representational image

എൽ.വി.എം -3 റോക്കറ്റിന്‍റെ ഭാരശേഷി ഉയർന്നു, ക്രയോജനിക് എൻജിൻ പരീക്ഷണം വിജയകരം

ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ റോക്കറ്റായ 'എൽ.വി.എം -3' ന് വൻകരുത്ത് നൽകുന്ന ക്രയോജനിക് എൻജിൻ (സി.ഇ-20 ) വിജയകരമായി പരീക്ഷിച്ചു. ഇതിലൂടെ കൂടുതൽ ഭാരം ബഹിരാകാശത്തെത്തിക്കാൻ കഴിയും. തദ്ദേശീയമായി വികസിപ്പിച്ച എൻജിന്‍റെ പരീക്ഷണം ഐ.എസ്.ആർ.ഒയുടെ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ കേന്ദ്രത്തിലായിരുന്നു നടന്നത്.

ഈ ക്രയോജനിക് എൻജിന്‍റെ സഹായത്താൽ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കുന്ന എൽ.വി.എം -3ന്‍റെ (മാർക്ക് -III) ഭാരം വഹിക്കൽ ശേഷി 450 കിലോഗ്രാം വരെയാക്കി വർധിപ്പിക്കും. ആദ്യ ഘട്ടത്തിൽ തന്നെ 21.8 ടൺ ഭാരം വഹിക്കാൻ കഴിയുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. ഒരു അധിക പ്രൊപ്പലന്‍റിന്‍റെ സഹായത്തോടെയാണ് റോക്കറ്റിന്‍റെ എൻജിന് അധികഭാരം വഹിച്ച് മുന്നോട്ടു നീങ്ങാനാകുന്നത്.

മുമ്പുള്ള എൻജിനുകളിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തിയാണ് സി.ഇ.20 ക്രയോജനിക് എൻജിൻ സജ്ജമാക്കിയത്. റോക്കറ്റിനെ മുന്നോട്ടുകുതിക്കാൻ സഹായിക്കുന്ന ത്രസ്റ്റ് കൺട്രോൾ വാൽവിൽ (ടി.സി.വി) അടക്കം മാറ്റങ്ങൾ വരുത്തിയിരുന്നു.

ആദ്യമായി 3ഡി പ്രിന്‍റഡ് എൽ.ഒ.എക്സ്, എൽ.എച്ച് ടു ടർബൈൻ കവചം എന്നിവ സി.ഇ20 ക്രയോജനിക് എൻജിനിൽ ഉപയോഗിച്ചു എന്ന പ്രത്യേകതയുമുണ്ട്. ആദ്യത്തെ 40 സെക്കൻഡിൽ എൻജിൻ 20 ടൺ ഭാരം വഹിക്കാൻ സാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചു. തുടർന്ന് ശേഷി 21.8 ടൺ ആയി വർധിച്ചു.

പരീക്ഷണത്തിലെ മറ്റെല്ലാ ഘടകങ്ങളും പ്രതീക്ഷിച്ചതുപോലെ തൃപ്തികരമായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഈയടുത്ത് 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനായാണ് ഐ.എസ്.ആർ.ഒ എൽ.വി.എം -3 റോക്കറ്റ് പുറത്തിറക്കിയത്. വൺവെബ്, ഇൻസ്പേസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്.

1000 കോടിയിലധികം രൂപയുടെ കരാറാണ് ഇവരുമായി ഉണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെ 2023 ജനുവരിയിൽ പൂർണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിൽ നിർമിച്ച ക്രയോജനിക് എൻജിനുള്ള ജി.എസ്.എൽ.വി റോക്കറ്റ് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - LVM-3 rocket's weight capacity increased-cryogenic engine test successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.