നൈജീരിയൻ സയാമീസുകളെ റിയാദിലെത്തിച്ചപ്പോൾ

'തമ്മിലകലാൻ' സാധ്യത തേടി​ നൈജീരിയൻ സയാമീസുകൾ റിയാദിൽ

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസനയെയും ഹസീനയെയും റിയാദിലെത്തിച്ചു. പ്രത്യേക മെഡിക്കൽ വിമാനത്തിൽ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച ഇരട്ടകളെ വിദഗ്‌ധ പരിശോധനകൾക്കും വേർപെടുത്തൽ സാധ്യതയുടെ പഠനത്തിനുമായി ദേശീയ സുരക്ഷാ മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല ചിൽഡ്രൻ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. മാതാ പിതാക്കളോടൊപ്പമാണ് സയാമീസ് ഇരട്ടകളെ രാജ്യത്തേക്ക് കൊണ്ടുവന്നത്.

സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന സൗദി പദ്ധതിക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണക്ക് റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ്​ റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും മെഡിക്കൽ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബീഅ നന്ദി പറഞ്ഞു. സഹായത്തിന് അർഹരായ ലോകമെമ്പാടുമുള്ള മനുഷ്യരോട് സൗദി നേതൃത്വം അനുവർത്തിക്കുന്ന ഉദാരതയുടെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണകൂട പിന്തുണയോടെ സൗദിയിലെ വിദഗ്‌ധ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന വിജയകരമായ സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ ആഗോള ശ്രദ്ധ നേടിയ കാര്യം ഡോ. റബീഅ ചൂണ്ടിക്കാട്ടി. രാജകീയ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സൗദിയിലെത്തിയതെന്ന് പറഞ്ഞ ഹസനയുടെയും ഹസീനയുടെയും മാതാപിതാക്കൾ അതിലുള്ള സന്തോഷം അറിയിച്ചു. രാജാവിന്റെ ദീർഘായുസ്സിന് തങ്ങൾ പ്രാർഥിക്കുകയാണെന്ന് പറഞ്ഞ അവർ സൗദി ജനതക്ക് നന്മയും സുരക്ഷിതത്വവും നേർന്നു.

Tags:    
News Summary - Nigerian Siamese Twins Arrive in Riyadh to Be Separated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.