പഴയ വീടുകളിൽ നിങ്ങളെ പിന്തുടരുന്നത് പ്രേതമല്ല! ആരും കേൾക്കാത്ത ആ 'നിഗൂഢ ശബ്ദം' നിങ്ങളുടെ തലച്ചോറിനെ പേടിപ്പിക്കുന്നത് ഇങ്ങനെ...

കാനഡ: പഴയ തറവാടുകളിലും വിജനമായ കെട്ടിടങ്ങളിലും കയറുമ്പോൾ പലർക്കും പെട്ടെന്ന് ഒരു ഭയമോ അസ്വസ്ഥതയോ അനുഭവപ്പെടാറുണ്ട്. ഇതിനെ സാധാരണയായി പ്രേതബാധ എന്നോ അമാനുഷിക ശക്തികളുടെ സാന്നിധ്യമെന്നോ ആണ് പലരും വിശേഷിപ്പിക്കാറുള്ളത്. എന്നാൽ, ഈ പേടിക്ക് പിന്നിൽ തികച്ചും ശാസ്ത്രീയമായ ഒരു കാരണമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത 'ഇൻഫ്രാസൗണ്ട്' ആണ് ഈ ഭയത്തിന് പിന്നിലെ യഥാർത്ഥ വില്ലനെന്ന് പഠനങ്ങൾ പറയുന്നു.

കാനഡയിലെ മക്ഇവാൻ സർവകലാശാലയിലെ സൈക്കോളജിസ്റ്റായ റോഡ്‌നി ഷാൾട്‌സും സംഘവുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 'ഫ്രണ്ടിയേഴ്സ് ഇൻ ബിഹേവിയറൽ ന്യൂറോ സയൻസ്' എന്ന ജേണലിൽ ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്താണ് ഇൻഫ്രാസൗണ്ട്?

മനുഷ്യന്റെ കേൾവി പരിധിക്കും താഴെയുള്ള (20 ഹെർട്‌സിൽ താഴെ) കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദതരംഗങ്ങളെയാണ് ഇൻഫ്രാസൗണ്ട് എന്ന് വിളിക്കുന്നത്. ഇവ കേൾക്കാൻ കഴിയില്ലെങ്കിലും ഭിത്തികളും മറ്റ് തടസ്സങ്ങളും കടന്നുപോകാൻ ഇവക്ക് സാധിക്കും. പഴയ കെട്ടിടങ്ങളിലെ തുരുമ്പിച്ച പൈപ്പുകൾ, വെന്റിലേഷൻ സംവിധാനങ്ങൾ, വലിയ യന്ത്രങ്ങൾ എന്നിവ ഇത്തരം തരംഗങ്ങൾ പുറപ്പെടുവിക്കാറുണ്ട്. കൊടുങ്കാറ്റ്, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവയിലൂടെയും ഇൻഫ്രാസൗണ്ട് ഉണ്ടാകാറുണ്ട്.

36 വിദ്യാർഥികളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. അവരെ ഒരു മുറിയിലിരുത്തി ശാന്തമായ സംഗീതവും അസ്വസ്ഥതയുണ്ടാക്കുന്ന സംഗീതവും കേൾപ്പിച്ചു. എന്നാൽ പകുതി പേർക്കിടയിൽ മാത്രം രഹസ്യമായി 18 ഹെർട്‌സ് ഇൻഫ്രാസൗണ്ട് പ്ലേ ചെയ്തു. ഇൻഫ്രാസൗണ്ട് തരംഗങ്ങൾ ഏൽക്കുന്നവർ കൂടുതൽ ദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിച്ചു.

ഇവരുടെ സലൈവ സാമ്പിളുകൾ പരിശോധിച്ചപ്പോൾ സമ്മർദം നിയന്ത്രിക്കുന്ന കോർട്ടിസോൾ ഹോർമോണിന്റെ അളവ് ഉയർന്നതായി കണ്ടെത്തി. തങ്ങളുടെ അസ്വസ്ഥതക്ക് കാരണം കേൾക്കാൻ കഴിയാത്ത ഈ ശബ്ദതരംഗങ്ങളാണെന്ന് തിരിച്ചറിയാൻ ആർക്കും സാധിച്ചില്ല.

ശരീരത്തിന്റെ മുന്നറിയിപ്പ് സംവിധാനം

ഭൂകമ്പമോ സുനാമിയോ വരുന്നതിന് മുമ്പ് മൃഗങ്ങൾ പ്രകടിപ്പിക്കുന്ന അസ്വസ്ഥതക്ക് സമാനമായ രീതിയിൽ, ഇൻഫ്രാസൗണ്ടിനോട് പ്രതികരിക്കാൻ മനുഷ്യശരീരവും ജൈവികമായി സജ്ജമായിരിക്കാം എന്ന് ഗവേഷകർ കരുതുന്നു. പഴയ കെട്ടിടങ്ങളിൽ നിന്ന് പുറപ്പെടുന്ന ഇത്തരം ശബ്ദതരംഗങ്ങൾ ശരീരത്തിലെ അലാറം സിസ്റ്റം പ്രവർത്തിപ്പിക്കുകയും ഇത് അനാവശ്യമായ ഭയത്തിന് കാരണമാവുകയും ചെയ്യുന്നു. ചുരുക്കത്തിൽ, പഴയ കെട്ടിടങ്ങളിലെ പ്രേതസാന്നിധ്യം യഥാർത്ഥത്തിൽ അവിടത്തെ മോശം പൈപ്പുകളോ പഴയ വെന്റിലേഷനോ പുറത്തുവിടുന്ന ഇൻഫ്രാസൗണ്ട് മൂലമുണ്ടാകുന്ന മാനസികാവസ്ഥ മാത്രമാണെന്നാണ് ശാസ്ത്രം പറയുന്നത്.

Tags:    
News Summary - Scientists Identify Hidden Effect That Makes Old Buildings Feel Haunted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.