത്യേക നന്ദി) നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.