ആർടെമിസ് ദൗത്യത്തിൽ പുതിയ ചുവട്; കാപ്സ്റ്റോൺ ഉപഗ്രഹം ഭൗമ ഭ്രമണപഥം കടന്ന് ചന്ദ്രനിലേക്ക്

വെല്ലിങ്ടൺ: ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടുമയക്കാനുള്ള നാസയുടെ ആർടെമിസ് ദൗത്യത്തിൽ പുതിയ ചുവടുവെപ്പ്. മൈക്രോവേവ് ഓവന്റെ വലിപ്പമുള്ള കുഞ്ഞൻ ഉപഗ്രഹമായ കാപ്സ്റ്റോൺ ഭൂമിയുടെ ഗുരുത്വാകർഷണത്തെ അതിജീവിച്ച് ചന്ദ്രനിലേക്ക് കുതിപ്പാരംഭിച്ചു. ചന്ദ്രന് ചുറ്റും പുതിയൊരു ഭ്രമണപഥത്തിൽ സഞ്ചരിക്കുമെന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രത്യേകത.

മുട്ടത്തോടിന്റെ ആകൃതിയിൽ ഒരു ഭാഗം ചന്ദ്രനോട് ഏറ്റവും അടുത്തും മറു ഭാഗം അകലെയുമായി സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തിലൂടെയാണ് ഉപഗ്രഹം ചന്ദ്രനെ വലം വെക്കുക. ന്യൂസിലൻഡിലെ മഹിയ ഉപദ്വീപിൽനിന്ന് ജൂൺ 28നാണ് റോക്കറ്റ് ലാബ് കമ്പനി കാപ്സ്റ്റോൺ ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണവാഹനമായ ഇലക്ട്രോൺ റോക്കറ്റിൽനിന്ന് വേർപെട്ട് ഫോട്ടോൺ എന്ന പേടകത്തിന്റെ സഹായത്തോടെയാണ് കാപ്സ്റ്റോൺ ഭൂമിയുടെ ഭ്രമണപഥം ഭേദിച്ചത്.

വളരെ കുറഞ്ഞ ഊർജത്തിൽ പ്രവർത്തിക്കുന്നതിനാൽ നാലു മാസമെടുത്ത് നവംബർ 13നേ ഈ ഉപഗ്രഹം ലക്ഷ്യത്തിലെത്തുകയുള്ളൂ. സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ലെന്നാണ് ദൗത്യത്തിലെ സുപ്രധാന കടമ്പകളിലൊന്ന് പൂർത്തിയാക്കിയതിൽ റോക്കറ്റ് ലാബ് സ്ഥാപകൻ പീറ്റർ ബക്ക് പ്രതികരിച്ചത്. താരതമ്യേന ചെലവ് കുറഞ്ഞ പദ്ധതി (ഏകദേശം 258 കോടി രൂപ) ബഹിരാകാശ പര്യവേക്ഷണത്തിലെ പുതിയ യുഗത്തിന് നാന്ദി കുറിച്ചെന്നും ബെക്ക് പറഞ്ഞു. പുതിയ ഭ്രമണപഥത്തിൽ ബഹിരാകാശ നിലയം സ്ഥാപിച്ച് അതിൽനിന്ന് പര്യവേക്ഷകർക്ക് ചന്ദ്രനിൽ ഇറങ്ങാൻ സാധിക്കുന്ന പദ്ധതിയാണ് നാസ വിഭാവനം ചെയ്യുന്നത്.

Tags:    
News Summary - NASA Artemis Moon Missions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.