ഭൂമിക്ക് ഇനി ഒന്നല്ല, രണ്ട് ചന്ദ്രന്മാർ; ആകാശത്ത് വിസ്മയം തീർത്ത് അതിഥിയായെത്തിയ മിനി മൂൺ
ഭൂമിക്ക് ഒരേയൊരു ചന്ദ്രനായിരുന്നു ഇത്രയുനാൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോളിതാ ഒരു കുഞ്ഞൻ ചന്ദ്രൻ കൂടി ഭൂമിക്ക് കൂട്ടായി എത്തിയിരിക്കുകയാണ്. ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽപ്പെട്ട് താൽക്കാലിക അതിഥിയായാണ് 2026 QQ8 എന്ന ഛിന്നഗ്രഹം ഭ്രമണപഥത്തിലെത്തിയിരിക്കുന്നത്.
നിലവിൽ ഇതൊരു മിനി മൂണായി ഭൂമിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് യാതൊരുവിധ ഭീഷണിയും ഉയർത്താത്ത ഈ അതിഥി 2026 ഡിസംബർ വരെ ഭൂമിക്കൊപ്പമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതിനുശേഷം ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും രക്ഷപ്പെട്ട് ഇത് വീണ്ടും സൂര്യന് ചുറ്റുമുള്ള അതിന്റെ സ്വതന്ത്ര യാത്ര തുടരും.
പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്തിൻ സ്ർനെക്സി ആണ് ഈ വർഷം ആഗസ്റ്റ് 20-ന് ഈ വസ്തുവിനെ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് മൈനർ പ്ലാനറ്റ് സെന്റർ ഇത് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ ഭ്രമണപഥം സംബന്ധിച്ച നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ തന്നെ ഇത് ഭൂമിയുടെ ഗുരുത്വാകർഷണ പരിധിയിൽ പ്രവേശിച്ചിരുന്നു എന്നാണ്. ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോൾ പോലും ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരത്തിന്റെ ഏകദേശം 1.5 മടങ്ങ് അകലെയായിരിക്കും ഇത് സ്ഥിതി ചെയ്യുക. അതിനാൽ ഭൂമിക്ക് ഇതിനാൽ യാതൊരുവിധ അപകടസാധ്യതയുമില്ല.
ആദ്യഘട്ടത്തിൽ ഇത് ഒരു സ്വാഭാവിക ഛിന്നഗ്രഹമാണോ അതോ പഴയ ഏതെങ്കിലും റോക്കറ്റിന്റെയോ ഉപഗ്രഹത്തിന്റെയോ അവശിഷ്ടമാണോ എന്ന സംശയം ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഹവായ് സർവകലാശാലയുടെ 2.2 മീറ്റർ ടെലിസ്കോപ്പും ലോവൽ ഡിസ്കവറി ടെലിസ്കോപ്പും ഉപയോഗിച്ച് നടത്തിയ തുടർനിരീക്ഷണങ്ങളിലൂടെ ഇത് പ്രകൃതിദത്തമായ ഒരു ഛിന്നഗ്രഹമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു.
ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന ചെറിയ ഛിന്നഗ്രഹങ്ങളെ ഭൂമിയുടെ ഗുരുത്വാകർഷണം വല്ലപ്പോഴും താൽക്കാലികമായി പിടിച്ചെടുക്കാറുണ്ട്. 2026 QQ8 എന്ന വസ്തു ഭൂമിയുടെ ഹിൽ സ്പിയർ മേഖലയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഗുരുത്വാകർഷണ വലയത്തിലായത്. ഇതിന്റെ ഭ്രമണപഥം തികഞ്ഞ വൃത്തത്തിലുള്ളതല്ല. പകരം വട്ടമിട്ട് കറങ്ങുന്ന വിചിത്രമായ പാതയിലൂടെയാണ് ഇത് സഞ്ചരിക്കുന്നത്. ഡിസംബറോടെ ഇത് ഭ്രമണപഥം വിട്ട് സൗരയൂതത്തിലേക്ക് തിരികെ മടങ്ങും.
ഏകദേശം പത്ത് വർഷത്തിലൊരിക്കൽ ഭൂമിയോട് അടുത്തെത്തുന്ന സ്വഭാവമുള്ളതാണ് ഈ ഛിന്നഗ്രഹം. ഇതിന് മുമ്പ് 1965-ലും ഇത് ഭൂമിക്ക് സമീപമെത്തിയിരുന്നെങ്കിലും അന്ന് ഗുരുത്വാകർഷണത്തിൽ പെട്ടിരുന്നില്ല. ഇനി 2058-ലായിരിക്കും ഇത് വീണ്ടും ഭൂമിക്ക് സമീപം എത്തുകയെന്നാണ് പ്രവചനം. ഭൂമിക്ക് ഇത്തരത്തിൽ താൽക്കാലിക അതിഥികളായി എത്തിയിട്ടുള്ള മറ്റ് ചെറിയ ചന്ദ്രന്മാരാണ് 2020 SO, 2020 CD3, 2024 PT5 എന്നിവ. എന്തായാലും നിലവിൽ ഭൂമിയുടെ ഏറ്റവും പുതിയ ആകാശക്കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ മിനി-മൂൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.