സെൻസറുകളും എഞ്ചിനും തകരാറിലായാൽ പോലും ചന്ദ്രയാൻ-3 ലക്ഷ്യ സ്ഥാനത്തെത്തും - ഐ.എസ്.ആർ.ഒ ചെയർമാൻ

എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ മൂന്ന് പേടകം ആഗസ്ത് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. നോൺ-പ്രൊഫിറ്റ് സംഘടനയായ ദിശ ഭാരത് ആതിഥേയത്വം വഹിച്ച ചന്ദ്രയാൻ-3 യെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“എല്ലാം പരാജയപ്പെട്ടാലും, എല്ലാ സെൻസറുകളും പ്രവർത്തനരഹിതമായാലും, എഞ്ചിനുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും, പ്രൊപ്പൽഷൻ സിസ്റ്റത്തിന് പ്രശ്നമൊന്നുമില്ലെങ്കിൽ പേടകത്തിന് (വിക്രം) ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ കഴിയും. അങ്ങനെയാണ് അത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിക്രമിലെ രണ്ട് എഞ്ചിനുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും, അതിന് നിലത്തിറങ്ങാൻ കഴിയുന്നതിനായുള്ള സാഹചര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്’’. - സോമനാഥ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ ചിറകിലേറ്റി ജൂലൈ 14 ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയിൽ നിന്നായിരുന്നു വിക്ഷേപണ വാഹനമായ എൽ.വി.എം 3 റോക്കറ്റിൽ ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഐ.എസ്.ആർ.ഒയുടെ 40 ദിവസം നീണ്ടുനിൽക്കുന്ന മൂന്നാം ചാന്ദ്രദൗത്യത്തിന് തുടക്കമാവുകയും ചെയ്തു.

ആഗസ്ത് ആറ് ഞായറാഴ്ച പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ചന്ദ്രന്‍റെ 164 കിലോമീറ്റർ അടുത്തും 18074 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലായിരുന്നു പേടകം വലം വെച്ചിരുന്നത്. ഇതിൽ നിന്ന് ഭ്രമണപഥം വീണ്ടും താഴ്ത്തുകയായിരുന്നു. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ചായിരുന്നു ഭ്രമണപഥം താഴ്ത്തിയത്. തുടർന്ന്, ചന്ദ്രന്‍റെ 170 കിലോമീറ്റർ അടുത്തും 4313 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിൽ പേടകം വലം വെച്ചു.

ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറക്കാൻ നാലു തവണ കൂടി ഭ്രമണപഥം താഴ്ത്തും. 100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്നതോടെ ആഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. തുടർന്ന് ചന്ദ്രന്‍റെ 100 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ അടത്തുമുള്ള ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് പ്രവേശിക്കും. ആഗസ്റ്റ് 23ന് ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുമെന്നാണ് കരുതുന്നത്.

Tags:    
News Summary - ISRO Chief: Chandrayaan-3 Will Accomplish Landing Despite Total Sensor Failure or Technical Glitches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.