ജെയിംസ് വെബ് മിഴി തുറന്നു; കൺമുന്നിൽ അത്ഭുത കാഴ്ചകൾ

വാഷിങ്ടൺ: അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ പിറവി തേടിയുള്ള മനുഷ്യാന്വേഷണം പുതിയ വഴിത്തിരിവിൽ. അനതിവിദൂരമായ നക്ഷത്രപഥങ്ങളിലേക്ക് നൂണ്ടിറങ്ങി ലോകത്തെ ഏറ്റവും ശേഷിയുള്ള ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് പകർത്തിയ ദൃശ്യങ്ങൾ മാനവരാശിക്ക് പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള പുതിയ താക്കോലായി.

13 ബില്യൺ വർഷം (1300 കോടി) മുമ്പുള്ള ആദിമ പ്രപഞ്ചത്തിന്റെ ഇതുവരെ ലഭ്യമല്ലാതിരുന്ന ഏറ്റവും മിഴിവുള്ള ദൃശ്യങ്ങളാണ് ചൊവ്വാഴ്ച യു.എസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടത്. ഭൂമിയിൽനിന്ന് 16 ലക്ഷം കിലോമീറ്റർ അകലെ സൂര്യനെ ചുറ്റുന്ന ജെയിംസ് വെബ് നിരീക്ഷണ പേടകത്തിലെ ഇൻഫ്രാറെഡ് കാമറയാണ് അപൂർവ ദൃശ്യങ്ങൾ പകർത്തിയത്.

ഭൂ​മി​യി​ൽ​നി​ന്ന് 2000 പ്ര​കാ​ശ വ​ർ​ഷം അ​ക​ലെ​യു​ള്ള സ​തേ​ൺ റി​ങ് നെ​ബു​ല എ​ന്ന ന​ക്ഷ​ത്ര​ക്കൂ​ട്ടം

7600 പ്രകാശവർഷങ്ങൾക്കകലെ നക്ഷത്രങ്ങൾ രൂപപ്പെടുന്ന കരീന നെബുലയിലെ കുന്നുകളും താഴ്വാരങ്ങളും അത്ഭുതകരമായ മിഴിവോടെ ജെയിംസ് വെബ് പകർത്തി. കാഴ്ചയിൽനിന്ന് മറഞ്ഞിരുന്ന ഏറ്റവും പുതിയ നക്ഷത്രങ്ങളെ ഇതാദ്യമായാണ് ഇങ്ങനെ കാണുന്നതെന്ന് നാസ ബഹിരാകാശ ശാസ്ത്രജ്ഞൻ ആംബർ സ്ട്രോൺ ആശ്ചര്യത്തോടെ പറഞ്ഞു.

ഓരോ ദൃശ്യവും പുതിയ കണ്ടെത്തലാണെന്നും മുൻപരിചയമില്ലാത്ത പ്രപഞ്ചത്തിന്റെ കാഴ്ചയാണെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. സ്റ്റെഫാൻസ് ക്വിൻടെറ്റ് എന്നറിയപ്പെടുന്ന അഞ്ച് ക്ഷീരപഥങ്ങളുടെ (ഇതിൽ നാലും പരസ്പരം കൂട്ടിയിടിക്കുന്നത്) മുമ്പെങ്ങും കാണാത്ത ദൃശ്യങ്ങളും ജെയിംസ് വെബിലൂടെ ലഭ്യമായി. ക്ഷീരപഥങ്ങൾ കൂട്ടിയിടിക്കുമ്പോഴുള്ള ആഘാത തരംഗങ്ങളുടെ ദൃശ്യങ്ങൾ ശാസ്ത്രലോകത്തിന് അമ്പരപ്പിക്കുന്ന കൗതുകമായി.

സൂ​ര്യ​നി​ൽ​നി​ന്ന് 290 ദ​ശ​ല​ക്ഷം പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ​യു​ള്ള ന​ക്ഷ​ത്ര​സ​മൂ​ഹ​മാ​യ സ്റ്റെ​ഫാ​ൻ​സ് ക്വി​ൻ​ടെ​റ്റ്

മരണവക്കിലെത്തിയ നക്ഷത്രം വാതകങ്ങളും പൊടിയും പുകയും വമിപ്പിക്കുന്നതും ജെയിംസ് വെബ് ഒപ്പിയെടുത്തു. നക്ഷത്രങ്ങളുടെ ശവപ്പറമ്പുകളിലെ തൻമാത്ര പഠനം പ്രപഞ്ചത്തെപ്പറ്റി ശാസ്ത്രത്തിന് പുത്തൻ ഉൾക്കാഴ്ച പകരുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Unfolding Space and Time: The James Webb Space Telescope Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.