ഓരോ സ്വരവും വേറിട്ടുനിൽക്കുന്നത് എന്തുകൊണ്ട്? മനുഷ്യശബ്ദത്തിന് പിന്നിലെ പരിണാമ രഹസ്യങ്ങൾ...

ലണ്ടൻ: മനുഷ്യശബ്ദം എന്നത് ഓരോ വ്യക്തിക്കും ഒപ്പമുള്ള ഏറ്റവും സവിശേഷവും വ്യക്തിപരവുമായ ഒന്നാണ്. എത്ര വലിയ ജനക്കൂട്ടത്തിനിടയിലാണെങ്കിലും, നമുക്ക് നന്നായി അറിയാവുന്ന ഒരാളുടെ ശബ്ദം ഏതാനും വാക്കുകൾ കേൾക്കുമ്പോൾ തന്നെ തിരിച്ചറിയാൻ സാധിക്കാറുണ്ട്. മനുഷ്യന്റെ ഈ സവിശേഷമായ ശബ്ദ വൈവിധ്യത്തിന് പിന്നിൽ കൃത്യമായ പരിണാമ പ്രക്രിയയുണ്ടെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ 2022ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ ഉദ്ധരിച്ച്, മനുഷ്യശബ്ദത്തിന്റെ ഈ സവിശേഷതക്ക് പിന്നിലുള്ള ശാസ്ത്രീയ കാരണങ്ങൾ വിശദീകരിക്കുകയാണ് ഗവേഷകർ. മറ്റ് പ്രൈമേറ്റുകളിൽ (കുരങ്ങുകൾ, വാലില്ലാക്കുരങ്ങുകൾ) കാണപ്പെടുന്ന ചില ശാരീരിക സവിശേഷതകൾ പരിണാമ പ്രക്രിയയിലൂടെ മനുഷ്യന് നഷ്ടപ്പെട്ടതാണ് ശബ്ദം കൂടുതൽ വ്യക്തമാകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഭൂരിഭാഗം കുരങ്ങുകൾക്കും അവരുടെ വോക്കൽ കോർഡുകൾക്ക് മുകളിലായി 'വോക്കൽ മെംബ്രണുകൾ' എന്ന ചെറിയ ഘടനകളും തൊണ്ടയിൽ വായു അറകളും ഉണ്ട്. പരിണാമത്തിനിടയിൽ മനുഷ്യർക്ക് ഈ വോക്കൽ മെംബ്രണുകളും എയർ സാക്കുകളും നഷ്ടപ്പെടുകയും, കൂടുതൽ സുസ്ഥിരമായ ഒരു വോയിസ് ബോക്സ് വികസിച്ചുവരികയും ചെയ്തു. ഇതാണ് മൃഗങ്ങളെപ്പോലെ അലറുന്നതിന് പകരം കൃത്യമായ നിയന്ത്രണമുള്ള, വ്യക്തമായ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ മനുഷ്യനെ സഹായിക്കുന്നത്.

വോക്കൽ ഫോൾഡുകളിൽ നിന്ന് പുറപ്പെടുന്ന ശബ്ദം തൊണ്ട, വായ, മൂക്ക് എന്നിവയിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ ഭാഗങ്ങൾ ശരീരത്തിനുള്ളിലെ പ്രതിധ്വനി അറകളായി പ്രവർത്തിക്കുകയും ശബ്ദത്തെ പുനർരൂപീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ അതിജീവിച്ച് പുറത്തുവരുന്ന ഏറ്റവും ശക്തമായ ശബ്ദ തരംഗങ്ങളെ ശാസ്ത്രജ്ഞർ 'ഫോർമാന്റുകൾ' എന്ന് വിളിക്കുന്നു. ഓരോ മനുഷ്യന്റെയും ശബ്ദം വ്യത്യസ്തമായിരിക്കുന്നതിന്റെ പ്രധാന കാരണവും ഈ ഫോർമാന്റുകളാണ്.

ഒരാളുടെ വോക്കൽ ട്രാക്റ്റിന്റെ നീളം, വായുടെ ആകൃതി, അണ്ണാക്കിന്റെ വക്രത, തൊണ്ടയുടെ ആഴം, തലയോട്ടിന്റെയും സൈനസുകളുടെയും ഘടന എന്നിവയെ ആശ്രയിച്ചാണ് ഫോർമാന്റുകൾ രൂപപ്പെടുന്നത്. ഒരേ ഉയരമുള്ള രണ്ട് പുരുഷന്മാരുടെ തലയോട്ടിന്റെയോ സൈനസിന്റെയോ ആകൃതിയിൽ നേരിയ വ്യത്യാസമുണ്ടായാൽ പോലും അവരുടെ ശബ്ദം പൂർണ്ണമായും മാറും. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശബ്ദത്തിലെ വ്യത്യാസത്തിന് കാരണവും വോക്കൽ ട്രാക്റ്റിന്റെ നീളത്തിലുള്ള വ്യത്യാസമാണ്.

മനുഷ്യർക്ക് തങ്ങളുടെ അമ്മമാരുടെ ശബ്ദത്തോടുള്ള ബന്ധം ജനനത്തിന് മുമ്പേ ആരംഭിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗർഭപാത്രത്തിലിരിക്കുമ്പോൾ തന്നെ ശിശുക്കൾക്ക് അമ്മയുടെ ശബ്ദം തിരിച്ചറിയാൻ കഴിയുമെന്നും മറ്റ് ശബ്ദങ്ങളേക്കാൾ വ്യത്യസ്തമായി അതിനോട് പ്രതികരിക്കുമെന്നും നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കുന്നു. ആധുനിക മനുഷ്യർ നിയാണ്ടർത്തലുകളിൽ നിന്നും ഡെനിസോവനുകളിൽ നിന്നും വേർപിരിഞ്ഞതിന് ശേഷമാണ് ഈ ശബ്ദ വ്യതിയാനങ്ങൾക്ക് കാരണമായ പ്രത്യേക ജീനുകൾ വികസിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ഏകദേശം 50,000 മുതൽ 100,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ വലിയ കൂട്ടങ്ങളായി ജീവിക്കാനും സഖ്യങ്ങൾ രൂപീകരിക്കാനും തുടങ്ങിയ കാലത്താണ് ഇത്തരം സവിശേഷമായ ശബ്ദങ്ങൾ പരിണമിച്ചുണ്ടായത്. ദൂരെനിന്നോ അല്ലെങ്കിൽ വലിയൊരു ജനക്കൂട്ടത്തിനിടയിൽ നിന്നോ പരസ്പരം തിരിച്ചറിയേണ്ടത് സാമൂഹിക ജീവിതത്തിന് അത്യന്താപേക്ഷിതമായിരുന്നു. പരസ്പരം വേഗത്തിലും കൃത്യമായും തിരിച്ചറിഞ്ഞ് ആശയവിനിമയം നടത്താൻ വേണ്ടിയാണ് പ്രകൃതി മനുഷ്യന് ഇത്തരത്തിൽ സവിശേഷമായ ശബ്ദങ്ങൾ സമ്മാനിച്ചതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

Tags:    
News Summary - Why Does Every Human Voice Sound Different?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.