ബാങ്കോക്ക്: തായ്‌ലൻഡിൽനിന്ന് പുതിയ ഇനം ദിനോസറിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഒമ്പത് വലിയ ആനകളോളം ഭാരമുള്ളതായി കണക്കാക്കുന്ന ദിനോസറിന്റെ അവശിഷ്ടങ്ങളാണ് തിരിച്ചറിഞ്ഞത്. തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള ഏറ്റവും വലിയ ദിനോസറാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
‘നാഗാറ്റിറ്റൻ ചയ്യാഫ്യൂമെൻസിസ്’ എന്ന് പേരുള്ള ഈ ദിനോസറുകൾക്ക് നീളമുള്ള കഴുത്തും വാലും ചെറിയ തലയുമാണുള്ളത്. സ്തംഭങ്ങൾപോലുള്ള കാലുകളാണ് ഈ ദിനോസറുകൾക്കുണ്ടായിരുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സൗറോപോഡുകൾ എന്നറിയപ്പെടുന്ന ദിനോസർ വംശത്തിലെ അംഗമാണിതെന്ന് സയന്റിഫിക് റിപ്പോർട്ട്സ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. പഠനമനുസരിച്ച്, സസ്യഭുക്കായ ഈ ദിനോസറുകൾക്ക് 27 മീറ്റർ (89 അടി) നീളവും ഏകദേശം 27 ടൺ ഭാരവുമുണ്ടായിരുന്നതായാണ് വിവരം.
ഫോസിൽ കണ്ടെത്തിയ തായ്‌ലൻഡിലെ പ്രദേശത്ത് 100 മുതൽ 120 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ ദിനോസർ വിഹരിച്ചിരുന്നിരിക്കാമെന്നും തെക്കുകിഴക്കൻ ഏഷ്യയിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതാണിതെന്നും ഗവേഷകർ അറിയിച്ചു.
കണ്ടെടുത്ത ഫോസിലുകളിൽ അതിന്റെ തലയും പല്ലുകളും ഉണ്ടായിരുന്നില്ല. എന്നാൽ മറ്റ് സൗറോപോഡുകളെ അടിസ്ഥാനമാക്കി അതിന്റെ ഭക്ഷണ മുൻഗണനകളെക്കുറിച്ച് ഗവേഷകർക്ക് നല്ല ധാരണയുണ്ട്. അതുവെച്ചാണ് ഈ ദിനോസറിനെക്കുറിച്ചുള്ള പഠനങ്ങൾ നടന്നത്. ഭൂമിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ കര ജീവികളിൽ ചിലതായിരുന്നു സൗറോപോഡുകളെന്ന് ഗവേഷകർ പറയുന്നു.
തായ്‌ലൻഡിൽ ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കം കുറഞ്ഞ പാറക്കെട്ടുകളിൽ ഒന്നിൽനിന്നാണ് ഈ ദിനോസർ ഫോസിൽ കണ്ടെത്തിയത്. അതിനാൽ ഇതിനെ ഗവേഷകർ ‘അവസാനത്തെ ടൈറ്റൻ’ എന്നാണ് ഇവയെ വിളിക്കുന്നത്.
ഏകദേശം 140 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ച സൗറോപോഡുകളുടെ ഒരു ഉപഗ്രൂപ്പിൽപെട്ടവയായിരുന്നു നാഗാറ്റിറ്റനുകൾ. ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ലോകമെമ്പാടും അവശേഷിച്ച ഒരേയൊരു സൗറോപോഡ് വർഗമായി ഇവ മാറി. 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരു ഛിന്നഗ്രഹ കൂട്ടിയിടിയോടെ ദിനോസർ യുഗം അവസാനിക്കുന്നതുവരെ അവർ ഭൂമിയിലുണ്ടായിരുന്നെന്ന് ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.