ശ്രീഹരിക്കോട്ട: ഉയർന്ന സൗരോർജ്ജ പ്രവർത്തനങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് ബഹിരാകാശ അവശിഷ്ടങ്ങളെ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുമെന്ന് ഐ.എസ്.ആർ.ഒ. ബഹിരാകാശ ഏജൻസികൾക്ക് സുരക്ഷിതമായ ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് കരുതുന്നത്.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ 34 വർഷത്തിനിടെ 17 ബഹിരാകാശ മാലിന്യം ഭൂമിയെ വലംവെക്കുന്നതായി കണ്ടെത്തിയിരുന്നു. സൗരപ്രവർത്തനവും ബഹിരാകാശ മാലിന്യത്തിന്റെ കറക്കവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഐ.എസ്.ആർ.ഒ കണ്ടെത്തിയിരിക്കുന്നത്.
11 വർഷ ചക്രമാണ് സൂര്യന്റേത്. അതിൽ സൂര്യൻ ഏറ്റവും സജീവമായിരിക്കുന്ന സമയത്ത്, സൂര്യകളങ്കങ്ങൾ പെരുകുകയും തീവ്രതകൂടിയ വികിരണം പുറത്തേക്ക് വരികയും ചെയ്യും. ഇത് തെർമോസ്ഫിയർ എന്നറിയപ്പെടുന്ന ഭൂമിയുടെ അന്തരീക്ഷത്തിലെ ഉയർന്ന പാളിയെ ചൂടാക്കുന്നു. അതുമൂലം ഭൂമിയിൽ നിന്ന് 160 മുതൽ 2000 കിലോമീറ്റർ വരെ ഉയരത്തിൽ പരിക്രമണം ചെയ്യുന്ന കാലഹരണപ്പെട്ട ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും മന്ദഗതിയിലാവുകയും താഴ്ന്ന ഭ്രമണപഥത്തിലേക്ക് വലിച്ചിടപ്പെടുകയും ഒടുവിൽ അവയെ ഭൂമിയിലേക്ക് തിരികെ വീഴ്ത്തുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ.
‘സൂര്യൻ കൂടുതൽ സജീവമാകുമ്പോൾ ഭൂമിക്കുചുറ്റുമുള്ള ബഹിരാകാശ അവശിഷ്ടങ്ങൾ വളരെ വേഗത്തിൽ ഉയരത്തിൽനിന്ന് താഴുന്നുവെന്ന് കാണാൻ കഴിയും. ഇത് ഭാവിയിൽ സുസ്ഥിരമായ ബഹിരാകാശ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്നു’ -തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞയും എൻജിനീയറുമായ ആയിഷ എം. അഷ്‌റൂഫ് പറയുന്നു.
നേരത്തേ കണ്ടെത്തിയ 17 ബഹിരാകാശ മാലിന്യാവശിഷ്ടങ്ങൾ ഓരോ 90 മുതൽ 120 മിനിറ്റിലും ഭൂമിയെ വലംവച്ച് സഞ്ചരിക്കുന്നുവെന്നും സൗരോർജ്ജ പ്രവർത്തനങ്ങൾ തീവ്രമാകുമ്പോൾ ഇവ നിരവധി കിലോമീറ്റർ ഉയരം കുറയുന്നുണ്ടെന്നുമാണ് ഐ.എസ്.ആർ.ഒ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം 1986 മുതൽ 2024 വരെയുള്ള തുടർച്ചയായ മൂന്ന് സൗരചക്രങ്ങളിൽ ഈ പാറ്റേൺ നിരീക്ഷിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.