ന്യൂഡൽഹി: മാറ്റിവെച്ച ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാലു പേരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ജൂൺ 19ന്. ഐ.എസ്.ആർ.ഒയാണ് പുതുക്കിയ തീയതി മാധ്യമങ്ങളെ അറിയിച്ചത്.
മേയ് 29, ജൂൺ 9, 10, 11 എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് നാലു തവണ ബഹിരാകാശ യാത്ര മാറ്റിവെച്ചിരുന്നു. ആദ്യം പ്രതികൂല കാലാവസ്ഥയും പിന്നീട് ഫാൽക്കൺ 9 റോക്കറ്റിലെ ചോർച്ചയും യാത്രക്ക് പ്രതിസന്ധി തീർത്തു. അവസാനം അന്താരാഷ്ട്ര നിലയത്തിലെ പ്രശ്നം യാത്ര അനിശ്ചിതമായി നീക്കിവെക്കാൻ ഇടയാക്കി. ഫാൽക്കൺ 9 റോക്കറ്റിലെ ചോർച്ചയും പരിഹരിച്ചിട്ടുണ്ട്.
അതേസമയം, ശുഭാൻഷു ശുക്ല അടക്കം നാലു പേരുടെ കൊറന്റൈൻ ഇപ്പോഴും തുടരുകയാണ്. ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ കന്നിയാത്രക്കുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. വിക്ഷേപണ ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ‘ഫുള്‍ ഡ്രസ് റിഹേഴ്സല്‍’ കഴിഞ്ഞു. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ത്യക്ക് പുറമെ, പോളണ്ട്, ഹംഗറി, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരാണ് ഒപ്പം ദൗത്യത്തിന്റെ പൈലറ്റാണ് ശുക്ല. അമേരിക്കയുടെ മിഷന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഹംഗറിയിലെ ടിബോര്‍ കാപു, പോളണ്ടിലെ സ്ലോഷ് ഉസ്നാന്‍സ്കി-വിസ്നിയേവ്സ്കി എന്നിവരാണ് സഹയാത്രികര്‍. 1984ല്‍ റഷ്യന്‍ സോയൂസ് ടി-11ല്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ വിങ് കമാന്‍ഡര്‍ രാകേഷ് ശർമക്കു ശേഷം 41 വര്‍ഷം കഴിഞ്ഞാണ് ഇന്നത്തെ ദൗത്യം.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് പുതുതായി വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ബഹിരാകാശ പേടകം ഫാൽക്കൺ-9 റോക്കറ്റിലാണ് ഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തും. ഈ ഗവേഷണങ്ങളില്‍ 31 രാജ്യങ്ങള്‍ സഹകരിക്കും.
നടന്നതില്‍ ഏറ്റവും പ്രാധാന്യമുള്ള വാണിജ്യ ബഹിരാകാശ ദൗത്യങ്ങളിലൊന്നാണ് ഇത്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളെല്ലാം ഈ ദൗത്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ആക്സിയോമിന്റെ നാലാമത്തെ ബഹിരാകാശ യാത്രാ ദൗത്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.