‘രോഗിയുടെ തലച്ചോറിലേക്ക് ബന്ധിപ്പിച്ച ചിപ്പിന്റെ ത്രെഡുകൾ പണി തന്നു’; ന്യൂറാലിങ്കിന് മെക്കാനിക്കൽ പ്രശ്നങ്ങളെന്ന് കമ്പനി

വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ് ഇലോൺ മസ്‌കിന്റെ ബ്രെയിൻ ടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്ക് കോർപ്പറേഷൻ. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ന്യൂറാലിങ്ക് ‘ടെലിപ്പതി’ എന്ന ഉപകരണം മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിച്ചത്. പക്ഷാഘാതമോ മറ്റോ കാരണം തളർന്നുപോയവരെയും കൈ-കാലുകൾ ഇല്ലാത്തവരെയും അവരുടെ ചിന്തകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണും കംപ്യൂട്ടറുമൊക്കെ പ്രവർത്തിപ്പിക്കാൻ തങ്ങളുടെ ബ്രെയിൻ ചിപ്പ് സഹായിക്കുമെന്നാണ് ന്യൂറാലിങ്ക് അവകാശപ്പെടുന്നത്.

എന്നാൽ, ആദ്യത്തെ മനുഷ്യ രോഗിയുടെ തലച്ചോറിൽ ഘടിപ്പിച്ച ഉപകരണത്തിന് മെക്കാനിക്കൽ പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ന്യൂറാലിങ്ക്. ഇലോൺ മസ്കിന്റെ ബ്രെയിൻ ചിപ്പ് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരിയിൽ നോലൻഡ് അർബാഗ് എന്നയാളിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള ആഴ്ചകളിൽ ഉപകരണം ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യം വരികയായിരുന്നു. ന്യൂറാലിങ്കിന്റെ പ്രവര്‍ത്തനം ചെറിയ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ്. അവ തലച്ചോറിനുള്ളിലേക്ക് കടന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

എന്നാൽ, മസ്തിഷ്ക കോശത്തിലേക്ക് ബന്ധിപ്പിച്ച ഇലക്ട്രോഡ് അടങ്ങിയ ത്രെഡുകൾ ആ കോശത്തിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അതോടെ ബ്രെയിൻ ചിപ്പ് ശരിയായി പ്രവർത്തിക്കുന്നില്ലെന്നും കമ്പനി വെളിപ്പെടുത്തി. വാൾസ്ട്രീറ്റ് ജേർണൽ നേരത്തെ തകരാർ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

മസ്തിഷ്ക കോശത്തിൻ്റെ ഉപരിതലത്തിന് പകരം, തലയോട്ടിയിലെ അസ്ഥിക്കുള്ളിൽ ഇരിക്കുന്ന ഒരു ഉപകരണവുമായി ത്രെഡുകൾ ബന്ധിപ്പിക്കുന്നത് മൂലമാകാം സങ്കീർണതകൾ ഉണ്ടായതെന്ന് ബ്രെയിൻ-ഇംപ്ലാൻ്റ് ഫീൽഡിൽ പ്രവർത്തിക്കുന്ന ആളുകൾ പറയുന്നു.

അതേസമയം, തുടർച്ചയായ സോഫ്റ്റ്‌വെയർ ഫിക്സുകളിലൂടെ എല്ലാം പരിഹരിച്ചതായാണ് ന്യൂറാലിങ്കിന്റെ വിശദീകരണം. തുടക്കത്തിലുള്ളതിനേക്കാൾ മികച്ച പ്രകടനം ഇപ്പോൾ അദ്ദേഹം കാഴ്ചവെക്കുന്നുണ്ടെന്നും അവർ പറയുന്നു.

ഉപകരണത്തിന്റെ ‘ടെക്‌സ്‌റ്റ് എൻട്രിയും കഴ്‌സർ നിയന്ത്രണവും’ മെച്ചപ്പെടുത്തുന്നതിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും റോബോട്ടിക് കൈകളും വീൽചെയറുകളും പോലുള്ള ഭൗതിക ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ ചിപ്പിന്റെ കഴിവുകൾ വ്യാപിപ്പിക്കാനാണ് അടുത്തതായി ലക്ഷ്യമിടുന്നതെന്നും കമ്പനി പറഞ്ഞു.

Tags:    
News Summary - Neuralink's first human brain implant has encountered a problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.